ലണ്ടൻ : പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ ജയവുമായി ആഴ്‌സണല്‍ (Arsenal), ലിവര്‍പൂള്‍ (Liverpool) ടീമുകള്‍. കഴിഞ്ഞ ദിവസം നടന്ന ലീഗിലെ 25-ാം റൗണ്ട് മത്സരത്തില്‍ ബേണ്‍ലി, ബ്രെന്‍റ്ഫോര്‍ഡ് ടീമുകളെയാണ് വമ്പന്മാര്‍ തകര്‍ത്തത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിലയുറപ്പിക്കാനും ഇരുടീമിനുമായി.
ആഴ്‌സണല്‍ ഗോള്‍മഴ: എവേ മത്സരത്തിലാണ് ആഴ്‌സണല്‍ എതിരാളികളായ ബേണ്‍ലിയെ പരാജയപ്പെടുത്തിയത്. ബേണ്‍ലിയുടെ തട്ടകമായ ടര്‍ഫ് മൂറില്‍ നടന്ന മത്സരം എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു സന്ദര്‍ശകരായ പീരങ്കിപ്പട ജയിച്ചത് (Burnley vs Arsenal Result). മത്സരത്തിന്‍റെ നാലാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡാണ് ഗോള്‍ വേട്ട തുടങ്ങിവച്ചത്.
41-ാം മിനിറ്റില്‍ ബുക്കായോ സാക്ക പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി. ആദ്യ പകുതിയില്‍ ഈ രണ്ട് ഗോളുകള്‍ മാത്രമായിരുന്നു ആഴ്‌സണല്‍ അടിച്ചത്. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ തന്നെ സാക്ക വീണ്ടും ബേണ്‍ലിയുടെ വലയില്‍ പന്തെത്തിച്ചു.
47-ാം മിനിറ്റിലായിരുന്നു സാക്ക രണ്ടാമതും ആഴ്‌സണലിനായി മത്സരത്തില്‍ ഗോള്‍ നേടിയത്. ലിയാന്‍ഡ്രോ ട്രോസാര്‍ഡിലൂടെ മത്സരത്തിന്‍റെ 66-ാം മിനിറ്റില്‍ ആഴ്‌സണല്‍ ലീഡ് നാലാക്കി ഉയര്‍ത്തി. 78-ാം മിനിറ്റില്‍ ഹാവര്‍ട്‌സിലൂടെയാണ് സന്ദര്‍ശകര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും ആഴ്‌സണലിനായി. ലീഗിലെ 25 മത്സരങ്ങളില്‍ നിന്നും 17 ജയം സ്വന്തമാക്കിയ ആഴ്‌സണലിന് നിലവില്‍ 55 പോയിന്‍റാണുള്ളത്.
ബ്രെന്‍റ്‌ഫോര്‍ഡിനെ തകര്‍ത്ത് ലിവര്‍പൂള്‍: മടങ്ങിവരവില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ഗോള്‍ നേടിയ മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത് (Brentford vs Liverpool Result). സലായ്‌ക്ക് പുറമെ ഡാര്‍വിന്‍ ന്യൂനസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, കോഡി ഗാപ്‌കോ എന്നിവരും ലിവര്‍പൂളിനായി ഗോള്‍ നേടി. ഇവാന്‍ ടോണിയാണ് മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനായി ആശ്വാസഗോള്‍ കണ്ടെത്തിയത്.
35-ാം മിനിറ്റിലായിരുന്നു ലിവര്‍പൂള്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. ഡാര്‍വിൻ ന്യൂനസായിരുന്നു ഗോള്‍ സ്കോറര്‍. രണ്ടാം പകുതിയിലാണ് പിന്നീടുള്ള മൂന്ന് ഗോളും സന്ദര്‍ശകര്‍ ആതിഥേയരുടെ വലയില്‍ എത്തിച്ചത്.
മാക് അലിസ്റ്റര്‍ 55-ാം മിനിറ്റിലും മൊഹമ്മദ് സലാ 68-ാം മിനിറ്റിലും ലിവര്‍പൂളിന്‍റെ ലീഡ് ഉയര്‍ത്തി. 75-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ബ്രെന്‍റ്‌ഫോര്‍ഡിന്‍റെ ഏക ഗോള്‍ പിറന്നത്. 86-ാം മിനിറ്റിലായിരുന്നു ഗാപ്‌കോ ലിവര്‍പൂളിന്‍റെ നാലാം ഗോള്‍ കണ്ടെത്തിയത്.
പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ലിവര്‍പൂള്‍. 25 മത്സരങ്ങളില്‍ നിന്നും 57 പോയിന്‍റാണ് ടീമിനുള്ളത്.
Also Read : എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക് ചെല്‍സിയുടെ 'സമനിലപൂട്ട്'