ജോർജ്‌ടൗൺ (ഗയാന) : ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരമായ "ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ" നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യത്തിന് നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തിനുമാണ് പുരസ്‌കാരം നൽകി ആദരിച്ചത്.
ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ അവസാനം ഗയാനയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്നലെ (നവംബർ 20) നടന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിലാണ് ഡൊമിനിക്ക പ്രസിഡൻ്റ് സിൽവാനി ബർട്ടൺ "ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ" സമ്മാനിച്ചത്. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് പുരസ്‌കാരം സമർപ്പിക്കുന്നുവെന്ന് മോദി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗയാനയും ബാർബഡോസും അവരുടെ പരമോന്നത പുരസ്‌കാരങ്ങൾ പ്രധാനമന്ത്രിക്ക് വരും ദിവസങ്ങളിൽ സമ്മാനിക്കുന്നതായിരിക്കും. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഡൊമിനിക്ക തങ്ങളുടെ പരമോന്നത പുരസ്‌കാരം മോദിക്ക് നൽകുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. 2021 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഡൊമിനിക്കയ്ക്ക് 70,000 ഡോസ് ആസ്ട്രസെനെക്ക കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തിരുന്നു. അതിനാലാണ് പുരസ്‌കാരം നൽകുന്നതെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റിൻ്റെ ഓഫിസ് പ്രസ്‌താവനയിൽ പറഞ്ഞു.
മോദിയുടെ നേതൃത്വത്തിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ എന്നിവയിൽ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയും ആഗോള തലത്തിൽ കാലാവസ്ഥാ പ്രതിരോധം, നിർമാണ സംരംഭങ്ങളും സുസ്ഥിര വികസനവും പ്രോത്സാഹിപ്പിക്കുന്നതിലും അദ്ദേഹം പങ്ക് വഹിച്ചിരുന്നുവെന്ന് പ്രസ്‌താവന കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യ - കാരികോം ഉച്ചകോടിയ്ക്കിടെ ഉന്നത നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ചുമാണ് ചർച്ച നടത്തിയത്. ഗയാന പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്‌സിലൂടെ പറഞ്ഞു. നൈപുണ്യ വികസനം, കൃഷി, ഫാർമസ്യൂട്ടിക്കൽസ്, വിദ്യാഭ്യാസം, ഊർജം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി വികസന സഹകരണം ഇരുനേതാക്കളും ചർച്ച ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലിയുമായും കൂടിക്കാഴ്‌ച നടത്തിയ പ്രധാനമന്ത്രിക്ക് ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് അവാർഡ് നൽകുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരിയുടെ സമയത്ത് സഹായിച്ചതിലും ഇന്ത്യ - ബാർബഡോസ് തമ്മിലുള്ള ബന്ധങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് പുരസ്‌കാരം സമർപ്പിക്കുന്നത്.
ബഹാമസ് കൗണ്ടർ പാർട്ടി ഫിലിപ്പ് ഡേവിസുമായി നടത്തിയ ചർച്ചയിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാന പ്രവർത്തനങ്ങൾക്കും ഹരിത പങ്കാളിത്തത്തിനും ഊന്നൽ നൽകുമെന്ന് പറഞ്ഞു. ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി, സുരിനാം പ്രസിഡൻ്റ് ചാൻ സന്തോഖി, ആൻ്റിഗ്വ, ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ, സെൻ്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ പിയറേ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.
Also Read: 'നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും'; ഇറ്റലി, ബ്രിട്ടൻ, ഫ്രാൻസ്, പോർച്ചുഗൽ നേതാക്കളെ കണ്ട് മോദി