എല്ലാ മാതാപിതാക്കൻമാരും തങ്ങളുടെ കുട്ടികൾ പൂർണ ആരോഗ്യത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനുവേണ്ടി ഗർഭധാരണം മുതൽ പല കാര്യങ്ങളും ചെയ്യുന്നവരാണ് മിക്കവരും. കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് പോഷക സമ്പുഷ്‌ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് പോലെ തന്നെ ഉറക്കവും വളരെ പ്രധാനമാണ്. ഗർഭധാരണ സമയം മുതൽ ശരിയായ ഉറക്കം ലഭിക്കാതിരുന്നാൽ കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന് വിദഗ്‌ധർ പറയുന്നു.
രാത്രിയിൽ 7 മണിക്കൂറിൽ താഴെ ഉറങ്ങുന്ന അമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ വളർച്ച സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൈനീസ് ഗവേഷണം കണ്ടെത്തി.''ഗർഭകാലത്തെ നല്ല ഉറക്ക ശീലം കുട്ടികളിലെ ന്യൂറോ ഡെവലപ്മെൻ്റൽ പ്രശ്‌നങ്ങൾ തടയുകയോ കുറയ്ക്കുകയോ ചെയ്യാം" എന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ ജേണൽ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജി & മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിർണായക വെളിപ്പെടുത്തൽ.
ഗർഭകാലത്ത് ശരിയായ ഉറക്കം ലഭിക്കാത്ത സ്ത്രീകൾക്ക് ജനിക്കുന്ന കുട്ടികളിൽ സംസാരശേഷി, ചലനം, ആശയവിനിമയം നടത്താനുള്ള കഴിവ്, ഗ്രഹണശേഷി എന്നിവയ്ക്ക് കാലതാമസം നേരിടുന്നതായും പഠനം കണ്ടെത്തി. അതിനാൽ ഗർഭിണികൾ രാത്രിയിൽ നന്നായി ഉറങ്ങേണ്ടത് വളരെ പ്രധാനമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ പെങ് സു വ്യക്തമാക്കുന്നു.
അതേസമയം കുട്ടികളിൽ വളർച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർധിച്ചുവരുന്നതായി സമീപകാലത്ത് നടത്തിയ ചില പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഉറക്കകുറവ് നേരിടുന്ന ഗർഭിണികൾക്ക് ജനിക്കുന്ന കുട്ടികളിൽ തലച്ചോറിനും അവയവങ്ങൾക്കും ഇടയിൽ സിഗ്നലുകൾ കൈമാറുന്ന സംവിധാനങ്ങൾ ശരിയായി വികസിക്കാതെ വരുകയും ഇത് പെരുമാറ്റം, പഠന കഴിവുകൾ എന്നിവയെ ബാധിക്കുന്നതായും ഗവേഷകർ കണ്ടെത്തി. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾ കൂടുതലായും കണ്ടുവരുന്നത് ആൺ കുട്ടുകളിലാണെന്നും പഠനം പറയുന്നു.
ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ, ഓക്കാനം, ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരുക എന്നിവ സ്ത്രീകളിൽ ഉറക്ക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാറുണ്ട്. ഓരോ 5 ഗർഭിണികളെ എടുത്താൽ അതിൽ 2 പേരും ഉറക്കകുറവ് നേരിടുന്നവരാണെന്ന് ഗവേഷകർ പറയുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ഗർഭകാല പ്രമേഹത്തിനും കാരണമാകുമെന്ന് ചില പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ഗർഭകാലത്തെ പ്രമേഹം മാസം തികയാതെ പ്രസവിക്കാനും, വാതരോഗങ്ങൾ, സിസേറിയൻ, രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയുക തുടങ്ങിയ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കാനും കാരണമാകുന്നുവെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.
Also Read: അമ്മയുടെ അമിതവണ്ണം കുട്ടികളിൽ മാനസിക വൈകല്യങ്ങൾക്ക് കാരണമായേക്കും