'അമേഠി കാ ടങ്കാ ബേട്ടി പ്രിയങ്ക' (അമേഠിയുടെ വിജയപുത്രി പ്രിയങ്ക), 2000 ങ്ങളുടെ തുടക്കത്തിൽ സോണിയ ഗാന്ധിയുടെ പ്രചാരണ വേദികളിൽ, കോൺഗ്രസിന്‍റെ അചഞ്ചല മണ്ഡലമെന്ന് കരുതി പോന്നിരുന്ന അമേഠിയിൽ ഉയർന്നു കേട്ടിരുന്ന മുദ്രാവാക്യമായിരുന്നു ഇത്. അണികളും നേതൃത്വവും ഭാവി നേതാവെന്ന നിലയിൽ പ്രിയങ്കയിൽ വിശ്വാസമർപ്പിച്ചിരുന്നെങ്കിലും മത്സരരംഗത്തേക്കില്ലെന്ന കടുത്ത നിലപാടായിരുന്നു പ്രിയങ്കക്കെന്നും.
അതേ പ്രിയങ്ക ഇന്ന് കന്നിയങ്കം ജയിച്ച് ചരിത്രഭൂരിപക്ഷത്തോടെ ഇന്ത്യൻ പാർലമെന്‍റിലേക്ക് നടന്നു കയറുന്നത് രാജീവ് ഗാന്ധി മുതൽ രാഹുൽ ഗാന്ധി വരെ നിരവധി നേതാക്കള്‍ക്ക് വേണ്ടി നടത്തിയ 35 വർഷത്തെ പ്രചരണത്തിന്‍റെ കരുത്തുകൊണ്ടാണ്. പിതാവിന് വേണ്ടി പ്രചാരണത്തിനിറങ്ങി രാഷ്‌ട്രീയത്തിലേക്ക് കാൽവെച്ച കൗമാരക്കാരി പെണ്‍കുട്ടിക്ക് പിന്നീട് അമ്മക്ക് വേണ്ടിയും സഹോദരന് വേണ്ടിയും പ്രചാരണം നടത്താനുള്ള അപൂർവ ഭാഗ്യം ലഭിച്ചു.
പ്രചരണത്തിനിറങ്ങിയ 35 വർഷങ്ങള്‍
അതുകൊണ്ട് തന്നെ വയനാടിന്‍റെ മകളായി പ്രിയങ്ക തന്‍റെ ആദ്യ അങ്കത്തിനിറങ്ങുമ്പോൾ ഒരു തുടക്കകാരിയുടെ ശരീര ഭാഷ അല്ലായിരുന്നു പ്രിയങ്കയുടേത്. രാജീവ് ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിച്ചിറങ്ങിയ 17 വയസുകാരി പിന്നീട് അമ്മ സോണിയാ ഗാന്ധിയുടെയും സഹോദരൻ രാഹുൽ ഗാന്ധിയുടെയും പ്രചാരണ വേദികളിൽ നിറസാന്നിധ്യമായി. പല പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികളിലും സജീവമായി പങ്കെടുത്തു.
1999 ൽ സോണിയാ ഗാന്ധി ആദ്യമായി മത്സര രംഗത്തേക്കിറങ്ങുമ്പോഴും പ്രിയങ്ക ആയിരുന്നു പ്രചാരണ വേദികളിലെ താരം. അന്ന് പ്രിയങ്കയ്ക്ക് 26 വയസ്. 1998-ലെ ശ്രീപെരുമ്പത്തൂർ റാലിയിലും താര സാന്നിധ്യമായിരുന്നു പ്രിയങ്ക ഗാന്ധി. അന്നെല്ലാം അണികളും നേതൃത്വവും ഒരുപോലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രിയങ്കക്ക് മേൽ പ്രതീക്ഷ വെച്ചെങ്കിലും 2004 ലെ തെരഞ്ഞെടുപ്പിലും പ്രിയങ്ക തിരശീലക്ക് പുറകിലെ കാലാളായി.
ഇരട്ട-കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ അമേഠിയിലും റായ്ബറേലിയിലും പതിവ് സന്ദർശകയായിരുന്നു പ്രിയങ്കയെങ്കിലും രാഹുൽ ഗാന്ധിയായിരുന്നു 2004 ൽ അമേഠിയിൽ സ്ഥാനാർഥിയായത്. എന്നിരുന്നാലും രാഹുലിന് വേണ്ടി വോട്ട് ചോദിച്ചെത്തിയ പ്രിയങ്ക തന്‍റെ ആവേശോജ്ജ്വല പ്രതിച്ഛായ കെടാതെ കാത്തുസൂക്ഷിച്ചു.
2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോൺഗ്രസിൻ്റെ ശ്രമങ്ങൾക്ക് പ്രിയങ്ക ഗാന്ധി സജീവമായി നേതൃത്വം നൽകി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളമുള്ള നിരവധി പൊതുജനസമ്പർക്ക പരിപാടികൾക്ക് അവർ മേൽനോട്ടം വഹിച്ചു. 2024 ലാണ് പിന്നീട് മത്സര രാഷ്‌ട്രീയത്തിലേക്കെന്ന സുപ്രധാന തീരുമാനം പ്രിയങ്ക എടുക്കുന്നത്. പക്ഷേ കോൺഗ്രസ് ദേശീയ നേതാക്കളുടെ സ്ഥിരം തട്ടകമായ വടക്കൻ ഇന്ത്യയിലല്ലായിരുന്നു ഉരുക്കുവനിത ഇന്ദിര ഗാന്ധിയുടെ കൊച്ചുമകൾക്ക് വേണ്ടി ഇന്ത്യൻ രാഷ്ട്രീയം പാർലമെന്‍റ് കസേര ഒഴിച്ചിട്ടിരുന്നത്.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ജയിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി സീറ്റ് ഒഴിഞ്ഞതോടെ മൂന്ന് തെക്കന്‍ സംസ്ഥാനങ്ങളുമായി അതിർഥി പങ്കിടുന്ന വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് നറുക്ക് പിന്നീട് വീണു. സൗത്ത് ഇന്ത്യയിൽ കോൺഗ്രസിന്‍റെ നേതൃത്വം ശക്തിപ്പെടുത്താനായിരിക്കണം കോൺഗ്രസ് തങ്ങളുടെ ഉറച്ച സീറ്റെന്നവകാശപ്പെടുന്ന വയനാട്ടിലും ഗാന്ധി കുടുംബത്തിൽ നിന്നും തന്നെ സ്ഥാനാർഥിയെ നിർത്തിയതെന്നാണ് വിലയിരുത്തൽ.
എന്തായാലും രാഹുൽ കളമൊഴിഞ്ഞതോടെ പ്രിയങ്ക കളം നിറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ താരപരിവേഷം തെരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും റോഡ് ഷോകളിലും ഉടനീളം പ്രകടമായിരുന്നു.
കരുത്തുറ്റ നേതൃത്വം
ഇതിന് മുൻപ് 2019 ൽ എഐസിസി ജനറൽ സെക്രട്ടറി ആയത് ഒഴികെ സുപ്രധാന സ്ഥാനങ്ങളൊന്നും പ്രിയങ്ക വഹിച്ചിട്ടില്ലെങ്കിലും പാർട്ടിയെ പല അസന്നിഗ്‌ധ ഘട്ടങ്ങളിലും താങ്ങി നിർത്തിയത് പ്രിയങ്ക ഗാന്ധിയായിരുന്നു. ഒരു സമയത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ചോദ്യം ചെയ്യപ്പെട്ടപ്പോൾ ബദലായി പ്രിയങ്കയുടെ പേര് ഉയർന്നു വരാൻ കാരണവും അവരുടെ മികച്ച നേതൃപാടവുമായിരുന്നു.
കോൺഗ്രസിൻ്റെ പ്രധാന മധ്യസ്ഥനും ട്രബിൾ ഷൂട്ടറും ആയിരുന്ന സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി അഹമ്മദ് പട്ടേലിൻ്റെ മരണത്തെത്തുടർന്ന് പ്രിയങ്ക ആ ശൂന്യത വളരെ കാര്യക്ഷമമായി നികത്തി. 2022-ഓടെ പല സംസ്ഥാനങ്ങളിലും രൂപപ്പെട്ട വിഭാഗീയതയും വിമത നേതാക്കളിൽ നിന്നുള്ള വിമർശനവും മൂലം പാർട്ടി പ്രക്ഷുബ്‌ധമായപ്പോഴും പ്രിയങ്കയിലെ കരുത്തുറ്റ നേതാവിനെ പാർട്ടി കണ്ടു. രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, ഹിമാചൽ പ്രദേശ് സർക്കാരുകളെല്ലാം വെട്ടിലായപ്പോഴും പ്രശ്‌ന പരിഹാരത്തിന് ചുക്കാൻ പിടിച്ച പ്രധാന നേതാക്കളിലൊരാൾ പ്രിയങ്ക ആയിരുന്നു.
ആറ് കോൺഗ്രസ് എംഎൽഎമാർ ഉയർത്തി വിട്ട പാർട്ടിക്കുള്ളിലെ കലാപത്തെത്തുടർന്ന് വിക്രമാദിത്യ സിങ് ഹിമാചൽ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ, സ്ഥിതിഗതികളെക്കുറിച്ച് പ്രിയങ്കാ ഗാന്ധിയുമായി സംസാരിച്ചതായി അദ്ദേഹം പരാമർശിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചർച്ചകൾക്ക് ശേഷം രാജി തീരുമാനത്തിൽ നിന്നും അദ്ദേഹം പിന്മാറുകയുണ്ടായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള സീറ്റ് വിഭജന തർക്കങ്ങൾ പരിഹരിക്കാനും പ്രിയങ്ക മുന്നിൽ നിന്നു. 2022 ൽ രാജസ്ഥാനിൽ അശോക് ഗെലോട്ട്-സച്ചിൻ പൈലറ്റ് നോ-ഹോൾഡ്-ബാർഡ് വൈരാഗ്യം തീർത്തു എന്ന ബഹുമതിയും പ്രിയങ്കാ ഗാന്ധിക്കുണ്ട്.
എന്തായാലും 17 വയസിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം 52-ാം വയസിൽ പാർലമെന്‍റിലേക്ക് ആദ്യമായി കാലെടുത്ത് വെക്കുമ്പോൾ ജനാധിപത്യ മതേതര ഇന്ത്യക്ക് പ്രതീക്ഷിക്കാനേറെയുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസും ഗാന്ധി കുടുംബവും തങ്ങളുടെ ലെഗസി നിലനിർത്താനുള്ള ചരിത്ര പോരാട്ടം നടത്തുമ്പോഴാണ് പ്രിയങ്കയുടെ പാർലമെന്‍റ് എൻട്രി എന്നതും ശ്രദ്ധേയമാണ്.