മുംബൈ : ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ റിങ്കു സിങ്ങിന്‍റെ അഭാവം വലിയ ചര്‍ച്ചയാവുകയാണ്. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാതിരുന്ന റിങ്കുവിനെ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെലക്‌ടര്‍മാരുടെ പ്രസ്‌തുത തീരുമാനത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്‌ടറും താരവുമായിരുന്ന കൃഷ്‌ണമാചാരി ശ്രീകാന്ത്.
ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരമാണ് റിങ്കു. മറ്റാരെ ഒഴിവാക്കിയിട്ടാണെങ്കിലും താരത്തെ ടീമില്‍ എടുക്കണമായിരുന്നുവെന്നാണ് ശ്രീകാന്ത് പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച് തന്‍റെ യൂട്യൂബ് ചാനലിലെ ശ്രീകാന്തിന്‍റെ പ്രതികരണം ഇങ്ങനെ.
"ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പില്‍ ഞാന്‍ ഒട്ടും സന്തുഷ്‌ടനല്ല. ലോകമെമ്പാടും ചര്‍ച്ചയായ പേരാണ് റിങ്കുവിന്‍റേത്. തനിക്ക് ലഭിച്ച ഓരോ അവസരത്തിലും അവൻ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്.
അങ്ങനെയുള്ള ഒരു താരത്തെ എങ്ങനെയാണ് നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയുക. മറ്റാരെ ഒഴിവാക്കിയിട്ടാണെങ്കിലും നിങ്ങള്‍ക്ക് അവനെ ടീമില്‍ എടുക്കാമായിരുന്നു. റിങ്കു ടീമില്‍ വേണമായിരുന്നുവെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. അതിപ്പോ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കിയിട്ടാണെങ്കിലും വേണ്ടിയിരുന്നില്ല" - കൃഷ്‌ണമാചാരി ശ്രീകാന്ത് പറഞ്ഞു.
നാല് സ്പിന്നർമാരെ ടീമിലെടുക്കുന്നതിനായി റിങ്കുവിനെ ഒഴിവാക്കിയതിന് പിന്നിലെ യുക്തിയും ശ്രീകാന്ത് ചോദ്യം ചെയ്തു. തിരഞ്ഞെടുക്കലിനെ മെറിറ്റ് അല്ലാതെ മറ്റ് ഘടകങ്ങൾ സ്വാധീനിച്ചിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. "റിങ്കു ദക്ഷിണാഫ്രിക്കയിൽ മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ രോഹിത് സെഞ്ചുറി നേടിയ ആ മത്സരം നിങ്ങള്‍ ഓർക്കുന്നുണ്ടോ?. ഇന്ത്യ 4 വിക്കറ്റിന് 22 എന്ന നിലയില്‍ പതറുമ്പോഴായിരുന്നു അവന്‍ ക്രീസിലേക്ക് എത്തുന്നത്.
പിന്നീട് രോഹിത്തിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ 212 റൺസിലേക്ക് എത്തിച്ചു. റിങ്കുവിന്‍റെ ആ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. ഇന്ത്യയ്‌ക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം തന്‍റെ കഴിവിന്‍റെ പരമാവധി പ്രകടനം അവന്‍ നടത്തിയിട്ടുണ്ട്.
ഈ ടീം തിരഞ്ഞെടുപ്പ് മണ്ടത്തരമാണ്. റിങ്കുവിനെ ഒഴിവാക്കി നാല് സ്‌പിന്നര്‍മാരെ ടീമില്‍ എടുത്തതിന്‍റെ യുക്തി എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കുറച്ച് ആളുകളെ പ്രീതിപ്പെടുത്താനുള്ള തിരഞ്ഞെടുപ്പാണിത്. അതിനായി റിങ്കു സിങ്ങിനെ ബലിയാടാക്കി" - കൃഷ്‌ണമാചാരി ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
സമീപ കാലത്ത് ഇന്ത്യയ്‌ക്കായി നടത്തിയ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ റിങ്കു ടീമില്‍ വേണമായിരുന്നുവെന്ന് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.