കർണാടക: പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസംഗങ്ങളിലൂടെ തന്‍റെ പദവിയുടെ അന്തസ് കെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. രാജ്യത്തിൻ്റെ രാഷ്ട്രീയം തിരുത്താൻ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ണാടകയിലെ ദാവൻഗെരെയില്‍ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ മോദിയെയും പ്രിയങ്ക വിമര്‍ശിച്ചു. 'ഈ രാജ്യം പ്രധാനമന്ത്രിയെ തെഞ്ഞെടുക്കുന്നതില്‍ നല്ലൊരു പാരമ്പര്യമുണ്ടായിരുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്‌ത്രി തുടങ്ങിയ നിരവധി ഇതിഹാസങ്ങൾ രാജ്യത്തിൻ്റെ പ്രധാനമന്ത്രിമാരായിട്ടുണ്ട്. രണ്ട് പ്രധാനമന്ത്രിമാർ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചു. നിങ്ങൾ തെരഞ്ഞെടുക്കുന്ന പ്രധാനമന്ത്രിയോട് നിങ്ങൾക്ക് പൂർണ്ണ ബഹുമാനം ഉണ്ടായിരിക്കും. വഹിക്കുന്ന പദവിയുടെ അന്തസ് അദ്ദേഹം നിലനിർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.'- പ്രിയങ്ക ഗാന്ധി പറഞ്ഞു.
'എന്നാൽ ഇന്ന്, നിരവധി സ്‌ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌ത ഒരു നേതാവിനൊപ്പം നമ്മുടെ പ്രധാനമന്ത്രി വേദി പങ്കിടുന്നു, അദ്ദേഹത്തിൻ്റെ പേരിൽ വോട്ട് ചോദിക്കുന്നു. വസ്‌തുതകൾ പുറത്ത് വരുമ്പോൾ പ്രതി രാജ്യം വിട്ട് രക്ഷപ്പെടുന്നു. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഇതൊന്നും അറിയുന്നില്ല. അവർ ഒന്നും അറിയാത്തത് പോലെ ജനങ്ങളുടെ മുന്നിൽ സംസാരിക്കുന്നു. ആരാണെന്നും എവിടെയാണെന്നും, എവിടേക്ക് പോകുന്നു എന്നുമെല്ലാം അവർക്ക് അറിയാം. പക്ഷേ ഈ നേതാവ് രക്ഷപ്പെട്ടത് മാത്രം അവർക്കറിയില്ല'- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഒരു വശത്ത് സ്‌ത്രീകളെ സ്വയം പര്യാപ്‌തരാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ബിജെപി മറുവശത്ത് സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യം ചെയ്യുന്നവരുടെ പക്ഷത്താണ് നിലകൊള്ളുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കുന്ന വൻകിട കോടീശ്വരന്മാരുമായി ബിജെപിക്ക് നല്ല ബന്ധം ഉണ്ടെന്നും ഇത് വഴി സത്യം ജനങ്ങളെ കാണിക്കാതിരിക്കാൻ അവർക്ക് സാധിക്കുന്നുണ്ടെന്നും പ്രിയങ്ക ഗന്ധി ചൂണ്ടിക്കാട്ടി.
മോദിക്കും ബിജെപിക്കുമെതിരെ ശബ്‌ദം ഉയർത്തുന്നവരുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്താനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. നമ്മുടെ ചരിത്രത്തിലാദ്യമായി രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ കിടക്കുകയാണ് എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ദാവൻഗെരെ ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ പ്രിയങ്ക ഗാന്ധിക്ക് പുറമേ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാലയും പങ്കെടുത്തു. മെയ് 7 ന് ആണ് ദാവൻഗെരെയില്‍ വോട്ടെടുപ്പ് നടക്കുക.
Also Read : രാജ്യത്തെ ഉള്ളി കയറ്റുമതി നിരോധനം നീക്കി; മിനിമം കയറ്റുമതി വില ടണ്ണിന് 550 ഡോളർ - Onion Export Ban Lifted