നീണ്ട ഇടവേളയ്‌ക്ക് ശേഷം കമൽഹാസനും സംവിധായകൻ മണിരത്‌നവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. ഈ സിനിമയുടെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഉടൻ തന്നെ സിനിമയുമായി ബന്ധപ്പെട്ട വലിയൊരു പ്രഖ്യാപനം നടത്താനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്. 'തഗ് ലൈഫി'ന്‍റെ വമ്പൻ അപ്‌ഡേറ്റ് നാളെ (മെയ് 8) പുറത്തുവരും.
ചിത്രത്തിന്‍റെ നിർമാതാക്കൾ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് ഒരു പുതിയ അപ്‌ഡേറ്റ് റിലീസ് ചെയ്യുമെന്ന് 'തഗ് ലൈഫി'ൻ്റെ നിർമാതാക്കൾ അവരുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ അറിയിച്ചു. ഒരു വീഡിയോയും നിർമാതാക്കൾ പങ്കുവച്ചിട്ടുണ്ട്.
"സിഗ്‌മ തഗ് റൂൾസ്" എന്നെഴുതിയ വീഡിയോയിൽ മരുഭൂമിയുടെ ദൃശ്യമാണ് നൽകിയിരിക്കുന്നത്. ''ഒരു പുതിയ തുടക്കത്തിനുള്ള സമയമായി" എന്ന അടിക്കുറിപ്പോടെയാണ് നിർമാതാക്കൾ വീഡിയോ പങ്കുവച്ചത്. ചിത്രത്തിലെ സിലമ്പരശന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായിരിക്കും പ്രഖ്യാപനം എന്നാണ് സൂചനകൾ. തിരക്കുകൾ കാരണം ദുൽഖർ സൽമാൻ ഈ പ്രോജക്‌ട് ഉപേക്ഷിച്ചതിനെ തുടർന്നാണ് സിലമ്പരസൻ 'തഗ് ലൈഫി'ലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ 'തഗ് ലൈഫി'ന്‍റെ സെറ്റിൽ നിന്നുള്ള ഒരു ഷോട്ട് ഇന്‍റർനെറ്റിൽ ചോർന്നതും വാർത്തയായി. ചിത്രത്തിലെ കമൽഹാസന്‍റെയും സിലംബരശന്‍റെയും പുതിയ ലുക്ക് ഈ വീഡിയോയിലൂടെ വെളിപ്പെട്ടിരുന്നു. ഏതായാലും വാർത്തകൾ ശരിയായാൽ 'ചെക്ക ചിവന്ത വാന'ത്തിന് ശേഷം എസ്‌ടിആറും മണിരത്‌നവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാകും 'തഗ് ലൈഫ്'.
അതേസമയം ഒരു ആക്ഷൻ ഡ്രാമയായാണ് 'തഗ് ലൈഫ്' ഒരുങ്ങുന്നതെന്നാണ് വിവരം. 1987ൽ പുറത്തിറങ്ങിയ 'നായകൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് ഈ സിനിമയിലൂടെ. മണിരത്‌നവും കമൽ ഹാസനും ചേർന്നാണ് ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. കൂടാതെ തൃഷ കൃഷ്‌ണൻ, അഭിരാമി, നാസർ, ഗൗതം കാർത്തിക്, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്‌മി തുടങ്ങി നിരവധി താരങ്ങളും 'തഗ് ലൈഫി'ൽ പ്രധാന വേഷങ്ങളിൽ ഉണ്ട്.
ALSO READ: കാത്തിരിപ്പിന് അവസാനം; ധനുഷിന്‍റെ 'രായൻ' വരുന്നു, ആദ്യ ഗാനം ഉടൻ