കുട്ടികളെയും മുതിര്‍ന്നവരെയും ഒരു പോലെ അലട്ടുന്ന ഒന്നാണ് തലയിലെ പേന്‍ ശല്യം. സാധാരണയായി കുട്ടികളിലാണ് അധികമായും ഈ പ്രശ്‌നമുള്ളത്. തലയോട്ടിയില്‍ നിന്നും വലിച്ചെടുക്കുന്ന രക്തമാണ് ഈ പേനുകളുടെ ഭക്ഷണം.
തലയില്‍ പേന്‍ ഉണ്ടെങ്കില്‍ ഏറെ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് അസഹീനമായ ചൊറിച്ചില്‍. അമിതമായി ചൊറിഞ്ഞാല്‍ അത് തലയോട്ടിയില്‍ മുറിവുണ്ടാക്കും. അത് പിന്നീട് അണുബാധയ്‌ക്ക് കാരണമാകും.
പേന്‍ മാത്രമല്ല അതിന്‍റെ മുട്ടയും തലയോട്ടിയില്‍ അസ്വസ്ഥതയുണ്ടാക്കും. വളര്‍ച്ചയെത്തിയ ഒരു പേന്‍ ദിവസത്തില്‍ ആറ് മുട്ടയിടുമെന്ന് യുഎസിലെ നാഷണല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സെന്‍റര്‍സ് ഫോര്‍ ഡിസീസി കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (ഡിസിസി) പറയുന്നു. ഇത്തരത്തില്‍ ഇടുന്ന മുട്ടകളെയാണ് നമ്മള്‍ ഈരെന്ന് വിളിക്കുന്നത്.
പേന്‍ മുട്ടയിട്ട് കഴിഞ്ഞാല്‍ ഏകദേശം ഒരാഴ്‌ച കൊണ്ട് ഇവയെല്ലാം വിരിഞ്ഞ് പേനാകുകയും ചെയ്യും. ഒരു പേന്‍ സാധാരണയായി ഒരു ദിവസത്തില്‍ അഞ്ചോ ആറോ തവണ രക്തം കുടിക്കുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പേന്‍ മാത്രമല്ല അത് ഇടുന്ന മുട്ടയും ഇതേ കണക്കില്‍ തന്നെ ദിവസവും തലയോട്ടിയില്‍ നിന്നും രക്തം ഊറ്റി കുടിക്കുന്നുണ്ട്.
ചൊറിച്ചില്‍ അടക്കമുള്ള അസ്വസ്ഥതകള്‍ സൃഷ്‌ടിക്കുന്ന ഈ പേനിനെ തലയില്‍ നിന്നും നീക്കം ചെയ്യാന്‍ പല മാതാപിതാക്കളും ശ്രമിക്കാറുണ്ട്. അത്തരക്കാര്‍ ഇനി മാര്‍ഗങ്ങള്‍ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല. അതിനുള്ള പരിഹാര മാര്‍ഗം നിങ്ങളുടെ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്നതാണ്.
ഹെയര്‍ കെയര്‍ അടിപൊളിയാക്കാം: പേന്‍ വരുന്നതിന്‍റെ പ്രധാന കാരണങ്ങള്‍ നനഞ്ഞ മുടി കെട്ടിവയ്‌ക്കുന്നതാണ്. അത് മാത്രമല്ല തലയോട്ടിയില്‍ വിയര്‍പ്പ് അടിയുന്നതും പേന്‍ വളരാന്‍ കാരണമാകും. അതുകൊണ്ട് നല്ല വെള്ളത്തില്‍ തല നന്നായി കഴുകി വൃത്തിയാക്കുക. എന്നിട്ട് ഏറെ നേരം കെട്ടി വയ്‌ക്കാതെ തന്നെ ഉണക്കിയെടുക്കുക.
തലയോട്ടി വിയര്‍ത്തിട്ടുണ്ടെങ്കില്‍ നന്നായി ഷാമ്പൂ ഉപയോഗിച്ചോ താളി ഉപയോഗിച്ചോ കഴുകി വൃത്തിയാക്കുക. ശേഷം മുടിയെ നന്നായി ഉണക്കുക. ടവലോ, ഹെയര്‍ ഡ്രയറോ ഉപയോഗിച്ച് മുടി ഉണക്കിയെടുക്കാവുന്നതാണ്.
മല്ലിയില നല്ലൊരു പ്രതിവിധി: പേന്‍ ശല്യം കുറയ്‌ക്കാന്‍ ഏറെ കാലം മുമ്പ് മുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് തുളസിയില. ഇതുപോലെ തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മല്ലിയില. ഇത് നന്നായി കഴുകി വൃത്തിയാക്കി പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ശേഷം തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം ചീര്‍പ്പ് ഉപയോഗിച്ച് നന്നായി മുടി ചീകുക. മുടി ചീകുമ്പോള്‍ പേനുകള്‍ പുറത്ത് വരും. ശേഷം മുടി നന്നായി കഴുകി കളയണം. അടുപ്പിച്ച് ഒരാഴ്‌ച ഇത്തരത്തില്‍ മുടിയില്‍ തേച്ചി പിടിപ്പിച്ചാല്‍ പേനുകള്‍ പമ്പ കടക്കും.
കര്‍പ്പൂരം: പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂരം. നന്നായി പൊടിച്ചെടുത്ത കര്‍പ്പൂരത്തിലേക്ക് അല്‍പം വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് ഒരു ദിവസം വച്ചതിന് ശേഷം വേണം തലയില്‍ പുരട്ടാന്‍. തൊട്ടടുത്ത ദിവസം കുളിക്കുന്നതിന് മുമ്പായി ഈ കര്‍പ്പൂര എണ്ണ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്‌താല്‍ പേന്‍ ശല്യം പൂര്‍ണമായും ഇല്ലാതാകും.
ബേബി ഓയില്‍: പേന്‍ ശല്യം അകറ്റാനുള്ള ഒരു പ്രധാന മാര്‍ഗമാണ് ബേബി ഓയില്‍. രാത്രി കിടക്കുന്നതിന് മുമ്പ് ഇത് നന്നായി തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. രാവിലെ എണീറ്റ് തല നന്നായി ചീകുക. ഇതിനൊപ്പം പേനുകള്‍ പുറത്ത് വരും. ശേഷം തല നന്നായി ഷാംമ്പൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇത് തുടര്‍ച്ചയായി മൂന്നോ നാലോ ദിവസം ചെയ്യുന്നത് പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കും. ബേബി ഓയിലിന് പുറമെ ഒലീവ് ഓയിലും പേന്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്.
വെളുത്തുള്ളിയും നാരങ്ങ നീരും: പേന്‍ ശല്യം മാറ്റാന്‍ മികച്ചൊരു മാര്‍ഗമാണ് വെളുത്തുള്ളി ചതച്ചതും നാരങ്ങാ നീരും. വെളുത്തുള്ളിയുടെ അല്ലി നന്നായി ചതച്ചതിലേക്ക് നാരങ്ങ നീര് ചേര്‍ക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഒരു ചീര്‍പ്പ് ഉപയോഗിച്ച് മുടി നന്നായി ചീകുക. വെളുത്തുള്ളിയുടെ മണം കാരണം പേനുകള്‍ ഇല്ലാതാകും. ചീകിയതിന് ശേഷം ഷാംമ്പൂവും കണ്ടീഷനറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക.
ബേക്കിങ് സോഡ: പേനിനെ ഇല്ലാതാക്കാനും തലയിലെ ചൊറിച്ചില്‍ അകറ്റാനും പറ്റിയ വസ്‌തുവാണ് ബേക്കിങ് സോഡ. അല്‍പം ബേക്കിങ് സോഡ കണ്ടീഷനറുമായി മിക്‌സ് ചെയ്‌ത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം മുടി ചീകി പേനുകളെ പുറത്തെടുക്കാം. അതിന് ശേഷം ഷാംമ്പൂ ഇട്ട് തല കഴുകിയതിന് ശേഷം കണ്ടീഷനറും ഉപയോഗിക്കാം.
തുളസിയിലയും തുളസി നീരും: പേന്‍ ശല്യം കുറയ്‌ക്കാന്‍ കഴിയുന്ന നല്ലൊരു മാര്‍ഗമാണ് തുളസിയിലയും അതിന്‍റെ നീരും. തുളസി നീര് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുന്നത് പേന്‍ ശല്യം ഇല്ലാതാക്കാന്‍ സാധിക്കും. മാത്രമല്ല തുളസിയില രാത്രിയില്‍ മുടിയിഴകളില്‍ വച്ച് കെട്ടി കിടക്കുന്നത് പേന്‍ ശല്യം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരാഴ്‌ച തുടര്‍ച്ചയായി ഇത്തരത്തില്‍ ഇലയും നീരും പരീക്ഷിച്ചാല്‍ നിങ്ങളുടെ പേന്‍ ശല്യം പമ്പ കടക്കും.
Also Read: ശൈത്യകാല ചർമ്മ സംരക്ഷണം; ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 പഴങ്ങൾ