മലയാള സിനിമയില്‍ ഈ വര്‍ഷം കോളികളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. 2024 ഓഗസ്‌റ്റ് 15നാണ് 253 പേജുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഒരു ത്രില്ലര്‍ മൂവി കാണുന്നത് പോലെയായിരുന്നു റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇന്ത്യന്‍ സിനിമാ ലോകം നോക്കി നിന്നത്. എല്ലാവരേയും മുള്‍മുനയില്‍ നിര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍, സംഭവങ്ങള്‍, ആരോപണങ്ങള്‍, കേസെടുക്കല്‍, മുന്‍കൂര്‍ ജാമ്യം, അറസ്‌റ്റ് പിന്നീടുള്ള ട്വിസ്‌റ്റ് എല്ലാം കൂടി ചേര്‍ന്നപ്പോള്‍ സിനിമയെ വെല്ലുന്ന കഥ തന്നെയായി മാറി.
പ്രമുഖരായ നടന്മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാവിനും എന്തിന് ഏറെ പറയണം ലൈറ്റ് ബോയ് മുതല്‍ തലപ്പത്ത് ഉള്ളവര്‍ക്കെതിരെ വരെ പെരുമഴ പോലെ ആരോപണങ്ങള്‍ വന്നു. ആര്‍ക്കെതിരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ആരോപണങ്ങള്‍ വരാമെന്ന ഭിതിയില്‍ മലയാള സിനിമ കുറേ കാലം കഴിഞ്ഞു. ലൈംഗികാതിക്രമവും, ലിംഗ വിവേചനവും കാസ്‌റ്റിംഗ് കൗച്ച് വരെ അവര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞു.
നടിയെ ആക്രമിക്കപ്പെട്ടതിന് പിന്നാലെ മലയാള സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31 നാണ് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തെത്തിയത് അഞ്ച് വര്‍ഷത്തിന് ശേഷമാണ്.
233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 165 മുതല്‍ 196 വരെയുള്ള പേജുകള്‍ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. മാത്രമല്ല 49ാം പേജിലൂടെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിരുന്നു. ഇതോടൊപ്പം ചില വിവരങ്ങളൊന്നും പുറത്തു വന്നില്ല.
പുറത്തു കാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല
പുറത്തു കാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല. കാണുന്നതൊന്നും വിശ്വസിക്കാനാവില്ല. ചില കോഡുകളിലാണ് സഹകരിക്കാന്‍ തയാറാകുന്നവര്‍ അറിയപ്പെടുന്നത്. മലയാള സിനിമ നിയന്ത്രിക്കുന്നത് പവര്‍ഗ്രൂപ്പ്. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരും എന്നിങ്ങനെയുള്ള ഞെട്ടിക്കുന്ന വിവരങ്ങല്‍ പുറത്തു വന്നതോടെയാണ് മലയാളം മാത്രമല്ല ഇന്ത്യന്‍ സിനിമാ ലോകം തന്നെ നടുങ്ങിയത്.
പ്രതിഫലം മുതല്‍ കാസ്റ്റിങ് കൗച്ച് വരെ നീളുന്ന അതിക്രമങ്ങളുടെ പുറത്തുവരാത്ത കഥകളാണ് 235 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. സിനിമ രംഗങ്ങളില്‍ നിര്‍ബന്ധിത നഗ്നതാ പ്രദര്‍ശനം, ഇത്തരത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഭീഷണി, ഒരു താരത്തിന്‍റെ ഫാന്‍സുകാരെ മറ്റൊരു താരം കാശ് കൊടുത്തു വാങ്ങുക, രാത്രിയില്‍ ഹോട്ടല്‍ റൂമിലെ കതക് തള്ളി തുറന്ന് അകത്ത് കയറാന്‍ ശ്രമിക്കുക, മികച്ച അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങി കൊടുക്കുക, പ്രതികരിക്കുന്നവരെ ഭയപ്പെടുത്തിയും പിന്നീട് അവസരം നല്‍കാതെയും ഉപദ്രവിക്കുക എന്നിങ്ങനെ നിരവധി ഗുതുരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് തുറന്ന് കാട്ടുന്നു.
മറ്റ് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതിന് സൂപ്പര്‍ താരത്തിന് വരെ ബാന്‍ എന്നും കമ്മിറ്റിക്ക് മുന്നില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മൊഴി നല്‍കി. ആസൂത്രിതമായ സൈബര്‍ ആക്രമണം, വഴങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് കോഡ് ഭാഷ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ല, ലൈംഗികച്ചുവ കലര്‍ന്ന കമന്‍റുകള്‍, വനിതാ നിര്‍മ്മാതാകള്‍ക്ക് സീനിയര്‍ നടന്മാര്‍ വക പരിഹാസം, സെറ്റില്‍ സംവിധായകന്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ പ്രതികരിക്കാന്‍ ഒപ്പമുള്ളവര്‍ അനുവദിക്കില്ല. സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ പ്രധാന നടന്മാരും ഉള്‍പ്പെടുന്നു. സിനിമയെ നിയന്ത്രിക്കുന്നത് പവര്‍ ഗ്രൂപ്പുകളെന്ന പേരിലറിയപ്പെടുന്ന മാഫിയ സംഘമെന്നും റിപ്പോര്‍ട്ട് പറയുന്നു. സംവിധായകര്‍ക്കും നിര്‍മ്മാതാകള്‍ക്കുമെതിരെയാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്.
ആദ്യ പരാതി രഞ്ജിത്തിനെതിരെ
തുറന്നു പറച്ചിലുമായി ആദ്യം രംഗത്ത് വന്നത് ബംഗാളി നടിയാണ്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതര വെളിപ്പെടുത്തലിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതോടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കേണ്ടതായി വന്നു.
സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമണ പരാതി വന്നു. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതി നല്‍കിയിരുന്നത്. അവസരം ചോദിച്ചെത്തിയ യുവാവിനെ രഞ്ജിത്ത് 2012ല്‍ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയെന്നാണ് പരാതി. ഇതോടെ രഞ്ജിത് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇതില്‍ ഒരു കേസ് വ്യാജമാണെന്ന് തെളിഞ്ഞു. കേസില്‍സരഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്‌തിരുന്നു.
അമ്മ സംഘടനയും സിദ്ദിഖിന്‍റെ രാജിയും
അതേസമയം ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഒപ്പമാണ് അമ്മയെന്നും അന്നത്തെ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ധിഖ് വ്യക്തമാക്കിയിരുന്നു. അമ്മ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിനിമയിൽ ഉള്ളവർ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുതെന്നുമാണ് അന്ന് സിദ്ദിഖ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്. ഇതിന് പിന്നാലെ സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്നു.
ഇതോടെ സിദ്ദിഖും രാജി വച്ച് പുറത്തു പോയി. ഒരു യുവ നടിയാണ് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് നടനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. നടി ഡിജിപിക്ക് ഇ മെയിലായി നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസിന്‍റെ നടപടി.
2016ല്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പരാതിക്കാരിയെ നടന്‍ സിദ്ദിഖ് ബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തായിരുന്നു പീഡനമെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സിദ്ദിഖ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ സിദ്ദിഖ് ഒളിവില്‍ പോയി. സിദ്ദിഖിനെ പിടികൂടാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിപ്പിച്ചു. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് സിദ്ദിഖിന് ഇടക്കാല ജാമ്യം ലഭിച്ചു.
അമ്മ സംഘടയിലെ കൂട്ട രാജി
പിന്നാലെ മുകേഷ്, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, മണിയൻപിള്ള രാജു, നിവിന്‍ പോളിക്കെതിരെയും ആരോപണം ഉയര്‍ന്നു. ഇതോടെ അമ്മ സംഘടനയില്‍ വലിയ പൊട്ടിത്തെറിയുണ്ടായി. വലിയ തരത്തിലുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങി. വലിയ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ പ്രസിഡ് മോഹന്‍ലാലിന്‍റെ മൗനമായിരുന്നു ഇതിന് കാരണമായത്.
എതിര്‍പ്പുകള്‍ എല്ലാ കോണില്‍ നിന്നും ഉയരാന്‍ തുടങ്ങിയതോടെ സംഘടനയുടെ 17 എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവച്ചു. പിന്നാലെ നടൻ ബാബുരാജിന് പകരം ചുമതല നൽകി.ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബാബു രാജിനെതിരെയും ലെെംഗിക ആരോപണം ഉയര്‍ന്നു. ഒരു ജൂനിയർ ആർട്ടിസ്റ്റ് രംഗത്ത് വന്നതോടെ ബാബു രാജിനും രാജി വയ്‌ക്കേണ്ടി വന്നു.
ജയസൂര്യ
സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്.ഐ.ആര്‍. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങീ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ല വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ ജയസൂര്യ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.
പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തീയതികളിലടക്കം വൈരുദ്ധ്യമുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നത് കൂടി പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്നായിരുന്നു ജയസൂര്യയുടെ ആവശ്യം. കൂടാതെ തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമെന്നും, കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെയാണ് കേസെടുത്തത്, പരാതിക്കാരിയുടേത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണെന്നും ജയസൂര്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ടായിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി പൂർണമായും ജയസൂര്യ നിഷേധിച്ചിരുന്നു.
മുകേഷ്
ലൈംഗിക പീഡന പരാതിയില്‍ എം.മുകേഷ് എം.എല്‍.എക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് നടനെതിരെ പൊലീസ് കേസെടുത്തത്. ഐപിസി 354, 509, 452 വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
പിന്നീട് എംഎല്‍എയുമായ മുകേഷ് അറസ്‌റ്റിലായി. പ്രത്യേക അന്വേഷണ സംഘമാണ് മുകേഷിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നത് .മൂന്ന് മണിക്കൂർ ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്‌റ്റ്. എന്നാല്‍ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
മണിയന്‍ പിള്ള രാജു
നടൻ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസാണ് കേസെടുത്തത്. 'ഡാ തടിയാ' എന്ന സിനിമയുടെ സെറ്റിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിളിനെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തിരുന്നത്.
ഇടവേള ബാബു
താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന പരാതിയിലാണ് നടന്‍ ഇടവേള ബാബുവിനെതിരെ കേസെടുത്തത്.
എറണാകുളം നോര്‍ത്ത് പൊലീസ് ആണ് കേസെടുത്തത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 376-ാം വകുപ്പ് പ്രകാരം ജാമ്യമില്ല വകുപ്പിലാണ് ഇടവേള ബാബുവിനെതിരെ കേസ്.
നിവിന്‍ പോളി
2023 ഡിസംബര്‍ 14, 15 തീയതികളില്‍ ദുബൈയില്‍ വച്ച് പീഡിപ്പിച്ചുവെന്ന് യുവതിയുടെ ആരോപണത്തിലായിരുന്നു നിവിന്‍ പോളിക്കെതിരെ കേസെടുത്തത്. എന്നാല്‍ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് തെളിഞ്ഞു.
പീഡനം നടന്നുവെന്ന് യുവതി ആരോപിക്കുന്ന ദിവസങ്ങളില്‍ നിവിന്‍ പോളി താന്‍ സംവിധാനം ചെയ്‌ത 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ആയിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ തെളിവുസഹിതരം രംഗത്തെത്തിയിരുന്നു.
വിനീത് ശ്രീനിവാസൻ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം അന്വേഷണം നടത്തുകയും യുവതി പീഡനം ആരോപിച്ച ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. യുവതിയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതായും സ്പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം കണ്ടെത്തിയിരുന്നു. ഇതോടെ കോടതി നിവിന് ക്ലീന്‍ ചിറ്റ് നല്‍കി.
വികെ പ്രകാശ്
വികെ പ്രകാശിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് യുവ തിരക്കഥാകൃത്ത് രംഗത്ത് എത്തിയത്. കൊല്ലത്തെ ഹോട്ടലില്‍ വച്ച് ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എത്തിയ തന്നെ മുറിയില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇക്കാര്യം പുറത്ത് പറയാതിരിക്കാന്‍ 10,000 രൂപ അയച്ചു തന്നെന്നും പരാതിയില്‍ പറയുന്നു. വി. കെ പ്രകാശിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
സംഭവബഹുമായിരുന്നു 2024 ല്‍ മലയാള സിനിമ. ഇത് ഇന്ത്യന്‍ സിനിമയെ പോലും ആടിയുലച്ചുവെന്ന് വേണം പറയാന്‍. ഇപ്പോഴും ഹേമ്മ കമ്മിറ്റിയിലെ എല്ലാം ഭാഗങ്ങളും പുറത്തു വന്നിട്ടില്ലെന്നതും നാം ഓര്‍ക്കേണ്ടതാണ്. വരാനിരിക്കുന്നത് ഇതിലും വലുതാവുമോയെന്നാണ് മലയാള സിനിമാ ലോകം തന്നെ ഉറ്റുനോക്കുന്നത്.
Also Read:തീരാ നോവായ് അവര്‍ ;മലയാളികളുടെ നെഞ്ചുലച്ച 2024 ലെ നഷ്‌ടങ്ങള്‍