സ്‌ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചിൽ. പല ഘടകങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. താരൻ, തൈറോയ്‌ഡ് പ്രശ്‌നങ്ങൾ, പോഷകകുറവ് എന്നിവയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാക്കും. എന്നാൽ ഹെയർ സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയേണുകൾ, ഹെയർ ഡ്രയറുകൾ എന്നീവയുടെ അമിത ഉപയോഗം മുടി പൊട്ടാൻ ഇടയാക്കും. ഇത് തടയാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കറ്റാർവാഴ
ഒരു പ്രകൃതിദത്ത മോയ്‌സ്‌ചറൈസറാണ് കറ്റാർവാഴ. മുടിയിൽ ജലാംശം നിലനിർത്താനും മുടി പൊട്ടുന്നത് തടയാനും കറ്റാർവാഴ മുടിയിൽ തേയ്ക്കുന്നത് ഗുണകരമാണ്.
നെല്ലിക്ക
നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഉത്തമമാണ്. അതിനാൽ ഉണക്കിയ നെല്ലിക്കയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടുക. നെല്ലിക്ക പതിവായി കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ഹെന്ന
ഇടയ്ക്കിടെ ഹെന്ന ചെയ്യുന്നത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കും. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഹെന്ന നല്ലതാണ്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ പുരട്ടുന്നത് മുടി പൊട്ടുന്നത് തടയാൻ വളരെയധികം സഹായിക്കും. രാത്രി കിടക്കുന്നതിന് മുൻപ് തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുക. പിറ്റേന്ന് രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
എള്ളെണ്ണ
മുടിയുടെ ആരോഗ്യം നിലനിർത്താൻ എള്ളെണ്ണയും ബെസ്റ്റാണ്. രാത്രി കിടക്കുന്നതിന് മുൻപ് എള്ളെണ്ണ പുരട്ടി രാവിലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
വാഴപ്പഴം
വാഴപ്പഴത്തിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെയും മുടി പൊട്ടുന്നത് തടയാനും സഹായിക്കും. നന്നായി പഴുത്ത വാഴപ്പഴം പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അൽപ്പം തൈര് കൂടി ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലമുടിയിൽ പുരട്ടി മസാജ് ചെയ്യുക.
മുട്ട
പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. ഒരു മുട്ടയും അൽപ്പം തേനും തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മാസ്‌ക്കായി ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.