കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പൊലീസ്. എംപിയെ കൊലപ്പെടുത്താന്‍ സുഹൃത്ത് പ്രതികൾക്ക് 5 കോടി രൂപ നല്‍കിയതായി പൊലീസ് പറഞ്ഞു. കൊല്‍ക്കത്തയിലെ ഫ്ലാറ്റിന്‍റെ ഉടമയായ യുഎസ് പൗരനാണ് കൊലപാതകം നടത്താന്‍ സുഹൃത്തിന് പണം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്നും കേസിന്‍റെ അന്വേഷണം സിഐഡി ഏറ്റെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മെയ് 12നാണ് എംപി ചികിത്സയ്‌ക്കായി കൊല്‍ക്കത്തയിലെത്തിയത്. ബരാനഗറിലുള്ള സുഹൃത്തിന്‍റെ വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. മെയ് 13ന് വൈദ്യപരിശോധനക്ക് പോയ എംപിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് സുഹൃത്താണ് പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ന്യൂ ടൗണിലുള്ള ഒരു ഫ്ലാറ്റില്‍ എംപിയെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. ഫ്ലാറ്റില്‍ നിന്നും അദ്ദേഹത്തിന്‍റെ രക്തക്കറ കണ്ടെത്തി. അതേസമയം കൊലപാതകത്തെ കുറിച്ചോ മൃതദേഹത്തെ കുറിച്ചോ ഉള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
അനാര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാകുന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മൃതദേഹം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സിഐഡി ഐജി അഖിലേഷ് ചതുർവേദി ഇന്നലെ പറഞ്ഞിരുന്നു. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ ഇന്നലെ (മെയ് 22) അറിയിച്ചിരുന്നു.
Also Read: കൊൽക്കത്തയില്‍ വച്ച് കാണാതായ ബംഗ്ലാദേശ് എംപി മരിച്ച നിലയില്‍; മൂന്നുപേര്‍ പിടിയില്‍