ഡൽഹി : ഡൽഹി മദ്യനയ കേസില്‍ ആംആദ്‌മി നേതാവ് സഞ്ജയ് സിങ് എംപിയ്ക്ക് ജാമ്യം ലഭിച്ചത് കേന്ദ്രത്തിനും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനും തിരിച്ചടിയായി. കേസിൽ ഇഡിയ്ക്ക് ശക്തമായ താക്കീത് നൽകുകയും ചെയ്‌തു കോടതി. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പ്രതിക്ക് ജാമ്യം നൽകാമെന്ന് പിഎംഎല്‍എ നിയമത്തിലെ വകുപ്പ് ചൂണ്ടിക്കാട്ടി കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചു. കോടതിയുടെ ഈ നിരീക്ഷണം കേന്ദ്ര സർക്കാരിനും കൂടിയുള്ള മുന്നറിയിപ്പാണ്.
അടുത്തിടെ ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. അദ്ദേഹം ജയിൽ തുടരുമ്പോഴാണ് മദ്യനയ കേസിൽ മറ്റൊരു എഎപി നേതാവിന് ഇപ്പോൾ ജാമ്യം ലഭിച്ചത്. ഇത് ഇഡിയ്ക്കും കേന്ദ്ര സർക്കറിനുമേറ്റ വൻ തിരിച്ചടിയാണ്.
സുപ്രീം കോടതിയുടെ ഭാഗത്തു നിന്നും ശക്തമായ ചോദ്യങ്ങളാണ് ഇഡിയ്ക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ സഞ്ജയ് സിങ്ങിന്‍റെ ജാമ്യത്തെ ഇഡി എതിർത്തിരുന്നില്ല. ജാമ്യത്തെ എതിർത്താൽ കേസിന്‍റെ മെറിറ്റ് വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതിനെ എതിർക്കുന്നില്ലെന്ന നിലപാടിലേക്ക് ഇഡി എത്തിയത്.
അതേസമയം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര സർക്കാർ വേട്ടയാടുന്നുവെന്ന ആരോപണം നിലനിൽക്കെ സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായ നിരീക്ഷണത്തിന് വലിയ പ്രാധാന്യമാണുള്ളത്.