കോഴിക്കോട് : നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷനിൽ മികച്ച നേട്ടം ആവർത്തിച്ച് കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടി. ഇവിടുത്തെ അഞ്ച് എം.ടെക് പ്രോഗ്രാമുകൾക്ക് ആറുവർഷത്തേക്ക് എന്‍ബിഎ അംഗീകാരം ലഭിച്ചു. ഇലക്ട്രോണിക് ഡിസൈൻ ആൻഡ് ടെക്നോളജി, പവർ സിസ്റ്റംസ്, തെർമൽ സയൻസ്, സിഗ്നൽ പ്രോസസിംഗ്, സ്ട്രക്‌ചറല്‍ എൻജിനീയറിങ് എന്നീ കോഴ്‌സുകൾക്കാണ് അംഗീകാരം ലഭിച്ചത്.
എൻ ബി എയുടെ ഏറ്റവും കൂടിയ ആക്രഡിറ്റേഷൻ കാലയളവാണ് ആറുവർഷം. കഴിഞ്ഞ മാസം എൻബിഎ വിദഗ്‌ധ സമിതി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയത്. യു.എസ്.എ, യു.കെ,കാനഡ, ഓസ്ട്രേലിയ, ഇന്ത്യ ഉൾപ്പടെ 22 രാജ്യങ്ങളിൽ നിന്നുള്ള അക്രഡിറ്റേഷൻ ബോഡികൾ ഉൾപ്പെടുന്ന ആഗോള കൺസോർഷ്യമായ വാഷിംഗ്‌ടണ്‍ അക്കൗണ്ടിന്‍റെ മാനദണ്ഡങ്ങളുമായി ഈ മൂല്യനിർണയം യോജിക്കുന്നതിനാൽ എൻ.ഐ.ടിയിലെ വിദ്യാർഥികൾക്ക് മികച്ച സർവകലാശാലകളിൽ പ്രവേശനത്തിനും മികച്ച കമ്പനികളിൽ ജോലിക്കും സാധ്യതയുണ്ട്.
ഗവേഷണ വിദ്യാഭ്യാസ മേഖലകളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് അംഗീകാരം എന്ന് എൻഐടിസി ഡയറക്‌ടര്‍ പ്രൊഫസർ പ്രസാദ് കൃഷ്‌ണ പറഞ്ഞു. അക്കാദമിക വിഭാഗം മുൻ ഡീൻ ഡോ എസ് എം സമീർ, സെന്‍റര്‍ ഫോർ ക്വാളിറ്റി അക്വാറൻസ് ആൻഡ് ചെയർപേഴ്‌സണ്‍ പ്രൊഫസർ പി എസ് സതീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.