വാഷിങ്ടൺ ഡിസി : പഠനത്തിൽ പിന്നാക്കം നിൽക്കുന്ന യുവാക്കൾ ഇ-മെയിൽ വഴിയുള്ള തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യത കൂടുതലെന്ന് പഠനം. ബ്രിട്ടീഷ് ജേണൽ ഓഫ് എജ്യുക്കേഷണൽ സ്‌റ്റഡീസിൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. റിപ്പോർട്ട് പ്രകാരം മോശം പഠന വൈദഗ്ധ്യമുള്ളവരാണ് ഏറ്റവും ദുർബലരായവർ (Most Vulnerable to Email Scams).
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നോ ദരിദ്ര പ്രദേശങ്ങളിൽ നിന്നോ ഉള്ള അഞ്ചിൽ ഒരാൾ ഫിഷിങ്ങിന് (ഓൺലൈൻ തട്ടിപ്പ്) ഇരയാകാം എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയത്. ഇമെയിൽ തട്ടിപ്പുകൾ ആളുകളുടെ വ്യക്തിവിവരങ്ങൾ ചോരാൻ ഇടയാക്കുന്നു. ഇത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിനടക്കം ഇരയാക്കുന്നതായി പഠനം പറയുന്നു. യുകെ, യുഎസ്, ജപ്പാൻ എന്നിവയുൾപ്പടെ 38 രാജ്യങ്ങളിൽ നിന്നുള്ളവരിലാണ് പഠനം നടന്നത്.
ഇത് വിദ്യാഭ്യാസ വ്യവസ്ഥയിലെ ഒരു വിടവാണ് എടുത്തുകാണിക്കുന്നതെന്ന് പഠനം നടത്തിയ, ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി കോളജിലെ പ്രൊഫസറായ ജോൺ ജെറിം പറയുന്നു. തട്ടിപ്പ് ഇ-മെയിലുകൾ ഉൾപ്പടെയുള്ള ഓൺലൈൻ ആക്രമണങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് സ്‌കൂളുകളിൽ തന്നെ പഠിപ്പിക്കേണ്ടതുണ്ടെന്നും ജോൺ ജെറിം ചൂണ്ടിക്കാട്ടി.
"ചില രാജ്യങ്ങളിലെങ്കിലും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾ മറ്റ് കുട്ടികളേക്കാൾ ഫിഷിങ്ങിന് ഇരയാകാൻ സാധ്യത കൂടുതലുണ്ട്. വൈജ്ഞാനികമായ കഴിവുകളിലെ സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളാണ് പ്രധാനമായി ഈ സാഹചര്യത്തിലേക്ക് നയിക്കുന്നത് . നിർഭാഗ്യവശാൽ, ഈ പ്രശ്‌നം പരിഹരിക്കാൻ സ്‌കൂളുകൾ നടത്തുന്ന ശ്രമങ്ങൾ ഫലപ്രദമാണെന്ന് തോന്നുന്നില്ല." ജോൺ ജെറിം പറഞ്ഞു.
യുവാക്കളെ കൂടുതൽ സങ്കീർണവും അപകടകരവുമായ ഓൺലൈൻ ലോകത്തിലൂടെ നയിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഡിജിറ്റൽ തട്ടിപ്പിനുള്ള ശ്രമങ്ങളിൽ വീഴാൻ സാധ്യതയുള്ള ഏറ്റവും ദുർബലരായ ചില കൂട്ടരെ സംബന്ധിച്ച് ഇത് സത്യമാണെന്നും ജോൺ ജെറിം വ്യക്തമാക്കി.
പഠനപ്രകാരം സൈബർ തട്ടിപ്പിനിരയാകാൻ ഏറ്റവും കുറവ് സാധ്യതയുള്ളത് ജപ്പാനിലെ കൗമാരക്കാരാണ്. ജപ്പാനിലെ യുവാക്കൾ സ്‌പാം ഇമെയിലിനോട് പ്രതികരിക്കാനുള്ള സാധ്യത 4% മാത്രമാണ് എന്ന് ഫലങ്ങൾ കാണിക്കുന്നു. ഡെന്മാർക്ക്, സ്വീഡൻ, ഫിൻലാൻഡ് എന്നിവിടങ്ങളിൽ സ്‌പാം ഇ-മെയിലുകളോട് പ്രതികരിച്ചവരുടെ അനുപാതവും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് (6-7%).
മെക്‌സിക്കോയിലെയും (30%) ചിലിയിലെയും (27%) കൗമാരപ്രായക്കാർ ഏറ്റവും അപകടസാധ്യതയുള്ളവരാണ്. ഇവിടങ്ങളിലെ നാലിലൊന്ന് വരുന്ന യുവത്വം തട്ടിപ്പ് ഇ-മെയിലുകളോട് പ്രതികരിക്കാൻ സാധ്യതയുണ്ട്. അതേസമയം യുകെയിലെ നിരക്ക് 9% ആയിരുന്നു.
പഠനത്തിൽ ലിംഗാടിസ്ഥാനത്തിലുള്ള വ്യത്യാസം പ്രകടമായില്ല. ആൺകുട്ടികളും പെൺകുട്ടികളും സ്‌പാമുകളിൽ പ്രതികരിക്കാനുള്ള സാധ്യത തുല്യമാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്.
Also Read: മാനസികാരോഗ്യത്തിനും ജോലി സംതൃപ്‌തിയ്‌ക്കും സോഷ്യൽ മീഡിയ ഉപയോഗം കുറയ്‌ക്കാം; പഠനം പറയുന്നതിങ്ങനെ
ഫിഷിങ് ഇ-മെയിലുകളുടെ അപകടസാധ്യതയെപ്പറ്റി സ്‌കൂളുകളിൽ നിന്ന് ബോധവത്കരണം ലഭിക്കുന്നവർ കബളിപ്പിക്കപ്പെടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്നും പഠനം നടന്നു. എന്നാൽ ഇക്കാര്യത്തിൽ ബോധവത്കരണം ലഭിച്ചവരും അല്ലാത്തവരും തമ്മിൽ വ്യത്യാസമൊന്നും പ്രകടമായില്ലെന്നാണ് റിപ്പോർട്ട്.