ശാരീരിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശരീരത്തിലെ വെള്ളത്തിന്‍റെ അളവ്. ശാരീരിക പ്രക്രിയകള്‍ സുഖമമാക്കാന്‍ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ എത്ര വെള്ളം കുടിച്ചാലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ശരീരത്തില്‍ ജലാംശത്തിന്‍റെ അളവ് കുറയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
കടുത്ത വേനല്‍ അതല്ലെങ്കില്‍ രോഗങ്ങള്‍, പ്രത്യേകിച്ചും വയറിളക്കം പോലുള്ള അസുഖങ്ങള്‍ ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്‌ടപ്പെടാനിടയാക്കുന്നു. ഇത്തരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് കാരണം നിരവധി പേര്‍ മരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നിര്‍ജലീകരണം കാരണം മരിക്കുന്നവരില്‍ കുട്ടികളാണ് കൂടുതല്‍.
ഒആര്‍എസ് ലായനി (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷന്‍) നിര്‍ജലീകരണം സംഭവിക്കുന്നത് തടയുന്നതിനായി ഒരു പരിധിവരെ സഹായകമാകും. അതുകൊണ്ട് തന്നെ ഒആര്‍എസിനെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ലോകമെമ്പാടും ജൂലൈ 29ന് ഒആര്‍എസ് ദിനമായി ആചരിക്കുന്നു. വയറിളക്കവും നിർജലീകരണവും മൂലമുണ്ടാകുന്ന ശിശുമരണങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുകയും കുറയ്ക്കുകയും ചെയ്യുകയാണ് ലോക ഒആര്‍എസ് ദിനം എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.
1971ലെ യുദ്ധസമയത്ത് പശ്ചിമ ബംഗാള്‍ ബോങ്കോണിലെ അഭയാർഥി ക്യാമ്പിൽ സ്വമേധയ സേവനമനുഷ്‌ഠിച്ച ഒരു ഇന്ത്യൻ ശിശുരോഗ വിദഗ്‌ധനായ ഡോ. ദിലീപ് മഹലനാബിസാണ് ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ കണ്ടെത്തിയത്. പിന്നീട് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സാണ് (ഐഎപി) ലോക ഒആര്‍എസ് ദിനം ആചരിച്ചത്.
ലോകത്ത് 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണകാരണം പരിശോധിച്ചാല്‍ അതില്‍ പകുതിയിലധികവും വയറിളക്കം സംബന്ധിച്ചുള്ള രോഗം ബാധിച്ചുള്ളവയായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒആര്‍എസ് ലായനി നല്‍കിയാല്‍ ആ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാകും. ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ കുറവ് നികത്തുകയാണ് ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെയുണ്ടാകുന്നത്.
വയറിക്കം ഭേദമാക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ ചികിത്സ രീതിയാണിത്. കുട്ടികളില്‍ വയറിളക്കവും ഛർദ്ദിയും ഉണ്ടാകുമ്പോൾ ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒആര്‍എസ് കലക്കി നല്‍കിയാല്‍ അത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെ കുടലില്‍ സോഡിയത്തിനൊപ്പം ഗ്ലൂക്കോസും വെള്ളവും ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കും.
സോഡിയം ക്ലോറൈഡ് (ഉപ്പ്), ട്രൈസോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുൾപ്പെടെ മൂന്ന് തരം ലവണങ്ങളാണ് ഒആര്‍എസില്‍ അടങ്ങിയിരിക്കുന്നത്. വയറിളക്കം പോലുള്ള അവസ്ഥകളിൽ കുട്ടികള്‍ക്ക് കൂടുതല്‍ ഉന്മേഷവും ആരോഗ്യവും നല്‍കാന്‍ ഒആര്‍എസ് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ALSO READ: ചര്‍മ്മത്തിലും തലയിലും കഠിനമായ ചൊറിച്ചില്‍; അറിയാം സോറിയാസിസ് രോഗത്തെക്കുറിച്ച്