ഒരു വിശേഷണം മാത്രമായി സുവർണ്ണകാലം: പൊതുവേ വിശേഷിപ്പിക്കുന്ന ഒരു പ്രയോഗമാണ് 2024 മലയാള സിനിമയുടെ സുവർണ്ണകാലം എന്നത്. നമുക്കറിയാം, 'മഞ്ഞുമ്മൽ ബോയ്‌സും' 'പ്രേമലു'വും 'വർഷങ്ങൾക്ക് ശേഷ'വും 'ആവേശ'വും ഒക്കെ മലയാള സിനിമ വ്യവസായത്തിന്‍റെ ദിശ മാറ്റിയ ഘടകങ്ങളാണെന്ന്. കൊവിഡിന് ശേഷം, ഒടിടിയിലൂടെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് മലയാള സിനിമ ഇന്ത്യയിലുടനീളം ഒരുപക്ഷേ ലോകത്തിലുടനീളം ജനപ്രിയമായി മാറുന്ന കാഴ്‌ചയാണ് നാം കണ്ടത്. ബോളിവുഡ് താരങ്ങളും, ദേശീയ സിനിമ നിരൂപകരും മലയാള സിനിമയെ വാനോളം പുകഴ്ത്തി.
'മികച്ച ആശയത്തിനായി എന്താണ് ചുരുട്ടി വലിക്കുന്നത്'?
ഒരു പ്രമുഖ ദേശീയ മാധ്യമത്തിലെ അവതാരക, ആശ്ചര്യത്തോടെ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനോട് ചോദിച്ചത് ഇങ്ങനെയാണ്- 'നിങ്ങൾ ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ആശയത്തിനായി എന്താണ് ചുരുട്ടി വലിക്കുന്നത്?' സമാന ചോദ്യം, കമൽ ഹാസൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ഒരു വട്ടമേശ സമ്മേളനത്തില്‍, നടൻ പൃഥ്വിരാജിനോടും ഉന്നയിച്ചിട്ടുണ്ട്. രണ്ട് ചോദ്യങ്ങൾക്കും ഒരു മറുപടിയാണ്.
അന്യ ഭാഷ സിനിമകളോട് മത്സരിക്കാനാകില്ല: അടിസ്ഥാനപരമായി ഹിന്ദി, തെലുഗു, തമിഴ് തുടങ്ങിയ ഭാഷ സിനിമ മേഖലകളോട് മത്സരിക്കാൻ മലയാള സിനിമകൾക്കാവില്ല. 'പഠാൻ', 'ബാഹുബലി', 'എന്തിരൻ' പോലുള്ള ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിക്കാൻ അടുത്തൊന്നും മലയാള സിനിമയ്ക്ക് കഴിയില്ല. അപ്പോൾ പിന്നെ മികച്ച ആശയങ്ങൾ കൊണ്ട് മത്സരിക്കുക. മറ്റൊരു ഭാഷയിലും ഇല്ലാത്ത പ്രത്യേകത മലയാള സിനിമയ്ക്ക് ഉണ്ടെന്ന് അഭിപ്രായപ്പെട്ടത് വിഖ്യാത സംവിധായകൻ എസ് എസ് രാജമൗലിയാണ്. മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്‌റ്റുകളെ ഒരു രംഗത്തിൽ അണിനിരക്കുന്ന രീതി അവിശ്വസനീയമാണ്. ഇത്രയും സ്വാഭാവികമായി പെരുമാറുന്ന ജൂനിയർ ആർട്ടിസ്‌റ്റുകളെ മറ്റൊരു ഇൻഡസ്ട്രിയിലെ സിനിമകൾക്കും കാണാനാകില്ല. മാത്രമല്ല, പ്രതിഭയുള്ള എഴുത്തുകാരാൽ സമ്പുഷ്‌ടമാണ് മലയാള സിനിമ.
മലയാള സിനിമയെ വാനോളം പുകഴ്ത്തിയ രാജമൗലി: ദേശീയതലത്തിൽ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമാണ് അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ 'കാതല്‍'. സാമന്ത അടക്കമുള്ള നിരവധി താരങ്ങൾ മമ്മൂട്ടിയെ പ്രശംസിച്ച് പല വേദികളിലും സംസാരിക്കുകയുണ്ടായി. 'പ്രേമലു' എന്ന ചിത്രം കണ്ട് ആശ്ചര്യപ്പെട്ട രാജമൗലി അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ തന്നെയാണ് ചിത്രം തെലുഗുവിലേയ്‌ക്ക് മൊഴിമാറ്റി എത്തിക്കാൻ മുൻകൈ എടുത്തതും. തെലുഗു പതിപ്പിന്‍റെ ലോഞ്ച് വേളയിൽ സിനിമയെ വാനോളം പുകഴ്ത്തി പറഞ്ഞ രാജമൗലി, മലയാള സിനിമയിലെ അഭിനേതാക്കള്‍, പകരം വയ്ക്കാനില്ലാത്ത പ്രതിഭകൾ ആണെന്ന് പരാമര്‍ശിക്കുകയും ചെയ്‌തു.
മമ്മൂട്ടി വിസ്‌മയിപ്പിച്ചപ്പോള്‍, മോഹന്‍ലാലിന് പരാജയങ്ങള്‍: അടുത്തിടെ പുറത്തിറങ്ങിയ 'നൻ പകൽ നേരത്തു മയക്കം', 'കണ്ണൂർ സ്ക്വാഡ്', 'കാതൽ' എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി മലയാളികളെ വിസ്‌മയിപ്പിച്ചു. അതേസമയം മോഹൻലാലിന്‍റെ 'നേര്' പ്രേക്ഷകരെ സംതൃപ്‌ത്തിപ്പെടുത്തിയപ്പോൾ പ്രതീക്ഷ ഉണ്ടായിരുന്ന 'മലൈക്കോട്ടെ വാലിബൻ' വലിയ പരാജയമായി മാറി. മോഹൻലാലിന്‍റെ സിനിമകൾ തുടരെ തുടരെ ബോക്‌സ് ഓഫീസ് പരാജയങ്ങളായി മാറി.
കോടികളുടെ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ വിശദീകരിക്കണം: എന്നാല്‍ മലയാള സിനിമയെ 50 കോടി, 100 കോടി എന്ന് പറഞ്ഞു പഠിപ്പിച്ചതും മോഹൻലാലാണ്. 'ദൃശ്യം', 'പുലിമുരുകൻ', 'ലൂസിഫർ' തുടങ്ങി ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ എന്നും മറ്റു ചിത്രങ്ങൾക്ക് മാതൃകയാണ്. 'ആവേശ'വും 'മഞ്ഞുമ്മൽ ബോയ്‌സും' ഈ വർഷം ഇതിനോടകം 100 കോടിയിലധികം ആഗോള കളക്ഷൻ നേടിക്കഴിഞ്ഞു. സിനിമകളുടെ 100 കോടി, 500 കോടി, 1000 കോടി എന്നൊക്കെയുള്ള കളക്ഷൻ റെക്കോർഡുകളെ കുറിച്ച് കൃത്യമായി പ്രേക്ഷകരിൽ ധാരണ ഉണ്ടാക്കണമെങ്കിൽ, നിർമ്മാതാക്കൾ തന്നെ വിശദീകരിക്കണമെന്നാണ് എന്‍റര്‍ടെയിന്‍മെന്‍റ് അനലിസ്‌റ്റുകളും തിയേറ്റർ ഓണേഴ്‌സ് അസോസിയേഷനും പറയുന്നത്.
ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച മലയാള സിനിമ: മലയാള സിനിമയിൽ പെരുപ്പിക്കുന്ന കളക്ഷൻ റെക്കോർഡുകൾ സത്യമോ മിഥ്യയോ എന്നുള്ളതിനെ കുറിച്ചുള്ള ചർച്ച അവിടെ നിൽക്കട്ടെ. 2024 വരെയുള്ള മലയാള സിനിമയുടെ വളർച്ചയിലൂടെ ഒന്ന് കണ്ണോടിക്കാം. മലയാള സിനിമ ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് തമിഴ് ദേശത്തും തെലുഗു ദേശത്തും കൊടികുത്തി പറക്കുന്നത് ഇതാദ്യമൊന്നുമല്ല. മമ്മൂട്ടിയുടെ 'ന്യൂഡൽഹി', 'സിബിഐ ഡയറിക്കുറിപ്പ്' തുടങ്ങിയ ചിത്രങ്ങൾ മുന്നൂറിലധികം ദിവസം തമിഴ്‌നാട്ടിലെ മെയിൻ സെന്‍റര്‍ തിയേറ്ററുകളിൽ ഓടി തിമിർത്തിരുന്നു. സുരേഷ് ഗോപിയുടെ സിനിമകൾക്ക് തെലുഗു ദേശത്തും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഒരുപക്ഷേ ഒരു ഭാഷയിൽ നിന്ന് ധാരാളം റീമേക്കുകൾ സംഭവിച്ച റെക്കോർഡും മലയാള സിനിമയ്ക്കാണെന്ന് പറയേണ്ടിവരും.
മലയാള സിനിമയുടെ സുവർണ്ണകാലം: മലയാള സിനിമയുടെ സുവർണ്ണകാലം എന്ന് പറയുമ്പോൾ മലയാള സിനിമയ്ക്ക് എന്നാണ് സുവർണ്ണകാലം അല്ലാതിരുന്നത്. 18 ദേശിയ പുരസ്ക്കാരം നേടിയ സംവിധായകൻ വേറെ ഏത് ഭാഷയിലിണ്ട്. ഒരു കയറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ട് എന്ന് പറയുന്നതു പോലെ, മലയാള സിനിമയിൽ വിജയങ്ങളും പരാജയങ്ങളും എക്കാലവും മാറിമാറി സംഭവിച്ചിട്ടുള്ളതാണ്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറക്കി, ഒരു സൂപ്പർസ്‌റ്റാർ സ്വന്തം ഇമേജ് വകവയ്ക്കാതെ ചെകുത്താൻ വേഷം അണിഞ്ഞ 'ഭ്രമയുഗ'ത്തെ ഇന്ത്യൻ സിനിമ തന്നെ കയ്യടിച്ചു. 'കാതലി'ല്‍ ഹോമോ സെക്ഷ്വൽ കഥാപാത്രമായും അഭ്രപാളിയിൽ വിസ്‌മയം തീർത്തു. അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സിനിമയിലെ ലെജന്‍റുകൾ അടക്കം ഞെട്ടിത്തരിച്ചു. തമിഴ്‌നടൻ സിദ്ധാർത്ഥിന് മമ്മൂട്ടിയെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലായിരുന്നു. മലയാള സിനിമയുടെ കലാമൂല്യത്തെയും മലയാള സിനിമ അണിയറ പ്രവർത്തകരുടെ ധൈര്യത്തെയും പല ഇന്‍ഡസ്‌ട്രിയും മാതൃകയാക്കി. ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ അടക്കം പ്രശംസിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 'കുമ്പളങ്ങി നൈറ്റ്സ്'. പല ഇൻഡസ്ട്രികളിലെയും സിനിമ പ്രവർത്തകരുടെ റഫറൻസ് പുസ്‌തകം കൂടിയാണ് ആ ചിത്രം.
മലയാള സിനിമയിലെ അത്‌ഭുതങ്ങൾ: മലയാള സിനിമയ്ക്ക് മോശം കാലവും നല്ല കാലവും സംഭവിച്ചിട്ടുണ്ട്. വർത്തമാനത്തിനൊപ്പം നിൽക്കണം എന്നാണെങ്കിലും വെറും 40ന് താഴെ മെയിൻ സെന്‍ററുകളുമായി പ്രദർശനം ആരംഭിച്ച്, കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ഇവിടെ സംഭവിച്ച അത്‌ഭുതങ്ങൾ ആർക്കും അറിയില്ല എന്ന് വേണം പറയാൻ. അടുത്തടുത്ത് ഓസ്‌കർ മത്സരവിഭാഗത്തിലേക്ക് പരിഗണിക്കപ്പെട്ട 2018, 'ജെല്ലിക്കെട്ട്' എന്നിവ അന്യ ഭാഷ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങൾ കൂടിയാണ്. ജൂഡ് ആന്‍റണി, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, ജീത്തു ജോസഫ് എന്നിങ്ങനെ മലയാളത്തിൽ സംവിധായ പ്രതിഭകൾക്കും കുറവില്ല.
സ്വവര്‍ഗരതിയെ ചര്‍ച്ച ചെയ്‌ത മലയാള സിനിമ: മമ്മൂട്ടിയുടെ കരിയറിന്‍റെ ഉച്ചസ്ഥായിയിൽ അദ്ദേഹം ഒരു ഹോമോ സെകഷ്വലായി അഭിനയിച്ചെങ്കിൽ മലയാളികൾക്ക് അതിൽ അത്ഭുതമില്ല. മലയാളികൾ അതിനപ്പുറം കണ്ടവരാണ്. പൃഥ്വിരാജ് ചിത്രം 'മുംബൈ പോലീസി'ലെ കഥാപാത്രമായ ആന്‍റണി മൊസ്സസ്, തന്‍റെ ഹോമോ സെക്ഷ്വാലിറ്റി, ചിത്രത്തിന്‍റെ ക്ലൈമാക്സിൽ പരസ്യമായി കാണിച്ചിട്ടുണ്ട്. ഹ്രസ്വ ചിത്രത്തിലൂടെ മോഹൻലാലും അല്ലാപ്പിച്ച മൊല്ലാക്കയായി സമാന കഥാപാത്രത്തെ കൈകാര്യം ചെയ്‌തു. എന്തിന് സ്വവര്‍ഗരതിയെ 30 വർഷങ്ങൾക്ക് മുമ്പ് പരസ്യമായി ചർച്ച ചെയ്യാൻ ഇന്ത്യയിലെ ഏത് സിനിമ ഇൻഡസ്ട്രിക്ക് ധൈര്യം ഉണ്ടായിരുന്നു.
എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങൾ: കരിയറിന്‍റെ ഏറ്റവും മികച്ച ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ, തറവാടിത്തമുള്ള നായകൻ നഗരത്തിന്‍റെ ഇരുട്ടിൽ പിമ്പായി, സ്വന്തം സുഹൃത്തിന് വ്യഭിചരിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നു. ആ നായകൻ മലയാളത്തിലെ ഇപ്പോഴത്തെ കൾട്ട് ക്ലാസിക്കാണ്. കെജി ജോർജിന്‍റെ 'ഇരകള്‍' എന്ന ഡാർക്ക് മൂവി, എണ്ണം പറഞ്ഞ ക്ലാസിക്കുകളിൽ ഒന്നാണ്. ഏഷ്യയിലെ ആദ്യത്തെ ലൈവ് ആക്ഷൻ സിനിമ 'ഓ ഫാബി' സംഭവിക്കുന്നത് മലയാളത്തിലാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി 70 എംഎം പൂർണമായി ചിത്രീകരിച്ച സിനിമ 'പടയോട്ടം' സംഭവിച്ചതും മലയാളത്തിലാണ്. ആദ്യത്തെ നിയോ റിയലിസ്‌റ്റിക് സിനിമ സംഭവിച്ചതും മലയാളത്തിലാണ്. ആദ്യ ത്രീ ഡി ചിത്രം, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിശേഷണങ്ങൾ മലയാളത്തിലുണ്ട്. ഇതൊക്കെ കണ്ടും കേട്ടും അറിഞ്ഞ മലയാളിക്ക് അംഗീകരിക്കപ്പെടേണ്ട കാലത്തിൽ അംഗീകരിക്കപ്പെടാതെ പോയ മലയാള സിനിമയെ ഓർത്ത് ദുഃഖവുമുണ്ട്. എങ്കിലും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മലയാള സിനിമയുടെ കൊടികുത്തിപ്പാറുന്നത്, മറ്റുള്ളവർ മലയാള സിനിമയെ പുകഴ്ത്തി സംസാരിക്കുന്നത് നമുക്ക് അഭിമാനം തന്നെ.
മലയാള സിനിമയുടെ തലവരമാറ്റിയ ചിത്രങ്ങൾ: ബലാൽക്കാരം സംഭവിക്കുന്ന നായികമാർ ആത്മഹത്യ ചെയ്യുന്ന കഥാപാത്രങ്ങളായി മാത്രം ഇന്ത്യൻ സിനിമയിൽ ഒതുങ്ങി കൂടിയപ്പോൾ അച്ഛൻ ദേഹോപദ്രവം ചെയ്‌ത പെണ്ണിനെ തന്‍റേടത്തോടെ ലോറിയിലേക്ക് വലിച്ചു കയറ്റിയ നായകനും മലയാളത്തിന്‍റെ മുഖമുദ്രയാണ്. 30 വർഷം മുൻപേ ചിന്തിച്ച ആശയങ്ങളുമായി ഭരതനും പത്മരാജനും മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമകൾക്ക് പകരം വയ്ക്കാൻ, ഇന്ത്യൻ സിനിമയിൽ ഇനിയും ഒരു സൃഷ്‌ടി പുനർജനിക്കേണ്ടിയിരിക്കുന്നു. എണ്‍പതുകളുടെ പകുതിയോടെയും 2000ന്‍റെ പകുതിയോടെയും അശ്ലീല വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങൾ മലയാള സിനിമയെ കാർന്നുതിന്നപ്പോൾ, മലയാള സിനിമകൾ ഇത്തരം സിനിമകളുടെ വക്താവാണെന്ന് മറ്റു ഭാഷക്കാർ ഏറ്റുപാടി. അന്ന് രക്ഷകരായ രണ്ടു ചിത്രങ്ങൾ 'ന്യൂഡൽഹി'യും 'മീശമാധവനു'മാണ്. എക്കാലവും മലയാള സിനിമയുടെ തലവരമാറ്റുന്ന ചിത്രങ്ങൾ ഓരോ ഇടവേളകളിൽ സംഭവിച്ചിട്ടുണ്ട്.
മലയാള സിനിമയുടെ മൂല്യം വർദ്ധിപ്പിച്ച ചിത്രങ്ങള്‍: 2005ന്‍റെ പകുതിയോടെ നിലവാരം നഷ്‌ടപ്പെട്ട മലയാള സിനിമയിൽ വലിയൊരു മാറ്റം കൊണ്ടുവരുന്നത് രാജേഷ് പിള്ള സംവിധാനം ചെയ്‌ത് 2011ൽ റിലീസ് ചെയ്‌ത 'ട്രാഫിക്' എന്ന ചിത്രത്തിലൂടെയാണ്. മലയാളി അതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത കഥാസന്ദർഭങ്ങളും ആഖ്യാനരീതിയും ചിത്രത്തെ ദേശീയ തലത്തിൽ വരെ ശ്രദ്ധയാകർഷിച്ചു. പിന്നീടാണ് അൻവർ റഷീദ് - അഞ്ജലി മേനോൻ കൂട്ടുകെട്ടിലുള്ള 'ഉസ്‌താദ് ഹോട്ടലും' നിവിൻ പോളിയുടെ 'തട്ടത്തിൻ മറയത്തു'മൊക്കെ മലയാള സിനിമയുടെ മൂല്യം വർദ്ധിപ്പിക്കുന്നത്.
മലയാള സിനിമയെന്ന മാണിക്യം: അക്കാലത്ത് പ്രമുഖ തമിഴ് സിനിമകൾക്ക് പോലും കേരളത്തിൽ തിയേറ്ററുകൾ ലഭ്യമായിരുന്നില്ല. പിന്നീടാണ് ചെറിയ ബജറ്റ് സിനിമകൾ മാത്രം സ്വപ്‌നം കണ്ടു നടന്ന മലയാളിക്ക് വലിയ ക്യാൻവാസ് ചിത്രങ്ങൾ സ്വപ്‌നം കണ്ടു തുടങ്ങാനുള്ള 'ദൃശ്യം' സംഭവിക്കുന്നത്. 'ദൃശ്യ'ത്തിനുശേഷം തമിഴ്‌നാട് കീഴടക്കിയ 'പ്രേമം', തമിഴ്‌നാട്ടിലെ ഉൾനാടൻ തിയേറ്ററുകളിൽ വരെ ഒരു തമിഴ് ചിത്രത്തെ പോലെ സ്ക്രീനുകൾ കീഴടക്കി. പ്രധാന സെന്‍ററുകളിൽ ശനിയും ഞായറും മാത്രം പ്രദർശിപ്പിച്ചിരുന്ന മലയാള സിനിമ, കേരളത്തിൽ തമിഴ് സിനിമകൾ റിലീസ് ചെയ്യുന്നതു പോലെ, തമിഴ്‌നാട്ടിൽ മലയാള സിനിമ റിലീസ് ചെയ്യുന്നതിന് കാരണമാക്കിയത് 'പ്രേമം' എന്ന ചിത്രമാണെന്ന് പറയാം. കൃത്യമായ ഇടവേളകളിൽ ഓരോ വർഷവും മലയാളിക്ക് എടുത്തു പറയാൻ നിരവധി ചിത്രങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. കൊവിഡ് കാലത്ത് ഒടിടിയിലൂടെ അന്യഭാഷ ചിത്രങ്ങൾ പരതുന്ന ആഗോള പ്രേക്ഷകർ മലയാള സിനിമയെന്ന മാണിക്യത്തെ തിരിച്ചറിഞ്ഞു.
മലയാള സിനിമയുടെ വലിയ ആരാധകന്‍: ഫഹദ് ഫാസിൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടന്‍മാരിൽ ഒരാളായി അക്ഷരാർത്ഥത്തിൽ മാറിയിട്ടുണ്ട്. 'വിക്ര'വും 'പുഷ്‌പ'യും എല്ലാം അദ്ദേഹത്തിന്‍റെ പാൻ ഇന്ത്യൻ റീച്ച് വർദ്ധിപ്പിച്ചു. ദുൽഖർ സൽമാന്‍റേതായി മലയാളത്തിന് വലിയ സംഭാവനകൾ കഴിഞ്ഞ കുറച്ചു നാളുകളായി ഇല്ല എന്നുള്ളതാണ് വാസ്‌തവം. പക്ഷേ 'സീതാരാമം' അടക്കമുള്ള പാൻ ഇന്ത്യൻ അന്യഭാഷ ചിത്രങ്ങളിലൂടെ ദുൽഖർ സല്‍മാന്‍ മലയാള സിനിമയുടെ ബ്രാൻഡാണ്. ഇപ്പോൾ മാത്രമല്ല എക്കാലവും മലയാള സിനിമയുടെ വലിയ ആരാധകനാണ് താനെന്ന് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് പല അഭിമുകങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.
ലോകനിലവാരമുള്ള മലയാള സിനിമ: വിദ്യാസമ്പന്നരായ പ്രേക്ഷകരാണ് മലയാള സിനിമയ്ക്കുള്ളത്. അതുകൊണ്ടുതന്നെ സിനിമയുടെ ഉള്ളടക്കത്തിൽ അവർ അതീവ ശ്രദ്ധ പുലർത്തും. ലോകനിലവാരത്തിൽ മലയാള സിനിമ മാറുന്നതിന് പ്രേക്ഷകരാണ് യഥാർത്ഥ കാരണമെന്നാണ് അനുരാഗ് കശ്യപ്പിന്‍റെ അഭിപ്രായം. വരാനിരിക്കുന്നത് വമ്പൻ ചിത്രങ്ങളുടെ വസന്തകാലം തന്നെയാണ്. കണ്ട് ആസ്വദിക്കാനും കണ്ടു പഠിക്കാനും അതിലൂടെ മലയാള സിനിമയുടെ വ്യവസായം അന്യഭാഷയിലേക്കും വളരാനും മലയാളം സിനിമയ്ക്ക് ആകട്ടെ.