നീണ്ട കാത്തിരിപ്പിനൊടുവില്‍ അമല്‍ നീരദ് ചിത്രം 'ബോഗയ്‌ന്‍വില്ല' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കിയ 'ബോഗയ്‌ന്‍വില്ല'യ്‌ക്ക് മികച്ച പ്രേക്ഷകപ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. 'ബോഗയ്‌ന്‍വില്ല'യിലൂടെ ഒരിടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ജ്യോതിര്‍മയി.
സിനിമയുടെ റിലീസ് വേളയില്‍ 'ബോഗയ്‌ന്‍വില്ല'യെ കുറിച്ചും തന്‍റെ തിരിച്ചു വരവിനെ കുറിച്ചും ജ്യോതിര്‍മയി ഇടിവി ഭാരതിനോട് മനസ്സ് തുറന്നു. 'ബോഗയ്‌ന്‍വില്ല' തിയേറ്ററുകളില്‍ റിലീസിന് എത്തിയിട്ടുണ്ടെന്നും മികച്ച പ്രേക്ഷക പിന്തുണ പ്രതീക്ഷിക്കുന്നതായും ജ്യോതിര്‍മയി പറഞ്ഞു. 'ബോഗയ്‌ന്‍വില്ല'യിലെ കഥാപാത്രം ചെയ്യാന്‍ താന്‍ വിസമ്മതിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്നും നടി പറഞ്ഞു. സിനിമയിലേയ്‌ക്ക് എത്തിപ്പെട്ടതിനെ കുറിച്ചും ജ്യോതിര്‍മയി പറയുന്നു.
"സജീവമായി അഭിനയത്തിലേയ്‌ക്ക് കടന്നുവരണം എന്ന് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. പക്ഷേ സംവിധായകനും ഭര്‍ത്താവുമായ അമല്‍ നീരദ്, ബോഗയ്‌ന്‍വില്ല എന്ന ചിത്രത്തിന്‍റെ തിരക്കഥ വായിച്ചു കേള്‍പ്പിക്കുകയും ഇതിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ വേഷം വേണ്ടെന്ന് വയ്ക്കാന്‍ കാരണങ്ങള്‍ ഇല്ലായിരുന്നു.
അത്രയും കണ്‍വിന്‍സിംഗ് ആയാണ് അമല്‍ തന്നോട് കഥാപാത്രത്തെ കുറിച്ച് വിവരിച്ചത്. ഒരുപക്ഷേ ഈ കഥാപാത്രം താന്‍ ചെയ്യാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു. അമല്‍ നീരദ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എപ്പോഴും വ്യത്യസ്‌തത ഉള്ളതാണ്. തിരക്കഥ പൂര്‍ണ്ണമായി വായിച്ച് കേള്‍പ്പിച്ച ശേഷം കഥാപാത്രം എപ്രകാരം ഉള്ളതായിരിക്കണം എന്ന് കൃത്യമായി അമല്‍ വിവരിച്ചു തന്നു.
കഥാപാത്രത്തിന്‍റെ രൂപം, വേഷ വിധാനങ്ങള്‍ എന്നിവയെ കുറിച്ച് അമല്‍ എന്ന സംവിധായകന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അമലിന്‍റെ ധാരണകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന്‍റെ ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാന്‍ പോകുന്ന ഒരു ആര്‍ട്ടിസ്‌റ്റ് എന്ന നിലയിലുള്ള ഉത്തരവാദിത്വം. ഒരിക്കലും അമലിന്‍റെ ഭാര്യ എന്നുള്ള നിലയിലല്ല ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്." -ജ്യോതിര്‍മയി പറഞ്ഞു.
മികച്ച ദിശാബോധമുള്ള ഒരു കലാകാരനാണ് അമല്‍ നീരദ് എന്ന സംവിധായകന്‍ എന്ന് ജ്യോതിര്‍മയി. ഒരു സിനിമയുടെ തിരക്കഥ പൂര്‍ത്തിയാകുമ്പോള്‍ തന്നെ അതിലെ കഥാപാത്രങ്ങള്‍ ഏതൊക്കെ ആര്‍ട്ടിസ്‌റ്റുകള്‍ അഭിനയിച്ചാല്‍ നന്നായിരിക്കും എന്നതിനെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകും. അതനുസരിച്ചാണ് അമല്‍ നീരദ് കാസ്‌റ്റിംഗ് അടക്കമുള്ള മേഖലകളിലേക്ക് കടക്കുന്നതെന്നും ജ്യോതിര്‍മയി പറഞ്ഞു.
അഭിനയ ജീവിതത്തിലേയ്‌ക്ക് തിരിച്ചുവരാനുണ്ടായ കാരണവും ജ്യോതിര്‍മയി വെളിപ്പെടുത്തി. ഉദ്ദേശിച്ച ആളെ കാസ്‌റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, അമല്‍ നീരദ് ആ സിനിമ തന്നെ വേണ്ടെന്ന് വയ്‌ക്കുമെന്നും നടി പറയുന്നു.
"വെറുതെ ആരെയെങ്കിലും വച്ച് ഒരു കഥാപാത്രത്തെ അവതരിപ്പിക്കാം എന്നുള്ള ചിന്താഗതി ഇല്ലാത്ത മനുഷ്യനാണ് അമല്‍. മനസ്സില്‍ ഉദ്ദേശിച്ച ആളെ ഒരു കഥാപാത്രത്തിനായി കാസ്‌റ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, ചിലപ്പോള്‍ ആ സിനിമ തന്നെ വേണ്ടെന്ന് തീരുമാനിച്ചേക്കും. സിനിമയെ വളരെയധികം ഗൗരവമായി സമീപിക്കുന്ന സ്വഭാവ ഗുണമുള്ള വ്യക്തിത്വമാണ് അമല്‍ നീരദ്. യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സിമ്പിളായ മനുഷ്യന്‍. പക്ഷേ അമല്‍ നീരദിന് ജീവിതത്തില്‍ സിനിമയാണ് എല്ലാം." -ജ്യോതിര്‍മയി പറഞ്ഞു.
അഭിനയ ജീവിതത്തിലേയ്‌ക്ക് തിരിച്ച് വരാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് ജ്യോതിര്‍മയി തുറന്നു പറഞ്ഞു. സിനിമയില്‍ സജീവമല്ലാതിരുന്ന സമയത്തും പല ഭാഷകളിലെ സിനിമകളെയും ഗൗരവമായി വീക്ഷിച്ചിരുന്നു. പല കഥാപാത്രങ്ങളോടും അഭിനിവേശം തോന്നിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ മികച്ച ഒരു കഥാപാത്രം തന്നെ തേടി വരണമെന്ന് ഇക്കാലയളവില്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. സത്യത്തില്‍ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന് ഇക്കാലമത്രയും ചിന്തിച്ചിരുന്നില്ലെന്നും ജ്യോതിര്‍മയി.
സിനിമാഭിനയ മേഖലയിലേക്ക് വീണ്ടും കടന്നു വരാന്‍ ആഗ്രഹമില്ലായിരുന്ന വ്യക്‌തി എങ്ങനെ ബോഗയ്ന്‍വില്ല എന്ന ചിത്രത്തിലെ നായിക കഥാപാത്രമായി എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് അമല്‍ നീരദ് എന്ന സംവിധായകന്‍റെ പ്രേരണ ഒന്ന് കൊണ്ട് മാത്രം.
"ബോഗയ്ന്‍വില്ല എന്ന തിരക്കഥ തന്നെ വായിച്ച് കേള്‍പ്പിച്ച ശേഷം കേന്ദ്ര കഥാപാത്രത്തെ താന്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു. അത്രയും മികച്ച ഒരു ചലഞ്ചിംഗ് കഥാപാത്രമാണ്. മാനസിക തലത്തിന്‍റെ വ്യത്യസ്‌തതകളിലൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രം തന്നെക്കൊണ്ട് അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ സാധിക്കുമോ എന്നുള്ളതായിരുന്നു ടെന്‍ഷന്‍റെ അടിസ്ഥാനം.
പക്ഷേ ബോഗയ്ന്‍വില്ല എന്ന ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് സംവിധായകനായ അമല്‍ നീരദിന് വേറൊരു ഓപ്ഷന്‍ ഇല്ലായിരുന്നു. ഈ കഥാപാത്രത്തെ തന്നെക്കൊണ്ട് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് നിര്‍ബന്ധം പിടിച്ചിരുന്നുവെങ്കില്‍ അമല്‍ ഒരുപക്ഷേ ഈ സിനിമ തന്നെ വേണ്ടെന്ന് വച്ചേനെ. നോ എന്നൊരു വാക്ക് അമലിന്‍റെ മുഖത്ത് നോക്കി പറയാന്‍ സാധിച്ചില്ല. അങ്ങനെയാണ് വീണ്ടും ഒരു ഇടവേളയ്‌ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്." -ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു.
സിനിമ കണ്ടു കഴിയുമ്പോള്‍ തന്‍റെ കഥാപാത്രം മികച്ചതാണെന്ന് പ്രേക്ഷകന് തോന്നുകയാണെങ്കില്‍ ആ ക്രെഡിറ്റ് മുഴുവനും അമല്‍ നീരദ് എന്ന സംവിധായകന് മാത്രമുള്ളതാണെന്ന് ജ്യോതിര്‍മയി. അമല്‍ നീരദിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് തന്‍റെ കഥാപാത്രത്തെ കൃത്യമായി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിട്ടുള്ളതെന്നും നടി വ്യക്തമാക്കി.
"ബോഗയ്ന്‍വില്ല എന്ന സിനിമ തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച കംഫര്‍ട്ട് സോണില്‍പ്പെട്ടതാണ്. ഒരു സംവിധായകന് ഒരു അഭിനേത്രിക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച സിനിമ. ഒരു ഭര്‍ത്താവിന് ഭാര്യക്ക് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച ഗിഫ്റ്റ്. ഇത് രണ്ടുമാണ് തന്നെ സംബന്ധിച്ചിടത്തോളം ഈ ചിത്രം." -ജ്യോതിര്‍മയി പറഞ്ഞു.
വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും ജ്യോതിര്‍മയി പറയുന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ നവധാര സിനിമകളുടെ ഭാഗമായതില്‍. നല്ലത് എന്തും സ്വീകരിക്കുന്ന മനോഭാവമുള്ള പ്രേക്ഷകരാണ് ഇപ്പോള്‍ നമുക്ക് ചുറ്റുമുള്ളത്. കഴിഞ്ഞ കാലത്ത് നിന്നും വ്യത്യസ്‌തമായി മലയാള സിനിമകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് യാത്ര ചെയ്യുന്നുവെന്നും നടി വ്യക്തമാക്കി.
അന്യഭാഷ പ്രേക്ഷകര്‍ മലയാള സിനിമയെ ഗൗരവമായി വീക്ഷിക്കുന്നുവെന്നും നരച്ച കുറ്റി തലമുടിയുള്ള നായികയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുവെന്നും നടി പറയുന്നു. സിനിമ ഇപ്പോള്‍ സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ പോലും സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയുടെ ഏറ്റവും മികച്ച കാലഘട്ടത്തില്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് അഭിമാനപൂര്‍ണമായ കാര്യമാണെന്ന് കരുതുന്നുവെന്നും ജ്യോതിര്‍മയി വ്യക്തമാക്കി.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ചും ജ്യോതിര്‍മയി മനസ്സ് തുറന്നു. "കുഞ്ചാക്കോ ബോബനൊപ്പം ആദ്യമായല്ല അഭിനയിക്കുന്നത്. കല്യാണരാമന്‍ അടക്കമുള്ള ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നെ ഫഹദ് ഫാസില്‍ എന്ന പാന്‍ ഇന്ത്യന്‍ സ്‌റ്റാര്‍. രണ്ട് പേരും ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളാണ്. രണ്ട് പേരുടെയും പ്രകടനം എന്നെ വളരെയധികം സ്വാധീനിച്ചു.
ഒരു അഭിനേത്രി എന്ന നിലയില്‍ എന്‍റെ പ്രകടനത്തെ മെച്ചപ്പെടുത്താന്‍ ഇരുവരും സഹായിച്ചിട്ടുണ്ട്. ഇരുവരുടെയും എനര്‍ജി മറ്റ് അഭിനേതാക്കള്‍ക്കും മാതൃകാപരമാണ്. കുഞ്ചാക്കോ ബോബനൊപ്പവും ഫഹദ് ഫാസിലിനൊപ്പവും അഭിനയിക്കുമ്പോള്‍ അവരുടെ എനര്‍ജി നമ്മളില്‍ വല്ലാതെ സ്വാധീനം ചെലുത്തും. പലപ്പോഴും തന്‍റെ പെര്‍ഫോമന്‍സിനെ മികച്ചതാക്കാന്‍ ഇരുവരും കാരണക്കാരായിരുന്നു." -ജ്യോതിര്‍മയി പറഞ്ഞു.
സിനിമയിലെ സ്‌തുതി എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയെ കുറിച്ചും നടി വാചാലയായി. സ്‌തുതിയിലെ ചലഞ്ചിംഗായത് ഡാന്‍സിനെ കുറിച്ചും ജ്യോതിര്‍മയി സംസാരിച്ചു. "റിലീസിന് എത്തുന്നതിന് മുമ്പ് തന്നെ 'സ്‌തുതി' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ ഗാനത്തിന്‍റെയും ചിത്രീകരണത്തിന്‍റെയും പുതുമ തന്നെയാണ് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാന്‍ കാരണമായത്. പ്രേക്ഷകരെ പോലെ എനിക്കും സ്‌തുതി, പുതുമയുള്ള ഒരു അനുഭവമായിരുന്നു.
സ്‌തുതി എന്ന ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് തനിക്കും ചാക്കോച്ചനും ഏറ്റവും ചലഞ്ചിംഗായത് ഡാന്‍സ് ആയിരുന്നു. ആ ഡാന്‍സ് കൊറിയോഗ്രാഫിയുടെ സ്‌റ്റൈലും സ്വാഗും ഒക്കെ വളരെ വ്യത്യസ്‌തമായിരുന്നു. അത് ഉള്‍ക്കൊള്ളാന്‍ കുറച്ച് പ്രയാസം ഉള്ളതാണ്. ഇത്തരത്തിലുള്ള ഡാന്‍സ് സ്‌റ്റെപ്പുകള്‍ ഞങ്ങള്‍ ഇതുവരെ ചെയ്‌ത് ശീലിച്ചിട്ടില്ല.
ഇതുവരെയും പിന്തുടര്‍ന്ന ശീലങ്ങളെ മറന്ന് ഒരു വിദ്യാര്‍ത്ഥിയെ പോലെ ഡാന്‍സ് ആദ്യമായി പഠിക്കുന്ന തരത്തില്‍ വേണമായിരുന്നു ആ ഗാന രംഗത്തിലെ കൊറിയോഗ്രാഫി മനസ്സിലാക്കാന്‍. ഡാന്‍സ് മാസ്‌റ്റേഴ്‌സ് ആയ ജിഷ്‌ണുവും സുമേഷും ക്ഷമയോടെ ഞങ്ങളെ ഡാന്‍സ് സ്‌റ്റെപ്പുകള്‍ പഠിപ്പിച്ചു. അവര്‍ അസ്സലായി ചുവടുകള്‍ ഒരുക്കി. പിന്നെ എല്ലാത്തിനും ഉപരി അമല്‍ നീരദ് എന്ന സംവിധായകന്‍റെ മാജിക്കും."-ജ്യോതിര്‍മയി പറഞ്ഞു.
Also Read: 'മറവികളെ പറയൂ...'! ബോഗയ്‌ന്‍വില്ലയിലെ മനോഹര ഗാനം പുറത്ത് - Bougainvillea song Maravikale