കോലാപൂർ : പ്രതിപക്ഷ സഖ്യം ഓരോ വർഷവും പ്രധാനമന്ത്രി ആക്കേണ്ടവരെ പറ്റിയുള്ള ആലോചനയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ ശിവസേനയായ ഉദ്ധവ് താക്കറെ വിഭാഗവും ഇവരുമായി തോളോട് തോൾ ചേർന്ന് നടക്കുകയാണെന്നും മോദി വിമര്‍ശിച്ചു. മഹാരാഷ്‌ട്രയിലെ കോലാപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'സർക്കാർ രൂപീകരിച്ചാൽ സിഎഎ റദ്ദാക്കുമെന്ന് കോൺഗ്രസും ഇന്ത്യ സഖ്യവും പറയുന്നു. ഇത് ചെയ്യാൻ രാജ്യം അവരെ അനുവദിക്കുമോ? അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അവർ അഭിമുഖീകരിക്കേണ്ടതെന്താണെന്ന് അവർക്ക് അറിയാമോ? ലോക്‌സഭ സീറ്റുകളില്‍ മൂന്ന് അക്കം കാണാന്‍ പോലും അവര്‍ക്കാകില്ല. സർക്കാർ രൂപീകരണത്തിന്‍റെ പടിവാതിൽക്കൽ പോലും ഇന്ത്യ സഖ്യത്തിന് എത്താൻ കഴിയില്ല.
ഒരുവര്‍ഷം ഒരു പ്രധാനമന്ത്രി (ഏക് സാൽ, ഏക് പിഎം) എന്നതാണ് അവരുടെ ഫോര്‍മുല. അവർ 5 വർഷം അധികാരത്തിൽ തുടർന്നാൽ 5 പ്രധാനമന്ത്രി.'- മോദി പറഞ്ഞു. കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും ദേശീയ വിരുദ്ധത, വിദ്വേഷ രാഷ്ട്രീയം എന്നീ രണ്ട് ലക്ഷ്യങ്ങളാണുള്ളതെന്നും മോദി ആരോപിച്ചു.
മഹാരാഷ്‌ട്രയില്‍ ഇന്ത്യ മുന്നണി സീറ്റ് ധാരണ പ്രകാരം ശിവസേന (യുബിടി) 21 സീറ്റുകളിലും കോൺഗ്രസ് 17 സീറ്റുകളിലുമാണ് മത്സരിക്കുക. നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എസ്‌പി) 10 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തും.