എറണാകുളം : കഥ തുടരുന്നു എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് പ്രവീൺ പ്രേം. ചിത്രത്തിൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ശ്രമിക്കുന്ന ഒരു യുവ ഗായകനായി മലയാളിയെ ചിരിപ്പിച്ച പ്രവീൺ, ലാൽ സംവിധാനം ചെയ്ത ടൂർണമെന്റ് എന്ന ചിത്രത്തിലൂടെയാണ് ജനഹൃദയങ്ങളിൽ ഇടം പിടിക്കുന്നത്.
ടൂർണമെന്റിലേക്കുള്ള വേഷം നേടിത്തന്നത് ഛായാഗ്രഹകൻ വേണു സാറാണ്. അദ്ദേഹവുമായുള്ള പരിചയം സിനിമയിൽ തന്നെ ഏറ്റവും മികച്ച വേഷത്തിന് വഴിയൊരുക്കി. ഇടക്കാലത്ത് തടിയൊക്കെ കുറച്ച് ഒരു മേക്കോവറിന് ശ്രമം നടത്തിയിരുന്നു. പക്ഷേ തന്റെ തടിച്ച ശരീരപ്രകൃതി തന്നെയാണ് പ്രേക്ഷകർക്കിഷ്ടമെന്ന് മനസിലാക്കി പഴയ രൂപത്തിലേക്ക് തന്നെ തിരിച്ചുവന്നുവെന്ന് പ്രവീൺ പ്രേം പറഞ്ഞു.
നടൻ ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. മുഖാമുഖം നടന്നു വന്നതാണ് ആദ്യത്തെ സത്യൻ അന്തിക്കാടുമായുള്ള അഭിമുഖമെന്ന് താരം പറഞ്ഞു. 'ഞാൻ എതിർ ദിശയിലൂടെ നടന്നുവരുന്നത് കണ്ടപ്പോൾ തന്നെ അദ്ദേഹം ഓക്കേ പറയുകയായിരുന്നു.
അദ്ദേഹത്തിന്റെ തന്നെ സ്നേഹവീട് എന്ന ചിത്രത്തിൽ ലാലേട്ടനോടൊപ്പം ഒരു മികച്ച വേഷം കൈകാര്യം ചെയ്യാൻ സാധിച്ചു. ടൈമിലെ പുലിയായ ലാലേട്ടനോടൊപ്പം ചിത്രത്തിലെ കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ചത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെ'ന്നും പ്രവീൺ പ്രേം പറഞ്ഞു. തന്റെ കരിയറിലെ വിശേഷങ്ങൾ ഈ ടിവി ഭാരതിനോട് പങ്കുവയ്ക്കുകയായിരുന്നു പ്രവീൺ.