സിനിമ നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്നും പുറത്താക്കി. അച്ചടക്കലംഘനം ചുണ്ടിക്കാട്ടിയാണ് സംഘടനയുടെ നടപടി. സാന്ദ്രയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
നിർമ്മാതാക്കൾക്കെതിരെ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് പുറത്താക്കലെന്ന് സാന്ദ്ര തോമസ് ആരോപിച്ചു. നിർമ്മാതാക്കളുടെ സംഘടനയുടെ യോഗത്തിലേയ്‌ക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് സാന്ദ്ര നൽകിയ പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര തോമസ് നൽകിയ പരാതി വ്യാജമാണെന്നും ഇതിൽ അന്വേഷണം നടത്തണമെന്നുമാണ് നിർമ്മാതാക്കളുടെ ആവശ്യം.
സുഹൃത്തുക്കളും സഹപ്രവർത്തകരുമായ നിർമ്മാതാക്കൾ യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നുവെന്നും നിർമ്മാതാക്കൾക്കെതിരെ പരാതി പറയാൻ താരങ്ങൾ ഉൾപ്പടെ എല്ലാവർക്കും ഭയമാണന്നും സാന്ദ്ര വ്യക്തമാക്കി. സ്വേഛാധിപത്യ തീരുമാനമാണ് നിർമ്മാതാക്കളുടെ സംഘടനയിൽ നടപ്പിലാക്കുന്നതെന്ന് സാന്ദ്ര തോമസ് ആരോപിച്ചിരുന്നു.
താര സംഘടനയായ അമ്മയുടെ സ്വാധീനത്തിന് വഴങ്ങിയാണ് നിർമ്മാതാക്കളുടെ സംഘടന പ്രവർത്തിക്കുന്നത്. താര സംഘടനയിൽ മാത്രല്ല നിർമ്മാതാക്കളുടെ സംഘടനയിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിലപാട് വ്യക്‌തമാക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും സാന്ദ്ര തോമസ് വ്യക്‌തമാക്കിയിരുന്നു.