പാരിസ് : ഈ മെഡല്‍ നേട്ടത്തിലൂടെ തന്‍റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുന്നുവെന്ന് പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ മനു ഭാക്കര്‍ എക്‌സില്‍ കുറിച്ചു. തന്‍റെ മാത്രമല്ല തന്‍റെ ഈ സ്വപ്‌ന നേട്ടത്തിനായി ഒപ്പം നിന്ന എല്ലാവരുടെയും സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത് എന്നും മനു ഭാക്കര്‍.
എന്‍ആര്‍എഐ, സായി, യുവജന-കായിക മന്ത്രാലയം, പരിശീലകന്‍ ജസ്‌പാല്‍ റാണ, ഹരിയാന സര്‍ക്കാര്‍, ഒജിക്യൂ ഇവരോടെല്ലാം താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും മനു കുറിച്ചു. ഈ വിജയം തന്‍റെ രാജ്യത്തിന്‍റെ നിസ്‌തുലമായ പിന്തുണയ്ക്കും സ്നേഹത്തിനും സമര്‍പ്പിക്കുന്നുവെന്നും മനു വ്യക്തമാക്കി.
Winning this medal is a dream come true, not just for me but for everyone who has supported me. I am deeply grateful to the NRAI, SAI, Ministry of Youth Affairs & Sports, Coach Jaspal Rana sir, Haryana government and OGQ. I dedicate this victory to my country for their incredible… pic.twitter.com/hnzGjNwUhv
— Manu Bhaker🇮🇳 (@realmanubhaker) July 28, 2024
ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഇതിലൂടെ മനു സ്വന്തമാക്കി. ഇത്തവണത്തെ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യമെഡല്‍ നേട്ടമാണ് മനുവിന്‍റേത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ വെങ്കലം വെടിവച്ചിട്ടത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് താരം വെങ്കലത്തിലേക്ക് മുന്നേറിയത്.
അഞ്ച് ഷോട്ടുകളുടെ ആദ്യ സീരീസിൽ 50.4 സ്‌കോര്‍ ചെയ്‌ത മനുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ സീരീസിൽ മൂന്ന് തവണ താരം 10ന് മുകളിൽ സ്‌കോര്‍ ചെയ്‌തിരുന്നു. 5 ഷോട്ടുകളുടെ രണ്ടാം സെറ്റിൽ, മനു തന്‍റെ സ്കോർ 100.3 ആയി ഉയർത്തി.
ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷമുള്ള എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്. ആകെ 221.7 പോയിന്‍റോടെയാണ് മനു ഭാക്കറിന്‍റെ മെഡല്‍ നേട്ടം. ഇതോടെ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി 22-കാരിയായ മനു ഭാക്കര്‍ മാറി. കൊറിയന്‍ താരങ്ങളാണ് ആദ്യ രണ്ട് സ്ഥാനം സ്വന്തമാക്കിയത്.
കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ പിസ്റ്റളിന് സാങ്കേതിക തകരാര്‍ വന്നതോടെ താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടിവന്നിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് അപ്പുറം വിധിയോടെ മധുര പ്രതികാരം നടത്തിയിരിക്കുകയാണ് താരം. ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ച കൂടിയാണ് മനു പാരിസില്‍ അവസാനിപ്പിച്ചിരിക്കുന്നത്. രാജ്യവർധൻ സിങ് റാത്തോഡ്, അഭിനവ് ബിന്ദ്ര, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവർക്ക് ശേഷം ഷൂട്ടിങ്ങില്‍ ഒളിമ്പിക്‌സ് മെഡൽ നേടുന്ന അഞ്ചാമത്തെ താരമാണ് മനു.
Also Read: മനു ഭാക്കറിന് വെങ്കലം; പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍