ടെൽ അവീവ് : വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്‌ത്രീകളും കുട്ടികളുമാണെന്ന് പലസ്‌തീൻ അധികൃതർ പറഞ്ഞു. വടക്കൻ ഗാസ പട്ടണമായ ബെയ്‌ത് ലാഹിയയിലാണ് ശനിയാഴ്‌ച വൈകീട്ട് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ട 22 പേരിൽ 11 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ എമർജൻസി സർവീസ് അറിയിച്ചു. 15 പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് ആഴ്‌ചയായി ഗാസയുടെ വടക്കൻ മേഖലയിൽ ഇസ്രയേൽ കനത്ത ആക്രമണമാണ് നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തീവ്രവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേലിന്‍റെ വാദം. അതിനിടെ, ഇസ്രയേലി നഗരമായ ടെൽ അവീവിന് സമീപം ബസ് സ്റ്റോപ്പിലേക്ക് ട്രക്ക് ഇടിച്ചുകയറി 35 പേർക്ക് പരിക്കേറ്റതായി ഇസ്രയേലിന്‍റെ മാഗൻ ഡേവിഡ് അഡോം റെസ്ക്യൂ സർവീസ് അറിയിച്ചു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്‍റെ ആസ്ഥാനത്തിന് സമീപമാണ് അപകടം നടന്നത്. ഒരാഴ്ച നീണ്ട അവധിക്ക് ശേഷം ഇസ്രയേലികൾ ജോലിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. ട്രക്ക് ഓടിച്ചയാളെ നിര്‍വീര്യമാക്കിയതായി ഇസ്രയേൽ പൊലീസ് വക്താവ് അസി അഹറോണി അറിയിച്ചു. എന്നാല്‍ ഇയാളെ പിടികൂടിയതാണോ കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല.
അതേസമയം, ഇറാനില്‍ ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ അതിശയോക്തി കലര്‍ത്തുകയോ ആക്രമത്തെ താഴ്ത്തിക്കെട്ടുകയോ ചെയ്യരുതെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പറഞ്ഞു. ആക്രമണത്തിനുള്ള പ്രതികരണം ഇറാൻ ശ്രദ്ധാപൂർവ്വം വിലയിരുത്തുന്നുവെന്നാണ് ഖൊമേനി സൂചിപ്പിച്ചത്. ശനിയാഴ്‌ചയാണ് ഇസ്രയേല്‍ ഇറാനില്‍ വ്യോമാക്രമണങ്ങള്‍ നടത്തിയത്.
Also Read: ഇറാന്‍ എങ്ങനെ തിരിച്ചടിക്കും; ഇസ്രയേല്‍ വെറുതെയിരിക്കുമോ? അറിയേണ്ട അഞ്ച് കാര്യങ്ങള്‍