ഒട്ടാവ: കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ ക്രിമിനലുകളെ പിന്തുണയ്‌ക്കുന്നുവെന്ന പുതിയ ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും കാനഡ ഇടം നല്‍കിയെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ പുതിയ ആരോപണവുമായി ട്രൂഡോ രംഗത്തെത്തിയത്.
ഇന്ത്യൻ ഗവൺമെന്‍റിന്‍റെ കാനഡയിലുള്ള ഏജന്‍റുമാര്‍ രഹസ്യ വിവരശേഖരണം നടത്തി കനേഡിയൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ട്രൂഡോ ആരോപിച്ചു. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസില്‍ (ആർസിഎംപി) നിന്നുള്ള തെളിവുകൾ ഉദ്ധരിച്ചാണ് ട്രൂഡോ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടത്.
'ആർസിഎംപി കമ്മിഷണർ നേരത്തെ പറഞ്ഞതുപോലെ, പൊതുസുരക്ഷയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഏർപ്പെട്ടിട്ടുണ്ട്. ഇതിന് വ്യക്തമായ തെളിവുകൾ കനേഡിയൻ പൊലീസിന് പക്കലുണ്ട്. രഹസ്യ വിവര ശേഖരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നയതന്ത്രജ്ഞര്‍ പൊതുസുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്നത്. ഏഷ്യൻ കനേഡിയൻമാരെ കൊലപ്പെടുത്തുന്നതില്‍ ഉള്‍പ്പെടെ ഇന്ത്യൻ നയതന്ത്രജ്ഞര്‍ക്ക് പങ്കുണ്ട്. ഇത് അംഗീകരിക്കാനാവില്ല,' എന്ന് പത്രസമ്മേളനത്തിനിടെ ട്രൂഡോ വ്യക്തമാക്കി.
ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ നിയമപാലകര്‍ ഇന്ത്യയ്‌ക്ക് നിരവധി തെളിവുകള്‍ നല്‍കിയിട്ടും അത് നിഷേധിക്കുകയായിരുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരുമായും ഇന്ത്യൻ നിയമപാലകരുമായും ചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ചുവെങ്കിലും, അവ ആവർത്തിച്ച് നിരസിക്കപ്പെട്ടു.
അതുകൊണ്ടാണ്, കനേഡിയൻ ഉദ്യോഗസ്ഥർ അസാധാരണമായ ഒരു നടപടി സ്വീകരിച്ചത്. ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നതിന് തെളിവുണ്ടെന്നും, എന്നാല്‍ ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്‍റിനെ അറിയിച്ചപ്പോള്‍ അവര്‍ അത് നിരസിക്കുകയായിരുന്നുവെന്നും ട്രൂഡോ ആരോപിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, ഇന്ത്യൻ നയതന്ത്രജ്ഞര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന ആരോപണവുമായി കനേഡിയൻ പൊലീസും രംഗത്തെത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാനഡയിലെ നിയമ നിർവ്വഹണ ഏജൻസികൾ കൊലപാതകങ്ങൾ, കൊള്ളയടിക്കൽ, മറ്റ് ക്രിമിനൽ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവരെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയെന്നും ഇതിന് തെളിവ് ഉണ്ടെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) കമ്മിഷണർ മൈക്ക് ഡ്യൂഹെം വ്യക്തമാക്കി.
എന്നാല്‍ കാനഡയുടെ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. 2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതു മുതൽ ഇതുവരെ നിരവധി തവണ തെളിവുകള്‍ ആവശ്യപ്പെട്ടിട്ടും കനേഡിയൻ സർക്കാർ ഒരു തെളിവും ഇന്ത്യൻ സർക്കാരിന് നല്‍കാൻ തയ്യാറായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.