വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന് ശക്തമായി തന്നെ തിരിച്ചുവരാന്‍ സാധിക്കുമെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ (Irfan Pathan Backs Team India). അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്. പരമ്പരയിലെ രണ്ടാം മത്സരത്തിന് വേണ്ടി നാളെ ഇന്ത്യന്‍ ടീം വിശാഖപട്ടണത്ത് ഇറങ്ങാനിരിക്കെയാണ് ഇര്‍ഫാന്‍ പഠാന്‍റെ പ്രതികരണം (India vs England 2nd Test).
'ഹൈദരാബാദില്‍ ടീം ഇന്ത്യയുടെ തോല്‍വി എന്നെ ഞെട്ടിക്കുന്നതായിരുന്നു. ഞാന്‍ കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു ആ സമയത്ത്. വിമാനത്തിനുള്ളിലേക്ക് കയറുമ്പോള്‍ 200 റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ഞാന്‍ കൊല്‍ക്കത്തയില്‍ എത്തിയപ്പോഴേക്കും ഇന്ത്യ കളി തോറ്റു. മത്സരഫലം കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്നാല്‍, പരമ്പരയിലേക്ക് ഇന്ത്യന്‍ ടീമിന് ശക്തമായി തന്നെ തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റതിന് നമ്മുടെ ബൗളര്‍മാര്‍ മോശം എന്നല്ല അര്‍ഥമുള്ളത്. പല സാഹചര്യങ്ങളിലും തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിട്ടുള്ളവരാണ് അവരെല്ലാം. ചില തോല്‍വികള്‍ ടീമുകള്‍ക്ക് പുതിയ പാഠങ്ങള്‍ സമ്മാനിക്കുന്നു.
ഇന്ത്യയ്‌ക്ക് വരുന്ന മത്സരങ്ങള്‍ ജയിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ഇന്ത്യയുടെ ശക്തി എത്രത്തോളമുണ്ടെന്ന് ഞാന്‍ പരമ്പരയ്‌ക്ക് മുന്‍പ് തന്നെ പറഞ്ഞിരുന്നു. ആ ആത്മവിശ്വാസം എനിക്ക് ഇപ്പോഴുമുണ്ട്'- ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 28 റണ്‍സിനാണ് പരാജയപ്പെട്ടത് (India vs England 1st Test Match Result). ഇംഗ്ലണ്ട് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം രണ്ടാം ഇന്നിങ്‌സില്‍ പിന്തുടര്‍ന്ന ഇന്ത്യ 202 റണ്‍സില്‍ പുറത്താകുകയായിരുന്നു. 190 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയതിന് ശേഷമായിരുന്നു ടീം ഇന്ത്യ ഹൈദരാബാദില്‍ മത്സരം കൈവിട്ടത്.
Also Read : വിശാഖപട്ടണത്ത് അരങ്ങേറ്റം ആര്‍ക്ക് ? ; ഇന്ത്യന്‍ ടീം ബാറ്റിങ് പരിശീലകന്‍റെ മറുപടി ഇങ്ങനെ
അതേസമയം, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഇല്ലാതെയാണ് ടീം ഇന്ത്യ നാളെ വിശാഖപട്ടണത്ത് രണ്ടാം മത്സരത്തിനായി ഇറങ്ങുന്നത്. ഹൈദരാബാദിലെ ആദ്യ മത്സരത്തിനിടെ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ഇവരുടെ അഭാവത്തില്‍ സര്‍ഫറാസ് ഖാന്‍ (Sarfaraz Khan), രജത് പടിദാര്‍ (Rajat Patidar) എന്നിവര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരം കാത്തിരിക്കുകയാണ്.