വിശാഖപട്ടണം : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരം പരാജയപ്പെട്ടെങ്കിലും ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി വാങ്ങുകയാണ് ഡല്‍ഹി കാപിറ്റല്‍സിന്‍റെ പേസര്‍ ഇഷാന്ത് ശര്‍മ. മത്സരത്തില്‍ ആന്ദ്രേ റസലിനെ പുറത്താക്കിയ ഇഷാന്തിന്‍റെ പന്താണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ തരംഗമായിരിക്കുന്നത്. കൊല്‍ക്കത്തയുടെ ഇന്നിങ്‌സിന്‍റെ 20-ാം ഓവറിലായിരുന്നു റസലിന്‍റെ പുറത്താകല്‍.
ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് പടുകൂറ്റൻ സ്കോറായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിച്ചെടുത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ കെകെആര്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 272 റണ്‍സ് നേടി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്.
ഈ സീസണില്‍ മുംബൈ ഇന്ത്യൻസിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടിച്ചുകൂട്ടിയ 277 റണ്‍സാണ് പട്ടികയില്‍ ഒന്നാമത്. ഡല്‍ഹിക്കെതിരെയ മത്സരത്തില്‍ സുനില്‍ നരെയ്‌ൻ (85), അംഗ്‌കൃഷ് രഘുവൻഷി (54), ആന്ദ്രേ റസല്‍ (41) എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടിന്‍റെ മികവിലായിരുന്നു കൂറ്റൻ സ്കോര്‍ കൊല്‍ക്കത്ത പടുത്തുയര്‍ത്തിയത്. ഒരുഘട്ടത്തില്‍ സണ്‍റൈസേഴ്‌സിന്‍റെ റെക്കോഡ് കൊല്‍ക്കത്ത തകര്‍ക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇഷാന്ത് ശര്‍മയാണ് ഹൈദരാബാദിന്‍റെ റെക്കോഡ് സുരക്ഷിതമാക്കി ഡല്‍ഹിയെ വലിയൊരു നാണക്കേടില്‍ നിന്നും രക്ഷിച്ചത്.
19 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 264-6 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത. ഈ സമയത്താണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് റിഷഭ് പന്ത് ബൗളിങ് നല്‍കുന്നത്. അവസാന ഓവറിലേക്ക് എത്തുന്നതിന് മുന്‍പ് രണ്ട് ഓവര്‍ പന്തെറിഞ്ഞ ഇഷാന്ത് 35 റണ്‍സ് വഴങ്ങിയിരുന്നു.
അവസാന ഓവര്‍ എറിയാൻ ഇഷാന്ത് ശര്‍മയെത്തുമ്പോള്‍ കെകെആറിന്‍റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ആയിരുന്നു ക്രീസില്‍. 18 പന്തില്‍ 41 റണ്‍സായിരുന്നു അതുവരെ റസലിന്‍റെ ബാറ്റില്‍ നിന്നും പിറന്നിരുന്നത്. ആദ്യ രണ്ട് ഓവറില്‍ 17ന് മുകളില്‍ എക്കോണമി റേറ്റില്‍ റണ്‍സ് വഴങ്ങിയ ഇഷാന്തിനെ റസല്‍ നിലം തൊടാതെ പറപ്പിക്കുമെന്നായിരുന്നു കളി കണ്ടിരുന്നവര്‍ കരുതിയത്.
എന്നാല്‍, ആ കണക്ക് കൂട്ടലുകള്‍ എല്ലാം തെറ്റിക്കുന്നതായിരുന്നു 20-ാം ഓവറിലെ ഇഷാന്തിന്‍റെ ആദ്യ പന്ത്. 35കാരനായ താരത്തിന്‍റെ 144 കിമീ വേഗതയില്‍ എത്തിയ യോര്‍ക്കറിന് മറുപടി നല്‍കാൻ റസലിന് സാധിച്ചില്ല. വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്ലീൻ ബൗള്‍ഡ്. എട്ട് റണ്‍സ് മാത്രമായിരുന്നു മത്സരത്തിന്‍റെ 20-ാം ഓവറില്‍ ഇഷാന്ത് വിട്ടുകൊടുത്തത്. റസലിനെ കൂടാതെ കൊല്‍ക്കത്തയുടെ രമണ്‍ദീപ് സിങ്ങിന്‍റെ വിക്കറ്റും താരം നേടി.
അതേസമയം, ഡല്‍ഹി 106 റണ്‍സിനാണ് മത്സരം പരാജയപ്പെട്ടത്. 273 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ അവര്‍ 17.2 ഓവറില്‍ 166 റണ്‍സില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു.