റോക്കിങ് സ്‌റ്റാര്‍ യാഷിനെ നായകനാക്കി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'ടോക്‌സിക്' ആദ്യ ഗ്ലിംപ്‌സ് എത്തി. യാഷിന്‍റെ 39 ാം പിറന്നാള്‍ സമ്മാനമായി ആരാധകരെ ആവേശത്തിലാക്കുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 59 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറക്കിയത്.
കട്ട താടിയും മനോഹരമായ ലുക്കിലാണ് യാഷ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. വെളുത്ത സ്യൂട്ട് ധരിച്ച് ഫെഡോറയും ചുരുട്ടും പിടിച്ച് നടന്നു വരുന്ന സ്‌റ്റൈലിഷ് യാഷിനെ ടീസറില്‍ കാണാം. സംഭാഷങ്ങളൊന്നുമില്ലെങ്കിലും പശ്ചാത്തല സംഗീതം ആ രംഗത്തിന്‍റെ തീവ്രത എത്രത്തോളമാണെന്ന് കാണിക്കുന്നുണ്ട്. കഥാപാത്രത്തെ കുറിച്ച് കാര്യമായ സൂചനയൊന്നും നല്‍കുന്നില്ലെങ്കും ശക്തമായ കഥാപാത്രത്തെയാണ് ടീസറില്‍ കാണാനാവുക.
യാഷിന്‍റെ പത്തൊന്‍പതാം സിനിമയാണിത്. 'എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്‌സ്' എന്നാണ് ടാഗ് ലൈന്‍. പിറന്നാളിന് മുന്നോടിയായി ചിത്രത്തിന്‍റെ ആദ്യ പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വെളുത്ത ടക്‌സീഡോ ജാക്കറ്റും ഫെഡോറയും ധരിച്ച് വിന്‍റേജ് കാറില്‍ പുറം തിരിഞ്ഞ് നില്‍ക്കുന്ന യാഷാണ് പോസ്‌റ്ററില്‍ ഉണ്ടായിരുന്നത്.
500 കോടി രൂപയ്ക്ക് മുകളിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ബിഗ് സ്‌ക്രീനിലേക്ക് യാഷ് തിരിച്ചു വരവിന് ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. അതേസമയം നിവിന്‍ പോളി നായകനായി എത്തിയ 'മൂത്തോന്‍' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒരു പാൻ-ഇന്ത്യ പ്രൊഡക്ഷൻ എന്നതിലുപരി ഒരു പാൻ-വേൾഡ് സിനിമയായിട്ടാണ് 'ടോക്‌സിക്' ഒരുക്കുന്നത്. ഇന്ത്യയുടനീളമുള്ളതും ഹോളിവുഡിൽ നിന്നുവരെയുള്ള അഭിനേതാക്കള്‍ ആഗോളതലത്തില്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.
എന്നാല്‍ അഭിനേതാക്കളെ കുറിച്ചോ സെറ്റിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.
നിലവിൽ 'ടോക്‌സിക്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഓരോ ദിവസത്തെ സെറ്റിനും 40 കോടിയാണ് ചെലവഴിക്കുന്നത്. കെ ജി എഫിന് ശേഷം യാഷ് നായകനാകുന്ന സിനിമയായതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
യാഷിന്‍റെ ലുക്കും ഗെറ്റപ്പും കണ്ടതോടെ ആരാധകര്‍ ആവേശത്തിലാണ്. മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ചിത്രമാണെന്നാണ് ചിത്രത്തന്‍റെ അനൗൺസ്‌മെന്‍റ് ടീസർ സൂചിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക.