ജയ്‌പൂർ : ജയ്‌പൂർ വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്‌ക്രീനിങ്ങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സിഐഎസ്എഫ് ജവാനെ മർദിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി. ജീവനക്കാരിയെ അറസ്റ്റ് ചെയ്‌തതായി പൊലീസും സിഐഎസ്എഫും അറിയിച്ചു.
സംഭവം ഇങ്ങനെ : എയർലൈനിലെ ഫുഡ് സൂപ്പർവൈസറായ അനുരാധ റാണി പുലർച്ചെ 4 മണിയോടെ വാഹന ഗേറ്റിലൂടെ മറ്റ് ജീവനക്കാർക്കൊപ്പം വിമാനത്താവളത്തിലേക്ക് പ്രവേശിക്കുകായിരുന്നു. ആ ഗേറ്റ് ഉപയോഗിക്കാൻ ജീവനക്കാരിക്ക് അനുമതിയില്ലാത്തതിനാൽ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ ഗിരിരാജ് പ്രസാദ് ഇവരെ തടഞ്ഞു. തുടർന്ന് എയർലൈൻ ജീവനക്കാർക്കായുള്ള പ്രവേശന കവാടത്തിൽ സ്‌ക്രീനിങ്ങിന് വിധേയയാകാൻ ഇവരോട് ആവശ്യപ്പെട്ടു.
എന്നാൽ ഈ സമയത്ത് വനിത സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷ പരിശോധനയ്‌ക്കായി എഎസ്ഐ ഒരു വനിത സഹപ്രവർത്തകയെ വിളിച്ചെങ്കിലും ഇതിനിടയില്‍ തർക്കം രൂക്ഷമാവുകയും സ്‌പൈസ് ജെറ്റ് ജീവനക്കാരി എഎസ്ഐയെ തല്ലുകയുമായിരുന്നു എന്ന് ജയ്‌പൂർ വിമാനത്താവള എസ്എച്ച്ഒ റാൽ ലാൽ മാധ്യമങ്ങളോട് പറഞ്ഞു.
ഫുഡ് സൂപ്പർവൈസർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 121 (1) (പൊതുപ്രവർത്തകനെ ചുമതലയിൽ നിന്ന് പിന്തിരിപ്പിക്കാന്‍ സ്വമേധയാ മുറിവേൽപ്പിക്കുക), 132 (പൊതുപ്രവർത്തകനെ ആക്രമിക്കല്‍) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. എഎസ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനുരാധ റാണിയെ അറസ്റ്റ് ചെയ്‌തതായും അന്വേഷണം നടത്തിവരികയാണെന്നും എസ്എച്ച്ഒ അറിയിച്ചു.
Also Read : വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; കേസെടുത്തു - aeroplane emergency door