രഞ്ജിത് ശങ്കറിന്‍റെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ നായകനാകുന്ന ഈ ചിത്രം ഏപ്രിൽ 12 ന് തിയേറ്ററുകളിൽ എത്തും. നിലവിൽ ജയ് ഗണേഷ് സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് താരങ്ങളും അണിയറ പ്രവർത്തകരും.
വർഷങ്ങൾക്കു മുമ്പ് തന്‍റെ മനസിൽ ഉദിച്ച ഒരു ആശയത്തിന്‍റെ ബാക്കി പത്രമാണ് ജയ് ഗണേഷ് എന്ന സിനിമയെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു. അതൊരു സിനിമ രൂപത്തിലേക്ക് മാറുന്നതിന് ചില തടസങ്ങൾ മുന്നിട്ടുനിന്നിരുന്നു. എറണാകുളം ജില്ലയിലെ കാക്കനാട് എന്ന സ്ഥലത്ത് വീൽ ചെയറിൽ കാണാനിടയായ ഒരു വ്യക്തിയിൽ നിന്നാണ് സിനിമയുടെ തുടക്കം.
'ജയ് ഗണേഷ്' എന്ന ചിത്രം ആയിരിക്കും തന്‍റെ അടുത്ത സംരംഭം എന്ന് ഉറപ്പില്ലായിരുന്നു എന്നും സംവിധായകൻ പറഞ്ഞു. മറ്റു ചില ആശയങ്ങളുമായി ദിവസങ്ങൾ മുന്നോട്ട് പോകുമ്പോഴാണ് യാദൃശ്ചികമായി ജിമ്മിലേക്ക് പോകുന്ന വഴിയിൽ വീൽചെയറിലെ മനുഷ്യനെ കാണാനിടവരുന്നത്. സാമൂഹിക ഇടപെടലുകൾ നടത്തുന്ന വളരെ സന്തോഷവാനായ ഒരു മനുഷ്യൻ.
അങ്ങനെ ദിവസവും അയാളുടെ അംഗചലനങ്ങൾ വീക്ഷിക്കുവാൻ ആരംഭിച്ചു. ആ വ്യക്തിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ജയ് ഗണേഷി'ലെ പ്രധാന കഥാപാത്രം രൂപപ്പെടുന്നതെന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു. എന്നാൽ തുടക്കത്തിൽ ചില പേടികൾ ഉണ്ടായിരുന്നു.
ഒരു പക്കാ മാസ് ഹീറോയാണ് ഈ സിനിമയിലെ കഥാപാത്രം. ആ കഥാപാത്രത്തെ ഒരു വീൽ ചെയറിൽ ആക്കി കഴിഞ്ഞാൽ പല രംഗങ്ങളും എങ്ങനെ ചിത്രീകരിക്കും എന്നുള്ളതായിരുന്നു പ്രധാന ആശങ്ക. ഒരു മുഴുനീള കൊമേഷ്യൽ സിനിമയിൽ, പ്രത്യേകിച്ചും ത്രില്ലർ ജോണറിലുള്ള ഒരു ചിത്രത്തിൽ നായകൻ വീൽ ചെയറിൽ ആയാൽ എങ്ങനെയിരിക്കും എന്നുള്ള ചിന്ത തീർത്തും വ്യത്യസ്‌തമുള്ളതായി തോന്നി.
പിന്നീട് അയാളുടെ സാമൂഹിക - മാനുഷിക ജീവിത തലങ്ങളിലേക്ക് അന്വേഷണവുമായി ഇറങ്ങി. വീൽ ചെയറുകളിൽ ജീവിക്കുന്ന വ്യക്തികളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ആരംഭിച്ചു. സിനിമയുടെ തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞശേഷം സ്വയം മനസിലാക്കിയ ഒരു കാര്യമുണ്ട്. ഇത്തരത്തിലുള്ള ആളുകളെ കാണുമ്പോൾ ദയാനുകമ്പയോടു കൂടി നോക്കുകയാണെങ്കിൽ നമ്മൾ മാനസികമായി വളർന്നിട്ടില്ല എന്നാണർഥം.
ഈ സിനിമ ചെയ്യാൻ രഞ്ജിത്ത് കണ്ടെത്തിയ അതേ കാരണങ്ങൾ തന്നെയാണ് തന്നെയും ഈ സിനിമയുടെ ഭാഗമാക്കിയതെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഒരു ആശയം കേൾക്കുമ്പോൾ ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ ഇത് തനിക്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുമോ എന്ന എക്‌സൈറ്റ്‌മെന്‍റാണ് കഥാപാത്ര തെരഞ്ഞെടുപ്പിലേക്ക് എത്തിക്കുന്നത്. അത്തരത്തിൽ തന്നെ സ്വാധീനിച്ച ആശയം തന്നെയായിരുന്നു ജയ് ഗണേഷിന്‍റേതെന്ന് നടൻ പറഞ്ഞു.
കുട്ടിക്കാലത്ത് പോളിയോ ബാധിച്ച ഒരു സുഹൃത്ത് എനിക്കും ഉണ്ടായിരുന്നു. പലപ്പോഴും ഇത്തരത്തിലുള്ള ആൾക്കാരെ കളിയാക്കുന്ന സാമൂഹിക അന്തരീക്ഷത്തിൽ തന്നെയാണ് ഞാൻ അടക്കമുള്ളവർ വളർന്നുവന്നത്. ഉത്തരം കളിയാക്കലുകൾ തെറ്റാണെന്ന് മനുഷ്യന് ബോധ്യപ്പെട്ടു തുടങ്ങിയത് തന്നെ വളരെ അടുത്ത കാലത്താണ്.
സുഹൃത്തുക്കൾക്കൊപ്പം ഉള്ള സ്വകാര്യ നിമിഷങ്ങളിൽ പരസ്‌പരം ബോഡി ഷെയ്‌മിങ് ചെയ്‌ത് അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറുണ്ട്. ഇത്തരം സാമൂഹ്യബോധത്തിൽ ഈ കഥാപാത്രത്തെ കൂടുതൽ മനോഹരമായി കൈകാര്യം ചെയ്യുവാൻ സാധിച്ചു. രഞ്ജി ശങ്കറിന്‍റെ 27-ാമത്തെ ഡ്രാഫ്റ്റ് ആയിരുന്നു ലോക്ക്‌ഡ് സ്‌ക്രിപ്‌റ്റ്.
ഓരോ ദിവസവും അദ്ദേഹം ഇങ്ങനെ തിരക്കഥകൾ തിരുത്തി അയച്ചു കൊണ്ടിരിക്കും. ഒരു തിരക്കഥ വായിച്ച് പൂർത്തിയാക്കുമ്പോഴേക്കും തിരുത്തിയ അടുത്ത തിരക്കഥയുടെ രൂപം എത്തും. ഇത് തന്നെ വളരെയധികം ബുദ്ധിമുട്ടിച്ചെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്നാൽ തന്നോടൊപ്പം മുൻപ് സിനിമകൾ ചെയ്‌ത ജയസൂര്യ അടക്കമുള്ളവർ ഇത്തരം ഒരു പരാതി പറയില്ലെന്ന് തമാശരൂപേണ രഞ്ജിത് ശങ്കർ മറുപടി നൽകി.
അവർക്കിത് ശീലമുള്ള കാര്യമാണെന്നും താങ്കൾ ആദ്യമായി തന്‍റെ ചിത്രത്തിൽ അഭിനയിക്കുന്നത് കൊണ്ടാണ് ഇങ്ങനെയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനവും ഈ സിനിമയിലുണ്ട്. മലയാളത്തിൽ ഇത്തരമൊരു ഗാനം ഇതാദ്യമാണ്.
അതേസമയം ഒരു ഭക്തി ചിത്രം എന്ന നിലയിൽ ജയ് ഗണേഷിനെ കാണേണ്ടതില്ലെന്നും അണിയറക്കാർ വ്യക്തമാക്കി. മാളികപ്പുറം എന്ന ചിത്രത്തിനുശേഷം തന്‍റേതായി പുറത്തിറങ്ങുന്ന സിനിമയ്‌ക്ക് ജയ് ഗണേഷ് എന്ന പേര് വന്നത് കാരണം ഇതുമൊരു ഭക്തിപ്പടമാണോ എന്ന സംശയം ഉണ്ടാകാം. ഈ കഥ ഉണ്ണിമുകുന്ദിൽ എത്തിയത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം.
ജയ് ഭീം എന്ന് നമ്മൾ കേൾക്കുന്നതുപോലെയേ ഉള്ളൂ ജയ് ഗണേഷ് എന്ന പേരും. അതിപ്പോൾ ഉണ്ണിമുകുന്ദൻ അല്ല മറ്റേത് നടൻ അഭിനയിച്ചാലും ഈ ചിത്രത്തിന് ജയ് ഗണേഷ് എന്നു തന്നെയായിരിക്കും പേരെന്നും രഞ്ജിത്ത് ശങ്കർ പ്രതികരിച്ചു.
ALSO READ: ഉണ്ണി മുകുന്ദന്‍റെ 'ജയ് ഗണേഷ്'; ത്രില്ലടിപ്പിച്ച് ട്രെയിലർ