ജറുസലേം: ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സി എന്നറിയപ്പെടുന്ന മൊസാദിനെ വെട്ടിച്ച് ഇസ്രായേലിന്‍റെ മണ്ണില്‍ കടന്ന് ഹമാസ് മിന്നല്‍ ആക്രമണം നടത്തിയിട്ട് ഇന്നേയ്‌ക്ക് ഒരാണ്ട്. ആയിരത്തിലേറെ പേരെ വധിക്കുകയും 251 പേരെ ബന്ധികളാക്കുകയും ചെയ്‌ത ഹമാസ് ആക്രമണത്തിന് പിന്നിലെ ഇസ്രായേല്‍ പ്രതികാരയുദ്ധത്തിന് ഇറങ്ങിതിരിക്കുകയായിരുന്നു. പിന്നീട് പശ്ചിമേഷ്യ സാക്ഷിയായത് മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കുമാണ്.
അൽ അഖ്‌സ ഫ്ലഡ്:
2023 ഒക്‌ടോബര്‍ ഏഴ് പുലര്‍ച്ചെ അയ്യായിരത്തോളം റോക്കറ്റുകള്‍ ഇസ്രയേല്‍ നഗരങ്ങളില്‍ വന്നുപതിച്ചു. 'ഇത് അധിനിവേശം നടത്തിയവര്‍ക്കെതിരെയുള്ള യുദ്ധം' എന്ന വിശേഷണത്തോടെ ആയിരുന്നു ഹമാസിന്‍റെ ആക്രമണം. ആകാശത്തിലൂടെ മാത്രമല്ല കരയിലൂടെയും കടലിലൂടെയും ഹമാസ് ഇസ്രയേലില്‍ നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്തി. നിരവധി ഇസ്രയേലികളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഈ ക്രൂരമായ മിന്നല്‍ ആക്രമണത്തെയാണ് 'അൽ അഖ്‌സ ഫ്ലഡ്' എന്ന് വിളിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നേട്ടമെന്ന് ഹമാസ്
ഹമാസ് ആക്രമണത്തിന് ഒരാണ്ട് തികയുന്ന വേളയില്‍ ഒക്‌ടോബർ ഏഴിലെ ആക്രമണം അഭിമാനാർഹമാണെന്നും പലസ്‌തീനികൾ തങ്ങളുടെ ചെറുത്തുനിൽപ്പിലൂടെ പുതിയ ചരിത്രമെഴുതുകയാണെന്നും ഹമാസ് പറഞ്ഞു. ഇസ്രായേൽ നടത്തിയ സൈനിക നീക്കത്തിനെതിരെ ഗാസയും പലസ്‌തീൻ ജനതയും രക്തവും ദൃഢനിശ്ചയവും കൊണ്ട് നടത്തുന്ന ചെറുത്തുനിൽപ്പ് എഴുതുന്നത് പുതിയ ചരിത്രമാണ്.
ശത്രു സ്വയം സൃഷ്‌ടിച്ച മിഥ്യാധാരണകളെ തകർക്കാന്‍ ഒക്‌ടോബര്‍ ഏഴിലെ മഹത്തായ ആക്രമണത്തിന് കഴിഞ്ഞു എന്നും ഹമാസ് നേതാവ് അംഗം ഖലീൽ അൽ-ഹയ്യ പറഞ്ഞു. രാജ്യത്തിന്‍റെ മുന്‍പില്‍ എന്തിന് ലോകത്തിന്‍റെ മുന്‍പില്‍ തന്നെയും ഹമാസിന്‍റെ ശ്രേഷ്‌ഠതയും കരുത്തും ബോധ്യപ്പെടുത്തുന്നതിന് അൽ അഖ്‌സ ഫ്ലഡ് ആക്രമണം സഹായിച്ചു എന്നും ഹമാസ് നേതാവ് അംഗം ഖലീൽ അൽ-ഹയ്യ കൂട്ടിച്ചേര്‍ത്തു.
ഹമാസിനെതിരെ വിജയം പ്രഖ്യാപിച്ച് ഇസ്രായേല്‍:
യുദ്ധം ആരംഭിച്ച് ഒരു വർഷത്തിന് ശേഷം ഹമാസിനെ പരാജയപ്പെടുത്തി എന്ന് അവകാശപ്പെട്ട് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഹെർസി ഹലേവി രംഗത്തുവന്നു. അതേസമയം, ഗാസയോട് അടുത്തുകിടക്കുന്ന അതിർത്തി പ്രദേശങ്ങളില്‍ ഇസ്രായേല്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. ഇസ്രായേല്‍ പ്രതിരോധ സേന നിരവധി പ്ലാറ്റൂണുകൾ ഉപയോഗിച്ച് അതിര്‍ത്തി ശക്തിപ്പെടുത്തുകയും ചെയ്‌തു. പ്രാദേശിക സുരക്ഷ സേനയുമായി ചേര്‍ന്ന് ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ പൂർണ സജ്ജരായിരിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹമാസ് ആക്രമണത്തിന്‍റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി ഗാസ റോക്കറ്റുകൾ തെക്കൻ ഇസ്രായേലിലേക്ക് അയച്ചതായി ഇസ്രായേൽ അറിയിച്ചു. വടക്കൻ ഗാസ മുനമ്പിൽ നിന്ന് ഇസ്രായേലിലേക്ക് നിരവധി പ്രൊജക്‌ടൈലുകൾ കടന്നുപോകുന്നതായി ഇസ്രയേല്‍ തിരിച്ചറിഞ്ഞു. ഒരു പ്രൊജക്‌ടൈലിനെ ഇസ്രായേല്‍ തടയുകയും ബാക്കിയുള്ളവ തുറസായ സ്ഥലങ്ങളിൽ പതിക്കുകയും ചെയ്‌തു. ഇസ്രായേൽ സേന കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഇതിനിടയില്‍ ആവശ്യമെങ്കില്‍ ഇസ്രായേലിനെതിരെ വീണ്ടും ആക്രമണം നടത്തുെമന്ന് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.
വിജയം ഉടനെന്ന് നെതന്യാഹു:
ഗാസയ്‌ക്ക് മുകളില്‍ വിജയം കൈവരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പ്രതിജ്ഞയെടുത്തു. ഗാസ മുനമ്പിലും ലെബനനിലും യുദ്ധം ചെയ്യുന്ന ഇസ്രായേല്‍ സൈന്യം ഉടന്‍ വിജയിക്കുമെന്നും നെതന്യാഹു പുറഞ്ഞു. രണ്ട് യുദ്ധത്തില്‍ പോരാടുന്ന ഇസ്രായേല്‍ സൈന്യം യാഥാർഥ്യത്തെ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുന്നു എന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ യുദ്ധം തുടങ്ങിയപ്പോൾ തീവ്രവാദികളെ നശിപ്പിക്കുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുത്തിയിരുന്നു. എന്നാല്‍ ഹമാസിനെ തകര്‍ക്കുന്നതില്‍ പൂര്‍ണമായ വിജയം ഇതുവരെയും ഇസ്രായേലിന് നേടാന്‍ കഴിഞ്ഞിട്ടില്ല.
കൊല്ലപ്പെട്ടത് 41,870 പലസ്‌തീനികൾ:
യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം 41,870 പലസ്‌തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ കണക്കുകള്‍ യുഎൻ അംഗീകരിക്കുകയും ചെയ്‌തു. ഒരു വർഷത്തെ വ്യോമാക്രമണങ്ങളുടെയും പോരാട്ടങ്ങളും ഒടുവില്‍ ഹമാസ് പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ച ജബലിയ പ്രദേശം ഇസ്രായേല്‍ സൈന്യം വീണ്ടും വളഞ്ഞു.
ഇന്നലെ (ഒക്ടോബര്‍ 06) മാത്രം ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 17 പേർ കൊല്ലപ്പെട്ടതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ഗാസയിലെ ഭൂരിഭാഗം ജനങ്ങളും കുടിയൊഴിപ്പിക്കപ്പെടുകയും പ്രദേശത്തെ ഭൂരിഭാഗം പാർപ്പിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്‌തു.
വെടിനിർത്തലിനുളള ശ്രമങ്ങള്‍
വെടിനിർത്തലിന് ഇസ്രായേലിനെ പ്രേരിപ്പിക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഗാസ ഉടമ്പടി അംഗീകരിക്കാന്‍ ഇരു രാജ്യങ്ങളോടും നിരന്തരമായി ആവശ്യപ്പെടുമെന്ന് യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥിയുമായ കമല ഹാരിസ് പറഞ്ഞു. ജോർദാനിലെയും യുണൈറ്റഡ് അറബ് എമിറേറ്റുകളിലെയും നേതാക്കൾ രണ്ട് യുദ്ധങ്ങളും നിർത്താനുളള അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി ഈ പോരാട്ടം "പശ്ചിമേഷ്യന്‍ മേഖലയെയും ലോകത്തെയും നീണ്ടുനിൽക്കുന്ന സംഘർഷങ്ങളിലേക്ക് തള്ളിവിടുമെന്ന്" മുന്നറിയിപ്പ് നൽകി. എന്നാല്‍ ഇത്തരം ശ്രമങ്ങളെല്ലാം ഗാസയും ഇസ്രയേലും തമ്മിലുളള സംഘര്‍ഷം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു.
Also Read: ഇസ്രയേല്‍-ഹമാസ് യുദ്ധം; നാശങ്ങള്‍ തുടരുന്നു, ബന്ദികളിപ്പോഴും തടവില്‍