അയോധ്യ (ഉത്തർപ്രദേശ്) : രാമനവമി ആഘോഷമാക്കി അയോധ്യ രാമക്ഷേത്രം. ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായി രാംലല്ല പ്രതിഷ്‌ഠയുടെ നെറ്റിയില്‍ സൂര്യരശ്‌മികള്‍ പതിപ്പിക്കുന്ന സൂര്യാഭിഷേകം നടന്നു. അനേകായിരം ഭക്തരാണ് പ്രാണപ്രതിഷ്‌ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിനായി രാമജന്മഭൂമിയിലെത്തിയത്.
കണ്ണാടികളും ലെൻസുകളും വച്ച് സജ്ജീകരിച്ച പ്രത്യേക സംവിധാനത്തിലൂടെയാണ് രാംലല്ല പ്രതിഷ്‌ഠയിൽ സൂര്യാഭിഷേകം നടത്തിയത്. എല്ലാ വർഷവും ചൈത്രമാസത്തിലെ രാമനവമി ദിനത്തിൽ ഉച്ചയ്‌ക്ക് രാംലല്ല പ്രതിഷ്‌ഠയുടെ നെറ്റിയില്‍ സൂര്യരശ്‌മികള്‍ പതിപ്പിച്ച് അഭിഷേകം നടത്തുന്നതാണ് സൂര്യാഭിഷേകമെന്ന് സൂര്യാഭിഷേകത്തിനായി പ്രത്യേക സംവിധാനമൊരുക്കിയ ശാസ്ത്രജ്ഞനായ ഡോ. എസ് കെ പാനിഗ്രഹി പറഞ്ഞു.
ഇന്നലെ രാത്രിയോടെ ഭക്തജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ സജ്ജീകരണങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യയില്‍ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ 3.30നാണ് രാമക്ഷേത്രത്തിൽ ദർശനം ആരംഭിച്ചത്. അയോധ്യയിലെ സരയു നദിയിൽ മുങ്ങിക്കുളിച്ച ശേഷമാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.
രാവിലെ രാമന്‍റെ പ്രതിഷ്‌ഠയിൽ ദിവ്യാഭിഷേകം നടത്തിയതായി ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. രാമനവമി ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് ദർശന സമയം നീട്ടിയതായും, വിഐപി സന്ദർശനത്തിന് ലഭിക്കുന്ന പ്രത്യേക പരിഗണന ഇന്ന് ലഭിക്കില്ലെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് ശേഷമുള്ള ആദ്യത്തെ രാമനവമിയാണെന്നും കോടിക്കണക്കിന് ഇന്ത്യക്കാർ കാത്തിരിക്കുന്ന ഈ ദിവസം, ഈ തലനമുറയുടെ തന്നെ നാഴികക്കല്ലാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.