മീററ്റ് (ഉത്തര്‍പ്രദേശ്): കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണനേട്ടവുമായി കായിക ലോകത്തിന്‍റെ വെള്ളി വെളിച്ചത്തിലേക്ക് കടന്ന് വന്ന താരമാണ് അന്നുറാണി. ഏറെ കഷ്‌ടതകളോട് പൊരുതിയാണ് അന്നു അന്താരാഷ്‌ട്ര തലത്തില്‍ നേട്ടം കൊയ്‌തത്. പണമില്ലാത്തതിനാൽ മുളവടികളും കരിമ്പിന്‍ തണ്ടും എറിഞ്ഞ് പരിശീലിക്കാൻ നിർബന്ധിതയായ ഒരു ഭൂതകാലം മീററ്റുകാരിയായ അന്നുവിനുണ്ടായിരുന്നു.
തന്‍റെ കഠിനപ്രയത്നത്തിലൂടെ ജാവലിനിലെ മികച്ച അത്‌ലറ്റുകളിൽ ഒരാളായി മാറാന്‍ താരത്തിന് കഴിഞ്ഞു. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്നുവും കളത്തിലിറങ്ങുന്നുണ്ട്. നേരത്തെ, വീട്ടകങ്ങളില്‍ മാത്രമായി ഒതുങ്ങിക്കൂടിയിരുന്നവരായിരുന്നു ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും പെണ്‍കുട്ടികള്‍. എന്നാല്‍ ഇന്ന് കായികവേദികളില്‍ ഇവരില്‍ പലരും സ്വര്‍ണം വിളയിച്ചെടുക്കുന്നു. അന്നു റാണി എന്ന താരത്തിനും ഇതുപോലൊരു അതിജീവന കഥയാണ് പറയാനുള്ളത്.
ബഹദൂര്‍പൂര്‍ നിവാസിയാണ് അന്നുറാണി. കര്‍ഷകനായ അമര്‍പാല്‍ സിങിന്‍റെ മകളാണ് അന്നു. ഇപ്പോഴിതാ പരിസില്‍ നിന്നും മെഡലുമായി അന്നുവിന് തിരികെ മടങ്ങാനാവുമെന്ന പ്രതീക്ഷ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് ബന്ധുക്കള്‍. പുത്തനൊരു ജാവലിന്‍ വാങ്ങാനുള്ള പണമില്ലാത്തതിനാല്‍ മകള്‍ മുള വടിയും കരിമ്പിന്‍ തണ്ടുകളുമാണ് പരിശീലനത്തിന് ഉപയോഗിച്ചിരുന്നതെന്ന് അമ്മ മുന്നി ദേവി പറയുന്നു. പിതാവിന് ആദ്യമൊക്കെ മകളുടെ കായിക പ്രേമത്തോട് എതിര്‍പ്പായിരുന്നു. എന്നാല്‍ ഇന്ന് അവള്‍ക്ക് ശക്തമായ പിന്തുണയുമായി അദ്ദേഹം ഒപ്പമുണ്ട്.
മകള്‍ വീടിന് പുറത്ത് പോയി കളിക്കുന്നതിനോടും അതൊരു തൊഴിലായി മാറ്റുന്നതിനോടും തനിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ മകള്‍ തന്‍റെ ആഗ്രഹം പിതാവിനോട് വെളിപ്പെടുത്തിയതോടെ അദ്ദേഹം ആവശ്യമായ പിന്തുണ നല്‍കുകയായിരുന്നു. മകള്‍ അന്നുവിന്‍റെ പേരില്‍ ആളുകള്‍ തന്നെ തിരിച്ചറിയുന്നതിന്‍റെ സന്തോഷവും അമര്‍പാല്‍ പങ്കുവയ്ക്കുന്നു.
ആദ്യം അന്നുവിന് ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലുമായിരുന്നു താത്പര്യം. എന്നാല്‍ അവളുടെ പരിശീലകനാണ് അവള്‍ക്ക് ജാവലിന്‍ ത്രോ ആയിരിക്കും നന്നായിരിക്കുക എന്ന ഉപദേശം നല്‍കുന്നത്. തുടര്‍ന്നാണ് അവള്‍ ആ മേഖലയില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നത്. ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ മെഡലുകളാണ് താരം വാരിക്കൂട്ടിയിട്ടുള്ളത്.
ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ കുട്ടിപ്പാവാടകള്‍ ധരിക്കുകയോ ചെയ്യാതിരുന്ന സമയത്ത് പുലര്‍ച്ചെ നാല് മണിക്ക് ഓടാനും പരിശീലനങ്ങള്‍ക്കുമായി പുറത്ത് പോകുകയും സന്ധ്യയോടെ മാത്രം തിരികെ വീട്ടിലെത്തുകയും ചെയ്യുന്ന ഒരു കാലം മകള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നു.
വളര്‍ന്ന് വരുന്ന പല കായികതാരങ്ങള്‍ക്കുമുള്ള പ്രചോദനമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ അന്നു. അന്നുവിന് രക്ഷാബന്ധന്‍ വേളയില്‍ പലയിടത്ത് നിന്നും കൊറിയറില്‍ രാഖികള്‍ വരാറുണ്ടെന്നും അന്നുവിന്‍റെ സഹോദരന്‍ പറയുന്നു. ഇന്ത്യയ്ക്ക് വേണ്ടി അന്നു അടുത്തമാസം ഏഴിനാണ് അന്നു കളത്തിലിറങ്ങുക.