മുംബൈ : വാര്‍ഷിക കരാറില്‍ നിന്നും ഇന്ത്യൻ യുവതാരങ്ങളായ ഇഷാൻ കിഷൻ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി മുന്‍ താരം ഇര്‍ഫാന്‍ പത്താൻ (Irfan Pathan). ദേശീയ ടീമിനൊപ്പം കളിക്കാത്ത സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ റെഡ് ബോള്‍ മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ (BCCI) നിര്‍ദേശം ഇഷാനും ശ്രേയസും പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും കരാറില്‍ നിന്നും ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സാഹചര്യത്തില്‍, ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ (Hardik Pandya) പോലുള്ള താരങ്ങളോട് എന്തുകൊണ്ട് ആഭ്യന്തര ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിക്കാൻ നിര്‍ദേശം നല്‍കുന്നില്ലെന്നാണ് ഇര്‍ഫാൻ പത്താൻ ഉന്നയിച്ച പ്രധാന ചോദ്യം (Irfan Pathan On BCCI Central Contract).
'നല്ല കഴിവുള്ള രണ്ട് താരങ്ങളാണ് ശ്രേയസ് അയ്യരും ഇഷാൻ കിഷനും. അവര്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാൻ താത്പര്യമില്ലാത്ത ഹാര്‍ദിക് പാണ്ഡ്യയെ പോലെ നിരവധി താരങ്ങളുണ്ട്.
ദേശീയ ടീമിനൊപ്പം അല്ലാത്ത സാഹചര്യത്തില്‍ അവരും ആഭ്യന്തര ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിക്കേണ്ടതില്ലേ? ഈ നടപടി എല്ലാവര്‍ക്കും ബാധകമല്ലെങ്കില്‍ ഇന്ത്യൻ ക്രിക്കറ്റ് ഒരിക്കലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കില്ല'- ഇര്‍ഫാൻ പത്താൻ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ഷിക കരാര്‍ പട്ടികയില്‍ ഗ്രേഡ് എ യിലാണ് ഹാര്‍ദിക് പാണ്ഡ്യ സ്ഥാനം പിടിച്ചത് (BCCI Central Contract Grade A Players). രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശുഭ്‌മാൻ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഗ്രേഡ് എയിലെ മറ്റ് താരങ്ങള്‍. ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ശേഷം ഇന്ത്യയ്‌ക്കായി ഒരു മത്സരം പോലും ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കളിക്കാനായിട്ടില്ല (Hardik Pandya Injury).
2018ല്‍ ആയിരുന്നു ഹാര്‍ദിക് പാണ്ഡ്യ അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനിറങ്ങിയത്. ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ നിന്നും തനിക്ക് പരിക്ക് പറ്റാൻ സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് താരം ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നത്.
Also Read : അയ്യറും കിഷനും മാത്രമല്ല, ബിസിസിഐ 'വെട്ടി'യത് ഇവരുടെ പേരുകളും