ബെംഗളൂരു (കർണാടക) : കളിക്കുന്നതിനിടെ വീടിനുള്ളിലെ പത്തടി താഴ്‌ചയുള്ള ജലസംഭരണിയില്‍ വീണ രണ്ടര വയസ്സുള്ള കുട്ടിയെ ട്രാഫിക് സബ് ഇൻസ്‌പെക്‌ടർ രക്ഷപ്പെടുത്തി (Traffic PSI Rescued A Child Who Fell Into A Water Sump) .
ബ്യാദരഹള്ളി പ്രദേശത്ത് താമസിക്കുന്ന കുട്ടിയാണ് ടാങ്കിനുള്ളിൽ വീണത്. ഇതേസമയം ബട്ടരായൻപൂർ ട്രാഫിക് പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്‌ടർ നാഗരാജ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ സഹായത്തിനായുള്ള നിലവിളി കേട്ട് ടാങ്കിന് സമീപം എത്തുകയായിരുന്നു.
കുട്ടി ടാങ്കിൽ വീണ് കിടക്കുന്നത് കണ്ട ഉടൻ തന്നെ യൂണിഫോമിൽ വെള്ളക്കെട്ടിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. അൽപം വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുട്ടിയെ രക്ഷിച്ച ട്രാഫിക് പിഎസ്ഐയോട് രക്ഷിതാക്കൾ നന്ദി അറിയിച്ചു.
ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദയും ട്രാഫിക് പിഎസ്ഐ നാഗരാജിന്‍റെ ധീരമായ പ്രവർത്തനത്തെ അഭിനന്ദിച്ചു. ''കോൾ ഓഫ് ഡ്യൂട്ടിക്ക് അപ്പുറം പോകുന്നു. ജീവൻ രക്ഷിക്കുന്നു; മാനവികതയെ സേവിക്കുന്നു'', എന്ന് നാഗരാജിന്‍റെ ഈ പ്രവർത്തിയെ കുറിച്ച് കമ്മീഷണർ ബി ദയാനന്ദ എക്‌സിൽ കുറിച്ചു.