ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഇഡി അറസ്‌റ്റിനെ ചോദ്യം ചെയ്‌തുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ ഹർജി സുപ്രീം കോടതി ഇന്ന് (15-04-2024) പരിഗണിക്കും. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കേസിൽ ഇഡിയുടെ അറസ്‌റ്റും റിമാൻഡും ചോദ്യം ചെയ്‌ത് കെജ്‌രിവാള്‍ നല്‍കിയ ഹർജി ഏപ്രിൽ 9 ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് വിധിയെ ചോദ്യം ചെയ്‌ത് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി വസതിയിലെത്തി അറസ്‌റ്റ് ചെയ്യുന്നത്. ഏപ്രിൽ 1 ന് വിചാരണ കോടതി കെജ്‌രിവാളിന്‍റെ കസ്‌റ്റഡി കാലാവധി ഏപ്രിൽ 15 വരെ നീട്ടുകയായിരുന്നു.
രാജ്യത്തെ ജനാധിപത്യം, നീതിയുക്തമായ തെരഞ്ഞെടുപ്പ്, ലെവൽ പ്ലേ ഫീൽഡ് എന്നിവയുൾപ്പെടെ ഭരണഘടന നല്‍കുന്ന അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് തന്‍റെ അറസ്‌റ്റ് എന്നാണ് കെജ്‌രിവാള്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഹര്‍ജിയെ എതിര്‍ത്ത ഇഡി, കെജ്‌രിവാളിനും ആം ആദ്‌മിക്കും നിയമം ഒരുപോലെ ബാധകമാണെന്നും തെരഞ്ഞെടുപ്പിന്‍റെ പേരില്‍ അറസ്‌റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് അവകാശപ്പെടാന്‍ ആവില്ലെന്നും വാദിച്ചു.