കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ് ഒഴിവാക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനത്തെ പിന്തുണച്ച് ശശി തരൂർ എംപി (Shashi Tharoor MP). പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണെന്ന് അവകാശപ്പെട്ട ഒരു പരിപാടിയിൽ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തിരുന്നു എങ്കിൽ അത് ബിജെപിയെ പിന്തുണക്കുന്ന റോളിലേക്ക് അവരെ തരംതാഴ്‌ത്താൻ കഴിയുമായിരുന്നെന്ന് കോൺഗ്രസ് എംപി വ്യക്തമാക്കി. പൊതുതെരഞ്ഞെടുപ്പിന് ശേഷം അയോധ്യയിലെ എല്ലാ രാഷ്‌ട്രീയ ശ്രദ്ധയും ഒഴിയുമ്പോൾ ക്ഷേത്രം സന്ദർശിക്കാനും ശശി തരൂർ എംപി സന്നദ്ധത പ്രകടിപ്പിച്ചു.
"കോൺഗ്രസിൻ്റെ നിലപാട് വളരെ വ്യക്തമാണ്. കോൺഗ്രസിൽ അംഗങ്ങൾക്ക് അവരവരുടെ മതവും മതവിശ്വാസവും ഉണ്ടായിരിക്കാൻ സ്വാതന്ത്ര്യമുണ്ട്. എല്ലാവരുടെയും മതത്തെ പാർട്ടി ബഹുമാനിക്കുന്നു. ഞാൻ ക്ഷേത്ര ദർശനം നടത്തുന്നത് പ്രാർഥിക്കാനാണ്, അല്ലാതെ രാഷ്‌ട്രീയ പരിപാടികൾക്കല്ല" - ശശി തരൂർ പറഞ്ഞു.
'പ്രധാന മന്തിയുടെ നേതൃത്വത്തിലുള്ള ഈ പ്രത്യേക പരിപാടി (രാമക്ഷേത്ര പ്രതിഷ്‌ഠ - Ayodhya Ram Mandir consecration) പ്രധാനമായും പ്രതിപക്ഷ ക്ഷണിതാക്കളെ ഒരുതരം സപ്പോർട്ടിംഗ് റോളിലേക്ക് തരംതാഴ്ത്താനുള്ളതാണ്. കോൺഗ്രസിന് അത്തരമൊരു പിന്തുണാ പങ്ക് വഹിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല'- അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാമൻ്റെയോ ഹിന്ദു ദൈവങ്ങളുടെയോ കുത്തക ബിജെപിക്കില്ലെന്ന് ജനങ്ങൾ മനസിലാക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്കുള്ള ക്ഷണം 'ആദരപൂർവം' നിരസിച്ചിരുന്നു.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം രാമക്ഷേത്രം സന്ദർശിക്കുമെന്ന് ശശി തരൂർ എംപി നേരത്തെയും വ്യക്തമാക്കിയിരുന്നു. നിർമാണം പൂർത്തിയാകാത്ത ക്ഷേത്രത്തിൽ പ്രതിഷ്‌ഠ ചടങ്ങ് നടത്തുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഹിന്ദുക്കൾ പ്രതിഷ്‌ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയ തരൂർ കോൺഗ്രസിനുള്ളിൽ ഹിന്ദു വിശ്വാസികളുണ്ടെന്നും പറഞ്ഞിരുന്നു.
പുരോഹിതരല്ല മറിച്ച് പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകിയതെന്ന് പറഞ്ഞ അദ്ദേഹം അതിലെ രാഷ്ട്രീയാർഥം കാണണമെന്നും പറഞ്ഞു. ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് പറഞ്ഞുനടക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തരൂർ കുറ്റപ്പെടുത്തി. അവരുടെ ഉദ്ദേശ്യം എപ്പോഴും രാഷ്ട്രീയമാണെന്നും തരൂർ വ്യക്തമാക്കിയിരുന്നു. ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് ചടങ്ങ് നടത്തിയതെന്നും ശശി തരൂർ എംപി ചൂണ്ടിക്കാട്ടിയിരുന്നു.