ലാഹോർ: 1999 ല്‍ ഇന്ത്യയുമായി ഒപ്പിട്ട ലാഹോര്‍ കരാര്‍ പാകിസ്ഥാൻ ലംഘിച്ചെന്ന വെളിപ്പെടുത്തലുമായി പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കരാര്‍ ലംഘിച്ചത് തങ്ങളുടെ തെറ്റായിരുന്നുവെന്നും വെളിപ്പെടുത്തലില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ മുസ്ലിം ലീഗ് യോഗത്തില്‍ സംസാരിക്കവെയാണ് നവാസ് ഷെരീഫിന്‍റെ പരാമര്‍ശം.
'1998 മെയ് 28 ന് പാകിസ്ഥാൻ അഞ്ച് ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്, അതിന് പിന്നാലെ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയായ വാജ്പേയി സാഹിബ് ഇവിടെ വന്ന് ഞങ്ങളുമായി ഒരു കരാറുണ്ടാക്കി. എന്നാൽ, ഞങ്ങള്‍ ആ കരാര്‍ ലംഘിച്ചു. കരാര്‍ ലംഘനം ഞങ്ങളുടെ തെറ്റായിരുന്നു' -നവാസ് ഷെരീഫ് പറഞ്ഞു.
1999 ഒപ്പിട്ട ലാഹോർ കരാർ ഇന്ത്യയും പാകിസ്ഥാനും തമ്മിളുള്ള സമാധാന ഉടമ്പടിയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന സുസ്ഥിരതയും, സുരക്ഷയും നിലനിൽക്കാൻ വേണ്ടിയായിരുന്നു കരാർ ഒപ്പുവെച്ചത്. എന്നാൽ, ഏതാനും മാസങ്ങൾക്ക് ശേഷം ജമ്മു കശ്‌മീരിലെ കാർഗിൽ ജില്ലയിൽ പാകിസ്ഥാൻ നടത്തിയ കടന്നുകയറ്റം കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചു.
ആണവ പരീക്ഷണങ്ങൾ നടത്തുന്നത് തടയാൻ അമേരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ പാകിസ്ഥാന് അഞ്ച് ബില്യൺ യുഎസ് ഡോളർ വാഗ്‌ദാനം ചെയ്‌തിരുന്നു, പക്ഷേ ഞാൻ അത് നിരസിച്ചു. ആ സമയം തന്‍റെ സ്ഥാനത്ത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആയിരുന്നെങ്കിൽ അദ്ദേഹം ക്ലിന്‍റന്‍റെ വാഗ്‌ദാനം സ്വീകരിക്കുമായിരുന്നുവെന്നും നവാസ് ഷെരീഫ് കൂട്ടിചേർത്തു.
2017-ൽ അന്നത്തെ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് സാഖിബ് നിസാർ തെറ്റായ കേസിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് തന്നെ പുറത്താക്കിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇമ്രാൻ ഖാനെ അധികാരത്തിലേറ്റാൻ തനിക്കെതിരായി കെട്ടിചമച്ച കേസാണ് എല്ലാമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ എല്ലാ കേസുകളും തെറ്റാണെന്നും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് സ്ഥാപക നേതാവ് ഇമ്രാൻ ഖാനെതിരെയുള്ള കേസുകൾ സത്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2017 ൽ തന്‍റെ സർക്കാരിനെ താഴെയിറക്കി ഇമ്രാൻ ഖാനെ അധികാരത്തിലെത്തിക്കാൻ മുൻ ഐഎസ്ഐ മേധാവി ജനറൽ സാഹിറുൾ ഇസ്ലാമിന് പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഐഎസ്ഐ ഇറക്കിയതല്ലെന്ന കാര്യം നിഷേധിക്കാൻ കഴിയുമോ എന്നും ഇമ്രാൻ ഖാനോട് അദ്ദേഹം ചോദിച്ചു.
Also Read : തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മാത്രം; പാക് അധീന കശ്‌മീർ തിരിച്ചെടുക്കുമെന്ന ബിജെപി വാദത്തിന് മറപടിയുമായി ശശി തരൂർ - Shashi Tharoor On BJP PoK Claims