ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാർ ലോക്‌സഭ സീറ്റിൽ ഇവിഎം മെഷീൻ തകർത്ത് വോട്ടര്‍. ജ്വാലാപൂർ ഇന്‍റർ കോളജ് പോളിങ് സ്‌റ്റേഷനിലെ 126-ാം നമ്പർ ബൂത്തിൽ, ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഇവിഎം മെഷീൻ എറിഞ്ഞ് തകർത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരിദ്വാർ ജില്ലയിലെ ജ്വാലപൂർ നിയമസഭ മണ്ഡലത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ വയോധികനാണ് അകത്ത് കയറിയ ഉടൻ ഇവിഎം കൈക്കലാക്കുകയും എറിഞ്ഞ് തകർക്കുകയും ചെയ്‌തത്. ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. കസ്‌റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്‌ത് വരികയാണ്.
ഉത്തരാഖണ്ഡിലെ അഞ്ച് ലോക്‌സഭ സീറ്റുകളിലും രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പൊലീസും ഭരണകൂടവും ഒരുക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ എല്ലാ രാഷ്‌ട്രീയ നേതാക്കളും സെലിബ്രിറ്റികളും പോളിങ് സ്‌റ്റേഷനുകളിൽ എത്തി വോട്ട് രേഖപ്പെടുത്തുന്നുണ്ട്.
രാവിലെ 11 മണി വരെ 24.48 ശതമാനം പോളിങാണ് സംസ്ഥാനത്ത് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ അവതരിപ്പിച്ച കണക്കുകൾ പ്രകാരം രാവിലെ 11 മണി വരെ തെഹ്‌രിയിൽ 23.23 ശതമാനവും ഹരിദ്വാറിൽ 26.47 ശതമാനവും ഗർവാൾ ലോക്‌സഭ സീറ്റിൽ 24.43 ശതമാനവും അൽമോറ ലോക്‌സഭ സീറ്റിൽ 22.21 ശതമാനവും നൈനിറ്റാൾ ഉദ്ദമിൽ 26.46 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.