പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിക്കൊണ്ട് അഭിമാനമായിരിക്കുകയാണ് മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലമാണ് മനു ഭാക്കര്‍ വെടിവച്ചിട്ടത്. 22-കാരിയായ മനു ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയ സ്വദേശിയാണ്.
താരം ഷൂട്ടിങ്ങിലേക്ക് എത്തിയ കഥ വളരെ രസകരമാണ്. മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനായ അച്ഛൻ രാം കിഷൻ ഭാക്കര്‍ക്കൊപ്പം തന്‍റെ കുട്ടിക്കാലത്ത് ഒരു ഷൂട്ടിങ് റേഞ്ചില്‍ ചുറ്റിയടിക്കുകയായിരുന്നു മനു. രസം കറിയ താരവും ഷൂട്ടിങ് പരീക്ഷിക്കാനിറങ്ങി. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് മനുവിന്‍റെ ആദ്യ ഷോട്ട് തന്നെ പതിച്ചത് കൃത്യമായ ലക്ഷ്യത്തിലായിരുന്നു. ഇതു കണ്ട ഏവരും അമ്പരന്നു.
മകളുടെ കഴിവ് തിരിച്ചറിഞ്ഞ അച്ഛൻ അവളെ ഏറെ പ്രോത്സാഹിപ്പിച്ചു. കൂടാതെ, പരിശീലനത്തിനായി ഗണ്ണും വാങ്ങി നല്‍കി. പിന്നീട് ദേശീയ പരിശീലകൻ ജശ്‌പാൽ റാണയാണ് മനുവിനെ ഷൂട്ടിങ്ങിന്‍റെ തന്ത്രങ്ങൾ പഠിപ്പിച്ചത്. ഷൂട്ടിങ് റേഞ്ചിലേക്ക് എത്തിപ്പെടും മുമ്പ് കരാട്ടെ, സ്കേറ്റിങ്, നീന്തൽ, ടെന്നീസ് എന്നിവയിലായിരുന്നു മനു പരീക്ഷണം നടത്തിയത്. കരാട്ടെയിൽ ദേശീയ മെഡൽ ജേതാവ് കൂടിയാണ് മനു. സ്കേറ്റിങ്ങില്‍ സംസ്ഥാന മെഡൽ നേടിയിട്ടുണ്ട്. സ്‌കൂളിൽ നീന്തൽ, ടെന്നീസ് എന്നിവയിലും പങ്കെടുത്തിരുന്നു.
രാജ്യം നല്‍കിയ സ്‌നേഹത്തിന്‍റെ ഫലം: പാരിസില്‍ മനുവിന്‍റെ മെഡല്‍ നേട്ടത്തിന് പിന്നാലെ താരത്തിന്‍റെ അമ്മ സുമേധ ഭാക്കർ, ഇടിവി ഭാരതുമായി സംസാരിച്ചു. മകളുടെ നേട്ടത്തില്‍ വളരെ അധികം സന്തോഷിക്കുന്നു. രാജ്യം നല്‍കിയ സ്‌നേഹത്തിന്‍റെ ഫലമാണിത്. സ്വര്‍ണം ലഭിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നല്ലതായിരുന്നു.
വെങ്കലം നേടിക്കൊണ്ട് അവള്‍ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്. സന്തോഷം അടക്കാനാവുന്നില്ല. ഇന്ന് രാജ്യം മുഴുവനും അവളെ ഓര്‍ത്ത് അഭിമാനം കൊള്ളുകയാണ്. നിരവധി ആളുകള്‍ അഭിനന്ദനം അറിയിക്കുന്നുണ്ട്. മക്കള്‍ ഒരു ഒളിമ്പിക് മെഡല്‍ നേടുക എന്നത് എല്ലാ മാതാപിതാക്കളുടെയും സ്വപ്‌നമാണ്. എന്‍റെ മകള്‍ ഇന്നത് സഫലമാക്കി.
ഷൂട്ടിങ് ഉപേക്ഷിക്കാനൊരുങ്ങി: 20021-ലെ ടോക്കിയോ ഒളിമ്പിക്‌സിന് പിന്നാലെ മനു ഷൂട്ടിങ് ഉപേക്ഷിക്കാന്‍ ഒരുങ്ങിയിരുന്നതായി അച്ഛന്‍ രാം കിഷന്‍ വെളിപ്പെടുത്തി. പിസ്റ്റളിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടോക്കിയോയില്‍ മനുവിന് തന്‍റെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അത്രയേറെ പ്രതീക്ഷകളുമായി നില്‍ക്കുമ്പോള്‍ അങ്ങനെ സംഭവിച്ചാല്‍ ആരായാലും തകര്‍ന്ന് പോകും. എന്നാല്‍ തങ്ങള്‍ അവളെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഷൂട്ടിങ്ങില്‍ ചരിത്രം തീര്‍ത്ത വെങ്കലം; മനുവിനിത് മധുര 'പ്രതികാരം' - Manu Bhaker Olympics record
പിസ്റ്റള്‍ ചേര്‍ത്തുപിടിച്ച് ഉറക്കം: തന്‍റെ മകൾക്ക് തോക്കിനോട് വലിയ ഇഷ്‌ടമാണെന്ന് സുമേധ ഭാക്കർ പറയുന്നു. തലയണയ്‌ക്കൊപ്പം പിസ്റ്റള്‍ ചേര്‍ത്ത് പിടിച്ചായിരുന്നു അവള്‍ ഉറങ്ങിയിരുന്നത്. ഷൂട്ടിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ മനു ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷക്കാലം മനു ഒരു ആഘോഷങ്ങളിലും പങ്കെടുത്തിട്ടില്ല. ശ്രദ്ധ പൂര്‍ണമായും ഷൂട്ടിങ്ങിലായിരുന്നു. ഒളിമ്പിക്‌സിനായി ദിവസവും എട്ട് മണിക്കൂറാണ് അവള്‍ പരിശീലനം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.