പൂനെ (മഹാരാഷ്‌ട്ര) : മെയ് 19 ന് പൂനെയിൽ 17 കാരൻ ഓടിച്ച പോര്‍ഷെ കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ അപകടം ഡിജിറ്റലായി പുനര്‍സൃഷ്‌ടിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അപകടം പുനര്‍സൃഷ്‌ടിക്കുന്നത്.
അപകടം നടന്ന സ്ഥലം, അവിടെ ഉണ്ടായിരുന്ന വസ്‌തുക്കള്‍ അടക്കം ഡിജിറ്റലായി രൂപകല്‍പന ചെയ്‌തുകൊണ്ടാകും അപകടത്തിന്‍റെ പുനര്‍സൃഷ്‌ടി. ഇതിനായി ഉപയോഗിക്കുന്ന എഐ അടിസ്ഥാനപ്പെടുത്തിയുള്ള സോഫ്‌റ്റ്‌വെയറില്‍ മുഴുവന്‍ ഇന്‍പുട്ടുകളും സൈബര്‍ വിദഗ്‌ധര്‍ ഉള്‍പ്പെടുത്തുമെന്ന് പൂനെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
'വാഹനങ്ങളുടെ സഞ്ചാരം, റോഡിലെ ആളുകളുടെ എണ്ണം, പോർഷെയുടെ വേഗത, മറ്റ് ഘടകങ്ങൾ എന്നിവ അപകടത്തിന്‍റെ പുനർസൃഷ്‌ടിയില്‍ പരിഗണിക്കും. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല. ഫോറൻസിക് വിഭാഗത്തിൽ നിന്നുള്ള വിവരങ്ങളും ഉൾപ്പെടുത്തും' -ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവിനെതിരെ വിവിധ കേസുകളിലായി പൂനെ പൊലീസിന് മൂന്ന് വ്യത്യസ്‌ത പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഇന്നലെ രാവിലെ പൂനെ പൊലീസ് കമ്മിഷണർ (സിപി) അമിതേഷ് കുമാറിനെ വിളിച്ച് കേസിന്‍റെ വിശദീകരണം തേടി.
രക്തസാമ്പിളില്‍ കൃത്രിമം നടത്തിയ കേസിൽ സാസൂൺ ഹോസ്‌പിറ്റലിലെ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്‌മെന്‍റ് തലവനും (എച്ച്ഒഡി) രക്തസാമ്പിളുകൾ മാറ്റി വാങ്ങുന്നതിൽ പങ്കുവഹിക്കുകയും ചെയ്‌ത ഡോ അജയ് തവാരെ ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ചിന്‍റെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുന്നില്ല. ആരുടെ നിര്‍ദേശ പ്രകാരമാണ് രക്തസാമ്പിളില്‍ കൃത്രിമം കാണിക്കാൻ സമ്മതിച്ചത്, പ്രതിഫലം പണമാണോ സ്വത്താണോ എന്നതടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.