ജയ്‌പൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിയെ വിമര്‍ശിച്ച് ആര്‍എസ്‌എസ്. മുതിര്‍ന്ന ആര്‍എസ്‌എസ് നേതാവ് ഇന്ദ്രേഷ് കുമാറാണ് ബിജെപിയ്‌ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ധിക്കാരികളും അഹങ്കാരികളും ആയിത്തീര്‍ന്നവരെ ഭഗവാന്‍ രാമന്‍ 240 സീറ്റുകളിലേക്ക് ഒതുക്കി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. രാമവിരുദ്ധരാവുന്നതിന് ഇതേതോതില്‍ തന്നെ അദ്ദേഹം ഇന്ത്യ സഖ്യത്തെയും വിമര്‍ശിച്ചു.
ജയ്‌പൂരിനടുത്തുള്ള കനോട്ടയില്‍ രാമരഥ് അയോധ്യ യാത്ര ദര്‍ശന്‍ പൂജന്‍ സമാരോഹില്‍ കഴിഞ്ഞ ദിവസം സംസാരിക്കവെയായിരുന്നു ആര്‍എസ്‌എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം പേര് പരാമര്‍ശിക്കാതെ, തെരഞ്ഞെടുപ്പ് ഫലം അവരവരുടെ മനോഭാവത്തിന്‍റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. രാമന്‍റെ ഭക്തരായ അഹങ്കാരികളെ അദ്ദേഹം 240ല്‍ ഒതുക്കി. എങ്കിലും അതേ പാര്‍ട്ടി തന്നെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി നയിച്ച ബിജെപിക്ക് ലഭിച്ച 240 സീറ്റുകളെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
രാമനില്‍ വിശ്വാസമില്ലാത്തവരെ 234ലും ഒതുക്കിയെന്ന് ഇന്ത്യ സഖ്യത്തെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിലെ രാമരാജ്യത്തെ നോക്കൂ. രാമനെ ആരാധിച്ചിരുന്നവര്‍ ക്രമേണ അഹങ്കാരികളായി മാറി. അധികാരത്തിലെത്തിയെങ്കിലും ഇവരുടെ കരുത്തും വോട്ടും ദൈവം ചോര്‍ത്തി. അത് അഹങ്കാരത്തിന് ദൈവം നല്‍കിയ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമനെ എതിര്‍ക്കുന്നവര്‍ക്ക് അധികാരമേ നല്‍കിയില്ല. എന്നാല്‍ അവരെല്ലാം ചേര്‍ന്ന് രണ്ടാമതെത്തി. ദൈവത്തിന്‍റെ നീതി ശരിയും ആസ്വാദ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമനെ ആരാധിക്കുന്നവര്‍ വിനയമുള്ളവരാകണം. രാമനെ എതിര്‍ക്കുന്നവരെ അദ്ദേഹം കൈകാര്യം ചെയ്‌ത് കൊള്ളും. രാമന്‍ ആരെയും വേര്‍തിരിച്ച് ശിക്ഷിക്കില്ല.
രാമന്‍ എല്ലാവര്‍ക്കും നീതി നല്‍കും. രാമന്‍ നീതിമാനാണ്. അത് അങ്ങനെ തന്നെ തുടരും. രാമന്‍ എല്ലാവരെയും സംരക്ഷിച്ച ആളാണ്. രാവണന് പോലും നന്മ ചെയ്‌ത ആളാണെന്നും ഇന്ദ്രഷ് കുമാര്‍ പറഞ്ഞു.
Also Read: 'അയോധ്യയെന്നാൽ സംഘർഷരഹിതമായ സ്ഥലം എന്നാണർഥം'; ആർഎസ്എസ് മേധാവി മോഹൻ ഭഗവത്