മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വച്ച് ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹം. വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് വടക്കാഞ്ചേരിയിൽ വച്ചും ചടങ്ങുകൾ നടന്നു.
ഏതാനും നാളുകൾക്ക് മുൻപാണ് അപർണയും ദീപക്കും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ വിവാഹ ക്ഷണക്കത്തിന്‍റെ ഫോട്ടോകളും പുറത്തുവന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇപ്പോൾ വിവാഹം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
2018ൽ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ദാസ് ചലച്ചിത്രലോകത്ത് എത്തുന്നത്. ഫഹദ് ഫാസിൽ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. 'മനോഹരം', 'ബീസ്റ്റ്', 'ഡാഡ' എന്നിവയാണ് അപര്‍ണയുടെ മറ്റ് ശ്രദ്ധേയ സിനിമകള്‍. മലയാളത്തിനും തമിഴിനും പുറമെ തെലുഗുവിലും താരം അഭിനയിച്ചിട്ടുണ്ട്. 'സീക്രട്ട് ഹോം' ആണ് താരം പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം.
അതേസമയം വിനീത് ശ്രീനിവാസന്‍റെ 'മലർവാടി ആർട്‌സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്‌തു. 'തട്ടത്തിൻ മറയത്ത്, ഡി കമ്പനി, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദർ, ക്യാപ്റ്റൻ, ലവ് ആക്ഷൻ ഡ്രാമ, മലയൻകുഞ്ഞ്, ക്രിസ്റ്റഫർ, കാസർഗോൾഡ്, കണ്ണൂർ സ്‌ക്വാഡ്' എന്നിവയാണ് ദീപക്കിന്‍റെ ശ്രദ്ധേയ സിനിമകൾ. കോടികൾ കൊയ്‌ത 'മഞ്ഞുമ്മൽ ബോയ്‌സ്', വിനീത് ശ്രീനിവാസന്‍റെ തന്നെ 'വർഷങ്ങൾക്കു ശേഷം' എന്നിവയാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‌തത്.