മെയ് 21, മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന് ഇന്ന് 64ാം പിറന്നാൾ. ലാലേട്ടനെ ആശംസകൾകൊണ്ട് മൂടുകയാണ് ആരാധകരും പ്രിയപ്പെട്ടവരും. പിറന്നാൾ ദിനത്തിൽ മോഹൻലാലിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് പ്രശസ്‌ത സിനിമ-സീരിയൽ താരം ജോബി.
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ഒരുകാലത്ത് മലയാളികളെ ചിരിപ്പിച്ച ജോബി വീണ്ടും കലാമേഖലയിൽ സജീവമാവുകയാണ്. കെഎസ്എഫ്ഇയിൽ സീനിയർ മാനേജരായി ജോലി ചെയ്യുന്നതിനിടെ ആയിരുന്നു ജോബി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും പ്രേക്ഷകരെ ചിരിപ്പിക്കാൻ എത്തിയത്. ജോലിയിൽ നിന്നും വിരമിച്ച ശേഷം പുതിയ കലാവിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുന്നതിനിടെയാണ് നടൻ മോഹൻലാലിനെ കുറിച്ച് വാചാലനായത്.
ബോക്‌സോഫിസിൽ തിളങ്ങാനായില്ലെങ്കിലും മലയാളികൾക്ക് സുപരിചിതമായ ചിത്രമാണ് 'വാമനപുരം ബസ് റൂട്ട്'. ഈ സിനിമയിലെ കോമഡി രംഗങ്ങൾക്ക് ഇപ്പോഴും കാഴ്‌ചക്കാർ ഏറെയാണ്. മോഹൻലാൽ നായകനായ വാമനപുരം ബസ് റൂട്ടിൽ ജോബിയും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്‌തിരുന്നു.
ഞാൻ അവതരിപ്പിച്ച മത്താപ്പ് എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. ഇപ്പോഴും റീലുകളിലും മീമുകളിലും മത്താപ്പ് നിറഞ്ഞുനിൽക്കുന്നു. ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നതിന് മുൻപ് തന്നെ മോഹൻലാലിനെ പരിചയമുണ്ട്. സൗമ്യ സ്വഭാവമുള്ള മനുഷ്യൻ. കൂടെ ജോലി ചെയ്യുന്നവരെ എപ്പോഴും തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ പ്രകൃതമാണ്.
ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും ടൈമിംഗ് ഉള്ള അഭിനേതാവ് മോഹൻലാൽ തന്നെ. അതിനൊരു ഉദാഹരണം പറയാം. വാമനപുരം ബസ് റൂട്ടിൽ മോഹൻലാൽ കിളിയായി എത്തുന്ന പടക്കുതിര എന്ന ബസിനെ മത്താപ്പ് അള്ളുവച്ച് മറിക്കാൻ തീരുമാനിക്കുന്ന ഒരു സീനുണ്ട്. അള്ള് വയ്‌ക്കുന്നതിൽ ബഹുമിടുക്കനാണ് മത്താപ്പ്. മോഹൻലാലിന്‍റെ കഥാപാത്രമായ ലിവർ ജോണി മത്താപ്പിനെ പിടികൂടുന്ന ഒരു രംഗം കയ്യടി നേടിയിരുന്നു.
മത്താപ്പ് ബീഡി വലിച്ചുകൊണ്ട് ഒരു നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിൽ ഇരിക്കുകയാണ്. പടക്കുതിര ബസ് അതുവഴി കടന്നുവരുന്നു. ബസിന്‍റെ പടിയിൽ ആടിക്കുഴഞ്ഞ് നിൽക്കുകയാണ് ലിവർ ജോണി.
എനിക്കറിയാം, മോഹൻലാൽ എന്ന മനുഷ്യൻ ബസിൽ കയറിയിട്ട് തന്നെ വർഷങ്ങളായി കാണും. അദ്ദേഹം കോളജിൽ പഠിക്കുമ്പോഴോ മറ്റോ ആയിരിക്കും അവസാനമായി ബസിൽ കയറിയിട്ടുണ്ടാവുക. ആ ഒരു പേടി എനിക്ക് ഉള്ളിൽ ഉണ്ടായിരുന്നു. കാരണം ഓടിക്കൊണ്ടിരിക്കുന്ന ബസിന്‍റെ സ്റ്റെപ്പിൽ നിന്നുകൊണ്ട് ലിവർ ജോണി പാലത്തിന്‍റെ കൈവരിയിൽ ബീഡി വലിച്ചിരിക്കുന്ന മത്താപ്പിനെ ഒറ്റ കൈകൊണ്ട് തൂക്കിയെടുക്കണം. ഒന്ന് ടൈമിങ് തെറ്റിയാൽ ഞാൻ താഴെ നദിയിലേക്ക് വീഴും.
വലിയ ആഴമുള്ള നദിയാണ്. എനിക്ക് പേടിയായി. അപ്പോഴാണ് മോഹൻലാലിന്‍റെ വരവ്- 'നീ എന്തിനാടാ പേടിക്കുന്നത്? ഞാനില്ലേ? ധൈര്യമായിട്ട് ഇയാൾ ആ കൈവരിയിൽ ഇരുന്നോളൂ.' ആ ധൈര്യത്തിലാണ് ഞാൻ ഒരു ബീഡിയും വലിച്ച് പാലത്തിന്‍റെ കൈവരിയിൽ ഇരുന്നത്.
ബസ് എന്‍റെ അടുത്ത് എത്തിയതും മോഹൻലാൽ ഒറ്റ കൈ കൊണ്ട് തൂക്കിയെടുത്തു. ആ ടൈമിങ് കണ്ട് ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി. പിന്നീട് ബസിനുള്ളിൽ വച്ച് എന്നെ ഭയപ്പെടുത്തുന്ന രംഗങ്ങളൊക്കെ ഉണ്ട്. ഏറ്റവും ഒടുവിൽ മത്താപ്പിനെ പാലത്തിൽ നിന്ന് തൂക്കി നദിയിലേക്ക് എറിയും. നദിയിലേക്ക് എറിയുന്നതിന് തൊട്ടുമുമ്പുവരെയുള്ള രംഗത്തിൽ ഞാൻ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. താഴേക്ക് വീഴുന്നത് സത്യത്തിൽ ഡ്യൂപ്പ് അല്ല. ചെന്നൈയിൽ നിന്ന് എന്‍റെ അതേ രൂപത്തിലും വണ്ണത്തിലും ചെയ്‌തുകൊണ്ടുവന്ന ഒരു ഡമ്മി പ്രതിമയായിരുന്നു.
പ്രതിമ വെള്ളത്തിൽ വീഴുന്ന അതേസമയം കൃത്യം ടൈമിങ്ങിൽ മത്താപ്പ് കുറച്ച് അകലെയായി വെള്ളത്തിൽ നിന്ന് പൊങ്ങി മോഹൻലാലിന്‍റെ കഥാപാത്രത്തെ നോക്കി പോടാ എന്നും പറയുന്നു. ഒരു നടൻ എന്ന നിലയിൽ മറക്കാനാകാത്ത സിനിമാരംഗം. പ്രേക്ഷകർ ആ രംഗം ഇപ്പോഴും ഓർത്തിരിക്കുന്നു എന്നതിൽ കൂടുതൽ സന്തോഷം, ജോബി പറഞ്ഞു.
ALSO READ: എന്നും എപ്പോഴും മലയാളത്തിന്‍റെ മഹാനടൻ: മോഹൻലാൽ, ദി കംപ്ലീറ്റ് ആക്‌ടർ