ഗാസ: ഗാസയിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി പലസ്‌തീന്‍ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്‌തു. വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലെ 60 ലധികം സ്ഥലങ്ങളിൽ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന പ്രസ്‌താവനയിൽ പറഞ്ഞു. ഖാൻ യൂനിസ് ഗവർണറേറ്റിലെ അൽ-ബലാദ് പ്രദേശത്ത് നിന്നും അൽ അമാൽ പരിസരത്ത് നിന്നും 13 പേരുടെ അഴുകിയ മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രസ്‌താവനയില്‍ പറയുന്നു.
അതേസമയം, ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയാല്‍ തക്കതായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ് പറഞ്ഞു. ഇറാന്‍റെ പ്രതികാര ആക്രമണത്തിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിനോട് ഫോണില്‍ സംസാരിക്കവേയാണ് ഗാലന്‍റിന്‍റെ പരാമര്‍ശം.
സംഭാഷണത്തില്‍ ഇസ്രയേലിന്‍റെ തയ്യാറെടുപ്പുകൾ ഗാലന്‍റ് വിശദമായി വിവരിച്ചു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് രണ്ട് ഉദ്യോഗസ്ഥരും സംസാരിക്കുന്നത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രയേലിലേക്കും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്ര ചെയ്യരുതെന്ന് പൗരന്മാരോട് ഇന്ത്യയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഏപ്രിൽ ഒന്നിന് ആണ് സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ഏഴ് ഇറാനികൾ കൊല്ലപ്പെട്ടത്. മറുപടിയായി, ഇറാൻ ഉടൻ പ്രത്യാക്രമണം നടത്തിയേക്കുമെന്നാണ് യുഎസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇറാൻ്റെ ആക്രമണത്തിനുള്ള പ്രതിരോധങ്ങള്‍ ഏകോപിപ്പിക്കുന്നത് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന്‍റെ ജനറൽ സ്‌റ്റാഫ് മേധാവി ഗാലന്‍റ്, ഹെർസി ഹലേവി എന്നിവരുമായി ചർച്ച ചെയ്യാനായി യുഎസ് സെൻട്രൽ കമാൻഡിന്‍റെ കമാൻഡർ മൈക്കൽ കുറില്ല ഇസ്രയേലിലെത്തി.
Also Read : 'ഇറാനിലേക്കോ ഇസ്രയേലിലേക്കോ യാത്ര ചെയ്യരുത്'; പൗരന്മാര്‍ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്