ഹൈദരാബാദ് : വനിത ഹെഡ് കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്‌ത കേസില്‍ എസ്ഐയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ജയശങ്കർ ഭൂപാലപള്ളി ജില്ലയിലെ മഹാദേവപൂർ മണ്ഡലത്തിലെ കലേശ്വരം എസ്ഐ ഭവാനി സെന്നിനെതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ ഇതിന് മുന്‍പും ബലാത്സംഗ കേസുകളുണ്ട്.
സമൂഹത്തെ സംരക്ഷിക്കേണ്ട എസ്ഐ, മുമ്പും സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ തെലങ്കാന സർക്കാർ ഇത് ഗൗരവമായി എടുക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. കലേശ്വരം ലക്ഷ്‌മി പമ്പ്ഹൗസിന് സമീപം, പഴയ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനുവദിച്ച മുറിയിലാണ് എസ്‌ഐ താമസിച്ചുവരുന്നത്.
ഈ മാസം 15 ന് ലേഡി ഹെഡ് കോൺസ്റ്റബിൾ ഡ്യൂട്ടി പൂർത്തിയാക്കി രാത്രി 10 മണിയോടെ മുറിയിലെത്തി. ഇതേ കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ താമസിക്കുന്ന ഭവാനി സെൻ രാത്രി ഒരു മണി പിന്നിട്ടതോടെ ജനൽ പൊളിച്ച് മുറിയിൽ കയറി. തുടര്‍ന്ന് അവര്‍ എതിർത്തപ്പോൾ സർവീസ് റിവോൾവർ കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇവര്‍ ചൊവ്വാഴ്‌ച (ജൂണ്‍ 18) ഉന്നത അധികാരികൾക്ക് പരാതി നൽകിയതിനെ തുടര്‍ന്ന് ഭവാനി സെന്നിനെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. 20 ദിവസം മുമ്പ് വഴുതി വീണെന്ന് പറഞ്ഞ് എസ്ഐ യുവതിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
എസ്‌പി കിരൺ ഖരെ എസ്‌ഡിപിഒ സമ്പത്ത് റാവുവിനൊപ്പം സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. എസ്ഐയിൽ നിന്ന് സർവീസ് റിവോൾവർ പിടിച്ചെടുത്ത പൊലീസ് ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.30 ന് ഭവാനി സെന്നിനെ അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച രാവിലെയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്‌ത ശേഷം കരിംനഗർ ജയിലിലേക്ക് മാറ്റി.
ബുധനാഴ്‌ചയാണ് എസ്ഐ ഭവാനി സെന്നിനെ സർവീസിൽ നിന്ന് നീക്കി മൾട്ടിസോൺ-1 ഐജി എവി രംഗനാഥ് ഉത്തരവിറക്കിയത്. 2022 ജൂലൈയിൽ ഭവാനി സെൻ ആസിഫാബാദ് ജില്ലയിലെ റെബ്ബെന എസ്ഐ ആയിരിക്കെ ഒരു സ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ കേസില്‍ അന്ന് ഇയാളെ സസ്‌പെൻഡും ചെയ്‌തിരുന്നു.
നേരത്തെ മറ്റ് മൂന്ന് വനിത കോൺസ്റ്റബിൾമാരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിലും ഇയാൾ പ്രതിയാണ്. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിൽ ആർട്ടിക്കിൾ 311 പ്രകാരം ഭവാനി സെന്നിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി ഐജി വ്യക്തമാക്കി. വനിത പൊലീസുകാരിക്കെതിരായ ലൈംഗികാതിക്രമത്തെ അപലപിച്ച ഐടി -വ്യവസായ മന്ത്രി ദദ്ദില്ല ശ്രീധർ ബാബു സർക്കാർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.