ഹൈദരാബാദ്: സ്ഥിരം മോഷ്‌ടാക്കളായ രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌ത് തെലങ്കാന പൊലീസ്. ശങ്കര്‍ നായിക് (31), കൂട്ടാളി ബി രാകേഷ് (21) എന്നിവരെയാണ് സെൻട്രൽ സോൺ ടാസ്‌ക് ഫോഴ്‌സ് ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. 6.70 ലക്ഷം രൂപയുടെ സ്വർണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ കേസിലാണ് നിരന്തരമായ നിരീക്ഷണത്തിലൂടെ ഇവരെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. മോഷണമുതല്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ശങ്കർ നായിക്ക് കുട്ടിക്കാലം മുതലേ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നു. പലതവണ ജയിലിൽ കിടന്നിട്ടുമുണ്ട്. പിഡി ആക്‌ട് ചുമത്തിയിട്ടും അയാള്‍ മോഷണം നിർത്താന്‍ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് നിലവില്‍ 81 മോഷണക്കേസുകളിൽ പ്രതിയാണ് ഇയാള്‍. 2012ൽ വധശ്രമക്കേസിൽ ജയിലിൽ കിടന്ന ഇയാൾ പുറത്തിറങ്ങിയ ശേഷം മദ്യത്തിനും കഞ്ചാവിനും അടിമയാവുകയും പണത്തിനു വേണ്ടി മോഷണം തൊഴിലായി തെരഞ്ഞെടുക്കുകയുമായിരുന്നു.
മോഷണങ്ങളുടെ ഒരു പരമ്പര തന്നെ സംസ്ഥാത്ത് ഇയാള്‍ നടത്തിയിട്ടുണ്ട്. രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങിനടന്ന് പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടുപിടിച്ച് മോഷണം നടത്തുക എന്നതായിരുന്നു ഇയാളുടെ രീതി. മോഷണ വസ്‌തുക്കള്‍ വനസ്ഥലിപുരത്തുളള രാകേഷിന് നല്‍കുകയും അയാള്‍ അത് വില്‍ക്കുകയും ചെയ്യും.
26 മോഷണക്കേസുകളിലെ പ്രതിയാണ് രാകേഷ്. അടുത്തിടെ ജയിൽ മോചിതനായ ഇയാള്‍ ശങ്കര്‍ നായിക്കുമായി ഒന്നിക്കുകയായിരുന്നു. സെൻട്രൽ സോൺ ടാസ്‌ക് ഫോഴ്‌സ് ഇൻസ്‌പെക്‌ടർ എൻ രാമകൃഷ്‌ണ, എസ്ഐ ഡി ശ്രീകാന്ത് ഗൗഡ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.