ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 7 മുതല്‍ ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം ഉടലെടുത്തത്. പലസ്‌തീന് പിന്തുണ പ്രഖ്യാപിച്ച് അയല്‍ രാജ്യങ്ങളായ തുര്‍ക്കിയും ലെബനനും ഇറാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. പലസ്തീനുമേല്‍ ഇസ്രായേല്‍ വ്യോമാക്രമണം കടുപ്പിച്ചതിന് പിന്നാലെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഹിസ്‌ബുള്ളയും, ഇറാനും, ഹൂത്തികളും, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂലികൾ രംഗത്തെത്തിയതും, ഇസ്രായേലിലേക്ക് വ്യോമാക്രണങ്ങള്‍ നടത്തിയതുമാണ് പശ്ചിമേഷ്യയെ നിലവില്‍ യുദ്ധസാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 400ല്‍ അധികം ബാലിസ്‌റ്റിക് മിസൈലുകള്‍ ഇറാൻ ഇസ്രായേലിലേക്ക് അയച്ചത് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും, പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന തരത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു.
ഈ വർഷം ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാനിയൻ നയതന്ത്ര കേന്ദ്രത്തിലെ ഏഴ് ഇറാനിയൻ ഐആർജിസി (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) ഉദ്യോഗസ്ഥരെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെ തിരിച്ചടിക്കാൻ ഇറാൻ നിർബന്ധിതരായത്. ഇറാൻ ഭരണകൂടത്തിന്‍റെ ശക്തി തെളിയിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഇസ്രായേലിനെ ഇറാൻ തിരിച്ചടിച്ചത്. അതേസമയം, ഇറാന്‍റെ ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങളിലേക്ക് നയിച്ചിരുന്നുവെങ്കില്‍ പശ്ചിമേഷ്യയിലെ സംഘർഷം വർദ്ധിപ്പിക്കുകയും മറ്റൊരുതലത്തിലേക്ക് എത്തുകയും ചെയ്യുമായിരുന്നു.
![ISRAEL HAMAS LEBANON WEST ASIA WAR ഹമാസ് പലസ്തീൻ ഇസ്രായേല്‍](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22605602_tel-aviv.jpg)
300 മിസൈലുകള്‍ തൊടുത്ത് ഇറാൻ ആക്രമണം, തിരിച്ചടിച്ച് ഇസ്രായേല്‍
ഏപ്രിൽ 13ന് ഇറാൻ ഇസ്രായേലിലേക്ക് 300ലധികം മിസൈലുകളും ഡ്രോണുകളുമായി ആക്രമണം നടത്തിയതായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാൻ കാരണമായത്. സൈനിക താവളങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണമെന്നാണ് ഇറാൻ അന്ന് മുന്നറിയിപ്പ് നൽകിയത്. വലിയ സംഘര്‍ഷം ഉണ്ടാക്കുകയല്ല തങ്ങളുടെ ലക്ഷ്യം, മറിച്ച് ഇസ്രായേലിന്‍റെ സൈനിക കേന്ദ്രങ്ങളും ശേഷിയും തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇറാൻ ഭരണകൂടം അന്ന് അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇറാന്‍റെ വ്യോമാക്രമണമെല്ലാം പ്രതിരോധിച്ചെന്നും പല ഡ്രോണുകളും മിസൈലുകളും തകര്‍ത്തെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭരണകൂടം രംഗത്തെത്തിയിരുന്നു.
![ISRAEL HAMAS LEBANON WEST ASIA WAR ഹമാസ് പലസ്തീൻ ഇസ്രായേല്‍](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22605602_jerusalam.jpg)
ഹമാസിന്‍റെയും ഹിസ്ബുള്ളയുടെയും ഉന്നത നേതാക്കളെ കൊലപ്പെടുത്തിയത് ഉൾപ്പെടെ ലെബനനിലെ സമീപകാല ഇസ്രായേൽ ആക്രമണങ്ങൾ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം വീണ്ടും ആളിക്കത്തിച്ചു. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്‌റാനിൽ വച്ച് ഇസ്രായേല്‍ കൊലപ്പെടുത്തിയ നിമിഷത്തില്‍ ഇറാൻ പ്രതികരിച്ചിരുന്നില്ല. ഇറാന്‍റെ ബ്രിഗേഡിയർ ജനറൽ അബ്ബാസ് നിൽഫോറൗഷനൊപ്പം ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതും ലെബനനിലേക്ക് ഇസ്രായേൽ നടത്തിയ കര ആക്രമണവുമാണ് ഇസ്രായേലിനെ തിരിച്ചടിക്കാൻ ഇറാനെ നിര്‍ബന്ധിതരാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, ലെബനനും ഗാസയ്ക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ സമ്മർദ്ദത്തിന് ഇസ്രായേൽ വഴങ്ങിയിരുന്നില്ല. ഇസ്രായേലും ഹിസ്ബുള്ളയും സമാധാന കരാറില്‍ ഏര്‍പ്പെടുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചകള്‍ നടന്നിട്ടില്ല. ഒക്‌ടോബര്‍ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ തങ്ങള്‍ക്കും തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ തിരിച്ചടി ആരംഭിച്ചത്. ഇസ്രായേല്‍ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞ എടുത്തപ്പോള്‍ അവരെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തിയിരുന്നു.
സൈനിക ശേഷി വ്യാപിപ്പിക്കാൻ ഇസ്രായേല്‍, ബഫര്‍ സോണുകള്‍ സൃഷ്ടിക്കുന്നു
സൈനികശേഷിയില്‍ ഇസ്രായേല്‍ ശക്തരാണെങ്കില്‍, ഒരു ചെറിയ രാജ്യമായതിനാല്‍ തന്ത്രപ്രധാനമായ കഴിവുകള്‍ കുറവാണ്. ബഫര്‍ സോണുകള്‍ ഉള്‍പ്പെടെ സൃഷ്ടിച്ച് സൈനിക ശേഷി വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇസ്രായേല്‍ സൈന്യം. ഇറാൻ വലിയ രാജ്യമാണെങ്കിലും അറബ് രാജ്യങ്ങൾ ഇറാനെ പിന്തുണക്കാൻ തയ്യാറായല്ല. സൗദി അറേബ്യയിലെയും യു.എ.ഇയിലെയും എണ്ണ ശാലകളെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് പണ്ട് ഇറാൻ നടത്തിയ ആക്രമണങ്ങളാണ് അറബ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധം അകറ്റാൻ കാരണമായത്.
ഹമാസിനെതിരെയുള്ള ആക്രമണത്തിന് പിന്നാലെ പലസ്‌തീനിലെ പല പ്രദേശങ്ങളിലും തങ്ങള്‍ നിയന്ത്രണം ഏറ്റെടുത്തുവെന്ന അവകാശവാദവുമായാണ് ഇസ്രായേല്‍ ലെബനനിലെ ഹിസ്‌ബുള്ളയ്ക്ക് നേരെ ആക്രമണം ആരംഭിച്ചത്. പേജറുകള്‍ ഉപയോഗിച്ച് അപ്രതീക്ഷിതമായാണ് ഹിസ്‌ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ലോകത്തെ വരെ ഞെട്ടിച്ച ഓപ്പറേഷനാണ് ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകളില്‍ ഇസ്രായേലിലെ ചാരസംഘടനയായ മൊസാദ് നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തത്.
![ISRAEL HAMAS LEBANON WEST ASIA WAR ഹമാസ് പലസ്തീൻ ഇസ്രായേല്‍](https://etvbharatimages.akamaized.net/etvbharat/prod-images/04-10-2024/22605602_rosh-ayn.jpg)
പശ്ചിമേഷ്യ കത്തുമ്പോള്‍ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയ്ക്കും നിര്‍ണായക പങ്ക്
നിലവിലെ ഇസ്രായേല്‍-ഇറാൻ സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുവഹിക്കാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ ഇതുവരെ ഒരു പരസ്യപ്രസ്‌താവനയ്ക്ക് ഇന്ത്യ തയ്യാറായിട്ടില്ല. ഇസ്രായേലുമായി നല്ല നയതന്ത്ര ബന്ധം ഇന്ത്യ സ്വീകരിച്ചുവരുന്നു. ഇറാനിലെ ചബഹാർ തുറമുഖം വികസിപ്പിക്കാനും ഇന്ത്യ തയ്യാറെടുക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് ഇടപെടലുകള്‍ നടത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ഇസ്രായേലുമായും, അതുപോലെത്തന്നെ ഇറാനുമായും ഇന്ത്യയ്ക്ക് നല്ല സൗഹൃദബന്ധം സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം, ഇസ്രായേല്‍-പലസ്‌തീൻ യുദ്ധം ലെബനൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ പശ്ചിമേഷ്യ ഒരു വലിയ യുദ്ധക്കളമായി മാറുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
Read Also: ലബനനില്‍ കരയുദ്ധം തുടങ്ങിയെന്ന് ഇസ്രയേല്‍; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള