എറണാകുളം : മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യിലെ വിഷ്‌ണു മഞ്ചുവിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ശിവരാത്രി ദിനത്തിൽ പുറത്തുവിട്ടു. ഭക്തകണ്ണപ്പയുടെ വേഷം തീവ്രതയോടെ അവതരിപ്പിക്കുന്ന വിഷ്‌ണു മഞ്ചുവിനെ പോസ്‌റ്ററിൽ കാണാനാകും. വില്ലും അമ്പും പിടിച്ച് വെള്ളച്ചാട്ടത്തിൽ നിന്നും ഗാംഭീര്യത്തോടെ ഉയർന്നുവരുന്നതായാണ് പോസ്‌റ്റർ.
പരമശിവന്‍റെ ആത്യന്തിക ഭക്തനായിത്തീർന്ന നിരീശ്വരവാദിയും നിർഭയനുമായ ഒരു യോദ്ധാവിന്‍റെ യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. വിഷ്‌ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രമിപ്പോൾ 600 ലധികം അന്താരാഷ്‌ട്ര ക്ര്യൂ അംഗങ്ങളോടെ ന്യൂസിലാൻഡിന്‍റെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യത്തിൽ രണ്ടാം ഷെഡ്യൂൾ ചിത്രീകരിക്കുകയാണ്.
വിഷ്‌ണു മഞ്ചുവിന്‍റെ വാക്കുകൾ : "അർപ്പണബോധവും അഭിനിവേശവും നിറഞ്ഞ അവിശ്വസനീയമായ ഒരു യാത്രയായിരുന്നു 'കണ്ണപ്പ' എന്ന് വിഷ്‌ണു മഞ്ചു പറഞ്ഞു. ഒരു സിനിമ എന്നതിലുപരി ഒരു യോദ്ധാവിന്‍റെ ആത്മാവിലേക്ക് ആഴത്തിലുള്ള അന്വേഷണമാണിത്. ഈ ചിത്രത്തിന് ജീവൻ നൽകുമ്പോൾ അനുഭവപ്പെട്ട മാജിക് വെളിപ്പെടുത്തുന്നതിന്‍റെ ത്രില്ലിലാണ് ഞാൻ. മഹാശിവരാത്രി ദിനത്തിൽ ഫസ്‌റ്റ് ലുക്ക് പ്രദർശിപ്പിക്കാൻ സാധിച്ചത് ശിവന്‍റെ അനുഗ്രഹമായി കരുതുന്നു" - വിഷ്‌ണു മഞ്ചു കൂട്ടിച്ചേർത്തു.
ശ്രീകാളഹസ്‌തീശ്വര ക്ഷേത്രത്തിൽ പ്രഖ്യാപിച്ച 'കണ്ണപ്പ'യിൽ പ്രശസ്‌ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ, ആക്ഷൻ ഡയറക്‌ടർ കെച്ച ഖംഫക്‌ഡി, ഡാൻസ് മാസ്‌ട്രോ പ്രഭുദേവ എന്നിവരും ഉൾപ്പെടുന്നു. പിആർഒ : ശബരി.
ശിവശക്തിയായി തമന്ന ; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത് : 2022 ൽ ഡയറക്‌ട് ഒടിടി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്‌റ്റേഷൻ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്‌ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ കൊണ്ടും മികച്ച അഭിനേതാക്കളെയും ടെക്‌നീഷ്യൻസിനെയും കൊണ്ടും സമ്പന്നമാവുകയാണ്.
ഈ മഹാശിവരാത്രി നാളിൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു (First Look Poster Is Out). ശിവ ശക്തിയായി തമന്നയാണ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ (Tamannaah As Shiva Shakti). ഈ കഥാപാത്രത്തിനായി തമന്ന കംപ്ലീറ്റ് മേക്കോവർ നടത്തിയതായി കാണാം. ഒരു കയ്യിൽ ഒരു മാന്ത്രിക വടിയും മറു കയ്യിൽ ഡമരുവും പിടിച്ചുകൊണ്ട് ശിവ ശക്തിയായി തന്നെയാണ് തമന്നയെ കാണാൻ സാധിക്കുന്നത്.
കണ്ണുകൾ അടച്ച് ശിവശക്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതായി പോസ്‌റ്ററില്‍ കാണാം. മധു ക്രിയേഷൻസിന്‍റെയും സമ്പത് നന്ദി ടീം വർക്‌സിന്‍റെയും ബാനറിൽ ഡി മധുവും, സമ്പത് നന്ദിയും ചേർന്ന് നിർമിക്കുന്ന ചിത്രം അശോക് തേജയാണ് സംവിധാനം ചെയ്യുന്നത്. കാശിയിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ALSO READ : വിനീത് ശ്രീനിവാസന്‍റെ 'ഒരു ജാതി ജാതകം'; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ
ദുഷ്‌ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്‍റെ കഥയാണ് സിനിമ സംസാരിക്കുന്നത്. ഹെബാ പട്ടേലും വശിഷ്‌ട എൻ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മികച്ച ടെക്‌നീഷ്യൻസും ഒഡെല 2 ന്‍റെ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഡി, ഭുപാൽ, പൂജ റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.