ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മരിച്ചു. അമേരിക്കന്‍ സംസ്ഥാനമായ ഓഹിയോയിലെ ക്ലീവ്‌ലാന്‍ഡിലാണ് വിദ്യാര്‍ഥി മരിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ല.
ഉമ സത്യസായി ഗഡ്ഡെ ആണ് മരിച്ചത്. എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സ്ഥാനപതി എക്‌സില്‍ കുറിച്ചു. ഇക്കൊല്ലം ആരംഭിച്ചത് മുതല്‍ ഇതുവരെ ആറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ മരിച്ചത്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മിസോറിയിലെ സെന്‍റ് ലൂയിയില്‍ 34കാരനായ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് കഴിഞ്ഞ മാസം വെടിയേറ്റ് മരിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് 23കാരനായ സമീര്‍കാന്ത് എന്ന പര്‍ഡ്യൂ സര്‍വകലാശാലയിലെ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിയെ ഇന്ത്യാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി രണ്ടിന് വിവേക് തനേജ എന്ന 41കാരനായ ഇന്ത്യന്‍ വംശജന്‍ ഐടി എക്‌സിക്യൂട്ടീവിനെ മാരക മുറിവുകളോടെ വാഷിങ്‌ടണിലെ ഒരു ഭക്ഷണശാലയ്ക്ക് സമീപം കണ്ടെത്തി.
ഇന്ത്യാക്കാരുടെ നേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്‌ടണിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയവും വിവിധയിടങ്ങളിലെ കോണ്‍സുലേറ്റുകളും ചേര്‍ന്ന് അമേരിക്കയിലെമ്പാടുമുള്ള വിദ്യാര്‍ഥികളുമായി വിര്‍ച്വല്‍ യോഗം നടത്തി. വിദ്യാര്‍ഥികളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തു. എപ്പോഴും അധികൃതരുമായി ബന്ധപ്പെട്ടിരിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. ഇന്ത്യന്‍ സ്ഥാനപതി ശ്രീപ്രിയ രംഗനാഥനുമായുള്ള കൂടിക്കാഴ്‌ചയില്‍ 90 സര്‍വകലാശാലകളില്‍ നിന്നുള്ള 150 വിദ്യാര്‍ഥി സംഘടനകളുടെ ഭാരവാഹികളും വിദ്യാര്‍ഥികളും പങ്കെടുത്തു. അറ്റ്‌ലാന്‍റ, ചിക്കാഗോ, ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, സീയാറ്റില്‍ തുടങ്ങിയിടങ്ങളിലെ കോണ്‍സുല്‍ ജനറല്‍മാരും യോഗത്തില്‍ സംബന്ധിച്ചു.