ഹൈദരാബാദ് : തെലുഗു നടന്‍ അല്ലു അര്‍ജുന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംഭവത്തില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന പൊലീസ് ഡയറക്‌ടര്‍ ജനറലിനും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്രമസമാധാനത്തില്‍ ഒരു വീഴ്‌ചയും വരാന്‍ അനുവദിക്കില്ലെന്ന് എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ രേവന്ത് റെഡ്ഡി വ്യക്തമാക്കി.
ഇന്നലെ (ഡിസംബര്‍ 22) ആയിരുന്നു അല്ലു അര്‍ജുന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. പുഷ്‌പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട യുവതിയ്‌ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഉസ്‌മാനിയ യൂണിവേഴ്‌സിറ്റി ജോയിൻ്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങളെന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകൾ നടന്‍റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരില്‍ ഒരാള്‍ മതിലില്‍ കയറിനിന്ന് വീടിന് നേരെ തക്കാളി എറിഞ്ഞതോടെയാണ് സംഭവം വഷളായത്.
సినీ ప్రముఖుల ఇళ్ల పై దాడి ఘటనను ఖండిస్తున్నాను.
— Revanth Reddy (@revanth_anumula) December 22, 2024
శాంతి భద్రతల విషయంలో కఠినంగా వ్యవహరించాల్సిందిగా రాష్ట్ర డీజీపీ, నగర పోలీసు కమిషనర్ ను ఆదేశిస్తున్నాను. ఈ విషయంలో ఎలాంటి అలసత్వాన్ని సహించేది లేదు.
సంధ్య థియేటర్ ఘటనలో సంబంధం లేని పోలీసు సిబ్బంది స్పందించకుండా ఉన్నతాధికారులు…
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സുരക്ഷ ജീവനക്കാര്‍ ഇയാളോട് മതിലില്‍ നിന്ന് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ സംഘം അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നാലെയാണ് ആക്രമണം ഉണ്ടായിരുന്നത്. വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. അവിടെ ഉണ്ടായിരുന്ന പൂച്ചട്ടികളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.
മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ജൂബിലി ഹില്‍സ് പൊലീസ് സംഭവ സ്ഥലത്തെത്തി ആറുപേരെ കസ്റ്റഡിയില്‍ എടുത്തു. സംഭവ സമയം അല്ലു അര്‍ജുന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തിന് പിന്നാലെ താരത്തിന്‍റെ വസതിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, നിയമം നിയമത്തിന് വഴിക്ക് നടക്കട്ടെ എന്നായിരുന്നു അല്ലു അര്‍ജുന്‍റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ് പ്രതികരിച്ചത്.
'നമ്മുടെ വീടിന് പുറത്ത് നടന്നത് നിങ്ങൾ കണ്ടല്ലോ... നമ്മൾ സംയമനം പാലിക്കേണ്ട സമയമാണിത്. ഇതിനോടൊന്നും നമ്മൾ ഇപ്പോൾ പ്രതികരിക്കേണ്ട. പൊലീസ് വന്ന് അവരെ കൊണ്ടുപോയി. അവർ കേസെടുത്തു. ഇവിടെ കുഴപ്പമുണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ കൊണ്ടുപോകാന്‍ പൊലീസ് സജ്ജമാണ്.' -അല്ലു അരവിന്ദ് പറഞ്ഞു.
'ഇത്തരം സംഭവങ്ങളെ ആരും പ്രോത്സാഹിപ്പിക്കരുത്. ഞങ്ങൾ ഇതിനോട് പ്രതികരിക്കില്ല. നമ്മൾ സംയമനം പാലിക്കേണ്ട സമയമാണിത്. നിയമം അതിന്‍റെ വഴിക്ക് നടക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.