ഷാര്‍ജ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി അഫ്‌ഗാനിസ്ഥാന്‍. മിന്നുന്ന വിജയത്തിലൂടെ ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത ഞെട്ടല്‍ നല്‍കി അഫ്‌ഗാന്‍. ഷാർജയില്‍ നടന്ന പരമ്പരയില്‍ ഒരു ഏകദിനം കൂടി ശേഷിക്കെ അഫ്‌ഗാനിസ്ഥാന്‍ 2-0ന് പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇതാദ്യമായാണ് ടീം ഏകദിന പരമ്പര നേടുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് അഫ്‌ഗാന്‍ താരങ്ങൾ കാഴ്ചവെച്ചത്. 177 റൺസിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ അഫ്‌ഗാന്‍റെ വിജയം. റാഷിദ് ഖാൻ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. കൂടാതെ റഹ്മാനുള്ള ഗുർബാസ് സെഞ്ച്വറിയുമായി തിളങ്ങി.
രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ അഫ്‌ഗാന്‍ ആദ്യം ബാറ്റ് ചെയ്‌തു. നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് ടീം നേടിയത്. ഓപ്പണർ റഹ്മാനുള്ള ഗുർബാസ് 105 റൺസെടുത്ത് ടീമിനെ മികച്ച സ്‌കോറിലെത്തിച്ചു. അസ്മത്തുള്ള ഒമർസായി 86 റൺസും റഹ്മത്ത് ഷാ 50 റൺസും നേടി. ഇതോടെ അഫ്‌ഗാന് കൂറ്റൻ സ്കോർ നേടാനായി.
പിന്നാലെ 312 റൺസിന്‍റെ വിജയലക്ഷ്യവുമായാണ് ദക്ഷിണാഫ്രിക്ക രംഗത്തിറങ്ങിയത്. തുടക്കത്തിലേ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. നിശ്ചിത 34.2 ഓവറിൽ 134 റൺസിന് ടീം പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ടെംബ ബാവുമ 38 റൺസ് നേടി. അഫ്ഗാനിസ്ഥാന് വേണ്ടി ഖരോട്ടെ 4 വിക്കറ്റ് വീഴ്ത്തി. മികച്ച പ്രകടനം കാഴ്ചവെച്ച റാഷിദ് ഖാനാണ് മാൻ ഓഫ് ദ മാച്ച്. മൂന്ന് മത്സരങ്ങളുടെ പരമ്പരയുടെ അവസാന ഏകദിനം ഞായറാഴ്ച ഷാർജയിൽ നടക്കും.
Also Read: ചാമ്പ്യൻസ് ലീഗ് ആദ്യഘട്ട മത്സരങ്ങള്‍ അവസാനിച്ചു, ബാഴ്‌സലോണക്ക് തോൽവി - Champions League